നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഭക്തിഗാനം ക്ഷേത്രത്തില്‍ ആലപിച്ചതിൽ വിവാദം തുടരുന്നതിനിടെ ഭജൻസിനെ പിന്തുണച്ച് ക്ഷേത്രം ഭാരവാഹികൾ. നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം പാടിയ കോട്ടയം നട്ടാശ്ശേരി വേമ്പിൻകുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രം ഭാരവാഹികളാണ് ഫെയ്സ്ബുക് പോസ്റ്റിലൂടെ വിവാദത്തിൽ വിശദീകരണം നൽകിയത്.
നന്ദഗോവിന്ദം ഭജൻസ് കഴിഞ്ഞ പതിനാലാം തീയതി സൗജന്യമായി ക്ഷേത്രത്തിന് വേണ്ടി നടത്തിയ പരിപാടിയാണ് വിവാദത്തിലായത്. ക്ഷേത്ര പുനർനിർമാണത്തിന് ഒരു പ്രചാരണമെന്ന രീതിയിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. പരിപാടി നടന്നത് ക്ഷേത്ര മതിൽക്കെട്ടിനകത്തല്ല. അതിനുള്ളിൽ സ്ഥലമില്ലാതിരുന്നത് കൊണ്ട് വെളിയിൽ ഒരു സ്ഥലം അതിനു വേണ്ടി ഒരുക്കിയിരുന്നെന്നും ക്ഷേത്രം ഭരണസമിതി വ്യക്തമാക്കി.
'നാട്ടിലുള്ള എല്ലാ വിഭാഗം ജനങ്ങളും സഹകരിച്ചാണ് പരിപാടി നടത്തിയത്. നന്ദഗോവിന്ദത്തിൻ്റെ സ്വന്തം തട്ടകം, അവർ വളർന്നത് ഇവിടെ നിന്നാണ്, നവീൻ എൽകെജി മുതൽ പഠിച്ചത് ഇവിടത്തെ പള്ളി സ്കൂളിലാണ്, പഠിപ്പിച്ചത് എല്ലാ വിഭാഗത്തിലുമുള്ള ടീച്ചർമാരുമുണ്ട്. അതിനാൽത്തന്നെ പ്രോഗ്രാം കേൾക്കാൻ ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒരുപോലെ എത്തിയിരുന്നു. ജനബാഹുല്യം കണക്കിലെടുത്ത് ഫ്രീപാസോടെയാണ് പരിപാടി നടത്തിയത്. ഈ നാട്ടിലുള്ള എല്ലാവർക്കും പ്രോഗ്രാം കാണുന്നതിനും കേൾക്കുന്നതിനും ജാതിമതഭേദമന്യേ പാസുകൾ വീട്ടിലെത്തിച്ചിരുന്നു.
ഈ അമ്പലത്തിൽ നടക്കുന്ന എല്ലാ പരിപാടികൾക്കും എല്ലാ മതസ്ഥരും സഹകരിക്കുന്നുണ്ട് ഇവിടത്തെ ദേശവിളക്കിന് നമ്മൾ വിളക്ക് കത്തിക്കുന്നതോടൊപ്പം ക്രിസ്ത്യാനികളും തിരി തെളിക്കാറുണ്ട്. താലപ്പൊലി കടന്നു പോകുമ്പോൾ അവർ വഴിയരിയിൽ തിരി തെളിയുന്നതും എല്ലാം വർഷവും നടക്കുന്നതാണ്. അതാണ് ഈ നാട്ടിലെ സമ്പ്രദായവും. ഈ നാട്ടിലെ ഏകതയും അങ്ങനെയുള്ള ഒരു സ്ഥലത്ത് ഇതുപോലൊരു പരിപാടി നടന്നപ്പോൾ അവിടെ നവീനെ പഠിപ്പിച്ച അധ്യാപകരും അവരുടെ സുഹൃത്തുക്കളും സഹപാഠികളും അവരുടെ വീട്ടുകാരും എല്ലാം ഉണ്ടായിരുന്നു.
അപ്പോൾ അവിടെ അങ്ങനെ ഒരു ഗാനം പാടുന്നതിൽ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു തെറ്റും കണ്ടില്ല അത് ഒരു വലിയ അപരാധമാണെന്ന് ഞങ്ങൾ ഒരിക്കലും വിശ്വസിക്കുന്നില്ല. ഈ ഗ്രാമത്തിലുള്ള എല്ലാവരും വളരെ സൗഹാർദ്ദപരമായി ജീവിക്കുന്നവരാണ് അങ്ങനെയുള്ള ഒരു ദേശത്തെ ഇത്തരത്തിലുള്ള ഒരു വിവാദം ഇളക്കിവിട്ട് നിലവിലുള്ള സൗഹാർദത്തെ എല്ലാവരുംകൂടി തകർക്കരുത് എന്ന് മാത്രമേ ഈ അവസരത്തിൽ പറയാനുള്ളൂ'- ക്ഷേത്രത്തിന്റെ ഫെയ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു.