Hyderabad, May 22 (ANI): Sunrisers Hyderabad's Travis Head and Royal Challengers Bengaluru's Virat Kohli shakes hands after winning the IPL 2026 match against Royal Challengers Bengaluru at Rajiv Gandhi International Stadium, in Hyderabad on Friday. (ANI Photo)
സണ്‍റൈസേഴ്സ് ഹൈദരാബാദുമായുള്ള മല്‍സരത്തിനിടെ ട്രാവിസ് ഹെഡുമായി കോര്‍ത്ത് വിരാട് കോലി. ഹെഡ് എന്തോ പറഞ്ഞതിന് മറുപടിയായി, ' ആ വന്ന് കുറച്ച് പന്തെറിയൂ' എന്നായിരുന്നു കോലിയുടെ പ്രതികരണം. ഇന്നലെ പതിവിലും നേരത്തെ കോലി മടങ്ങിയതോടെ 'ഞാന്‍ പന്തെറിയാന്‍ വരുന്നതിന് മുന്‍പ് തന്നെ നീ പോയല്ലോ കൂട്ടുകാരാ' എന്നായി ഹെഡിന്‍റെ തിരിച്ചടി. കോലിയുടെ നീരസവും പ്രകടമായിരുന്നു.
സണ്‍റൈസേഴ്സിനോട് 55 റണ്‍സിന് പരാജയപ്പെട്ട ആര്‍സിബി, കളിക്കൊടുവില്‍ ഹസ്തദാനത്തിനെത്തിയപ്പോഴാണ് കോലി 'പകരം വീട്ടി'യത്. കൈ നീട്ടി ഹെഡ് അടുത്തേക്ക് എത്തിയെങ്കിലും അങ്ങനെയൊരാളേ ഇല്ലെന്ന മട്ടില്‍ കോലി മുന്നോട്ട് നടന്ന് മറ്റ് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്തു. പാറ്റ് കമിന്‍സിനും കൈ കൊടുത്തു. കോലി തന്നെ അവഗണിച്ച് നീങ്ങുന്നത് കണ്ട് ഹെഡ് അമ്പരന്ന് നില്‍ക്കുന്നതും വിഡിയോയില്‍ കാണാം.
അതേസമയം, കോലിയുടെ ചെയ്തിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. കളിക്കിടെ തര്‍ക്കമുണ്ടായതും വാക്കേറ്റവും സ്വാഭാവികമാണെന്നും എന്നാല്‍ പോസ്റ്റ് മാച്ചിലെ ഹസ്തദാന വിവാദം കോലി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. കോലിയെ പോലെ ഒരാളില്‍ നിന്ന് ഇത്തരം പ്രതികരണം ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും പഠാന്‍ കൂട്ടിച്ചേര്‍ത്തു.
സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 256 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് തുടരെത്തുടരെ വിക്കറ്റുകള്‍ നഷ്ടമായി. തോറ്റെങ്കിലും ആര്‍സിബി തന്നെയാണ് പോയിന്‍റ് പട്ടികയില്‍ ഒന്നാമത്. ഒന്നാം ക്വാളിഫയറില്‍ ആര്‍സിബി ഗുജറാത്തിനെ നേരിടും. ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. ജയിച്ചെങ്കിലും സണ്‍റൈസേഴ്സ് മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. രാജസ്ഥാനോ പഞ്ചാബോ ആകും ക്വാളിഫയറില്‍ സണ്‍റൈസേഴ്സിന്‍റെ എതിരാളികള്‍.