നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ മിന്നും ജയത്തിന് പിന്നാലെ കെപിസിസി ആസ്ഥാനത്തേക്ക് എത്തിയ ബിന്ദുകൃഷ്ണയെ ബലമായി ആലിംഗനം ചെയ്തതില്‍ വിശദീകരണവും ഖേദപ്രകടനവുമായി ചെറിയാന്‍ ഫിലിപ്. തിരഞ്ഞെടുപ്പ് വിജയത്തിന്‍റെ ലഹരിയില്‍ ആണ്‍–പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരെയും താന്‍ സ്നേഹത്തോടെ ആലിംഗനം ചെയ്തതാണെന്നും അനൗചിത്യമുണ്ടായെങ്കില്‍ പൊതുസമൂഹം പൊറുക്കണമെന്നുമാണ് ഫെയ്സ്ബുക്കില്‍ ചെറിയാന്‍ ഫിലിപിന്‍റെ കുറിപ്പ്.
തന്‍റെ പെരുമാറ്റത്തില്‍ ദുരുദ്ദേശമുണ്ടായിരുന്നില്ലെന്ന് ബിന്ദുകൃഷ്ണ പിന്നീട് പറഞ്ഞിരുന്നുവെന്നും എന്നാല്‍ ഒറ്റയാനായി സന്ന്യാസ തുല്യ ജീവിതം നയിക്കുന്ന തന്നെ മാധ്യമങ്ങള്‍ സ്ത്രീലമ്പടനായി ചിത്രീകരിച്ചത് മാനസികമായി തളര്‍ത്തിയെന്നും ദിവസങ്ങളായി തന്‍റെ ഉറക്കം നഷ്ടമായിരുന്നുവെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു.
കുറിപ്പിങ്ങനെ: 'തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എംഎൽഎ മാരെയും സ്നേഹത്തോടെ ആലിംഗനം ചെയ്തത്. ഇതിൽ എന്റെ ഭാഗത്ത് എന്തെങ്കിലും അനൗചിത്യം ഉണ്ടായെങ്കിൽ പൊതു സമൂഹം സദയം പൊറുക്കണം.
പിതൃനിർവിശേഷമായ സ്നേഹ പ്രകടനമാണ് ഞാൻ നടത്തിയതെന്ന് മഹിളാ കോൺഗ്രസ് പ്രസിഡണ്ട് ജെബി മേത്തർ എം.പി അന്നുതന്നെ പറഞ്ഞിരുന്നു. എൻ്റെ പെരുമാറ്റത്തിൽ ഒരു ദുരുദ്ദേശ്യവും ഉണ്ടായിരുന്നില്ലെന്ന് ബിന്ദു കൃഷ്ണയും, തികച്ചും സ്വാഭാവികമായ പ്രവൃത്തി മാത്രമാണെന്ന് ഷാനിമോൾ ഉസ്മാനും പറഞ്ഞിട്ടുണ്ട്. വർഷങ്ങളായി പരിചയമുള്ള ഇവരെല്ലാം എന്റെ കുഞ്ഞനുജത്തിമാരാണ്. ഇന്ന് ഇന്ദിരാ ഭവനിൽ വെച്ച് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ഇവരൊടെല്ലാം ആഹ്ലാദപൂർവ്വം സൗഹൃദം പങ്കുവെച്ചു.
അര നൂറ്റാണ്ടിനു മുമ്പ് രാഷ്ട്രീയ പീഢനത്തിൽ നട്ടെല്ലിനും സുഷുമ്‌നാ കാണ്ഡത്തിനും ക്ഷതമേറ്റതിനെ തുടർന്ന് ക്രമേണ അരയ്ക്കു താഴെയുള്ള നാഡി വ്യവസ്ഥ തകച്ചയിലായി. കാലുകളിലെ പേശികൾ ശോഷിച്ചു. തുടർച്ചയായ ചികിത്സ കൊണ്ടാണ് ഇപ്പോഴും എഴുന്നേറ്റു നടക്കുന്നത്. ഒറ്റയാനായി സന്ന്യാസ സദൃശമായ ജീവിതം നയിക്കുന്ന എന്നെ ഒരു സ്ത്രീലമ്പടനായി ചില സാമൂഹ്യ മാധ്യമങ്ങൾ ചിത്രീകരിച്ചത് മാനസികമായി തളർത്തി. ദിവസങ്ങളായി ഉറക്കം നഷ്ടപ്പെടുത്തി. എനിക്ക് സാന്ത്വനമരുളിയ എന്നെ അറിയാവുന്ന അഭ്യുദയകാംക്ഷികളോട് നന്ദി പറയുന്നു'.
നിര്‍ണായക നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു മന്ത്രി ബിന്ദുകൃഷ്ണയെ ചെറിയാന്‍ ഫിലിപ് ബലമായി ആലിംഗനം ചെയ്യാന്‍ ശ്രമിച്ചത്. തട്ടിമാറ്റിയ ബിന്ദുകൃഷ്ണ മുന്നോട്ട് നടക്കാന്‍ ശ്രമിച്ചുവെങ്കിലും ചെറിയാന്‍ ഫിലിപ് വീണ്ടും ആലിംഗനത്തിന് ശ്രമിക്കുകയായിരുന്നു. ഷാനിമോള്‍ ഉസ്മാനെയും മറ്റ് വനിതാ നേതാക്കളെയും ചെറിയാന്‍ ഫിലിപ് ആലിംഗനം ചെയ്തതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വലിയ വിമര്‍ശനമാണ് ചെറിയാന്‍ ഫിലിപിന്‍റെ ബലപ്രയോഗത്തിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉണ്ടായത്.