പഴയ ചിത്രം (ഇടത്), നീക്കിയ ശേഷമുള്ള സ്ഥിതി (വലത്)

പഴയ ചിത്രം (ഇടത്), നീക്കിയ ശേഷമുള്ള സ്ഥിതി (വലത്)

തളിപ്പറമ്പിലെ നിയുക്ത എംഎല്‍എ ടി.കെ ഗോവിന്ദന്‍റെ ഭാര്യ കെ.പി രമണിയുടെ ചിത്രങ്ങള്‍ മലപ്പട്ടം പഞ്ചായത്ത് ഓഫിസിന്‍റെ ചുമരിൽ നിന്ന് നീക്കി. 2020–25 കാലയളവില്‍ പഞ്ചായത്ത് പ്രസി‍ഡന്‍റായിരുന്ന രമണിയുടെ വികസന പ്രവര്‍ത്തികളുടെ ഡോക്യുമെന്‍റേഷനാണ് സന്ദര്‍ശക മുറിയില്‍ നിന്ന് നീക്കിയത്. ലാമിനേഷന്‍ ചെയ്ത് ഒട്ടിച്ച നൂറോളം ചിത്രങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ടി കെ ഗോവിന്ദന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുത്തതിനെ തുടർന്ന് ശ്രീകണ്ഠാപുരം ഏരിയാ കമ്മിറ്റി അംഗമായിരുന്ന രമണിയെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍റെ ഭാര്യ പി.കെ.ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി വിട്ട ടി.കെ.ഗോവിന്ദന്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയോടെ മല്‍സരിക്കുകയും 12,627 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ ജയിക്കുകയും ചെയ്തിരുന്നു.  പതിറ്റാണ്ടുകളായി പാര്‍ട്ടിക്കോട്ടയായിരുന്ന തളിപ്പറമ്പില്‍ പാര്‍ട്ടിയോടെതിര്‍ത്ത് മല്‍സരിച്ച ടി.കെ.ഗോവിന്ദന്‍ ജയിച്ചത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.

'ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടപ്പോൾ കുടുംബക്കാർ പോലും കൂടെയില്ലെന്ന സിപിഎം നേതാക്കളുടെയും സൈബർ പോരാളികളുടെയും പ്രചാരണത്തെ തുടർന്നാണു താന്‍ യുഡിഎഫ് കൺവൻഷനിൽ പങ്കെടുത്തത്. താനും മാഷും ഇപ്പോഴും കമ്യൂണിസ്റ്റ് ആശയങ്ങൾ ഉയർത്തിയാണു ജീവിക്കുന്നത്. വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയ പാർട്ടി നടപടിയിൽ ദു:ഖമുണ്ടെന്നും' സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ കെ.പി.രമണി പ്രതികരിച്ചിരുന്നു. ഒരു പാര്‍ട്ടിയിലും താന്‍ ഇനി ചേരാനില്ലെന്നും പൊതുപ്രവര്‍ത്തനത്തിനില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടി.കെ.ഗോവിന്ദൻ വർഗവഞ്ചകനാണാണെന്നും അങ്ങെയൊരാളെയാണ് പാർട്ടി വഴി മത്സരിച്ചു മലപ്പട്ടത്ത് ജനപ്രതിനിധിയായി ജയിച്ച അദ്ദേഹത്തിന്റെ ഭാര്യ രമണി പിന്തുണച്ചതെന്നുമായിരുന്നു എം.വി.ജയരാജന്‍ അന്ന് പ്രതികരിച്ചത്.

ENGLISH SUMMARY:

The Malappattam Grama Panchayat has landed in a political controversy after removing over a hundred laminated photographs documenting the developmental achievements of its former president, KP Ramani. Ramani, who served as the panchayat president from 2020 to 2025, was recently expelled from the CPM for supporting her husband, TK Govindan, who rebelled against the party and won the Taliparamba assembly seat with UDF backing. The Congress party has strongly condemned the removal of the pictures from the visitor's room, labeling it a cheap act of political vendetta and demanding an official inquiry by the panchayat secretary. Defending her stance, Ramani stated that she only joined the campaign trail to counter cyber-bullying that claimed Govindan was abandoned by his own family, reaffirming that both she and her husband still live by true communist ideals. Meanwhile, CPM leader MV Jayarajan justified the political anger, branding TK Govindan a class traitor and criticizing Ramani for violating party discipline despite gaining power through the party ticket.