akhil

പ്രസവത്തെക്കുറിച്ചും ഗർഭകാലത്തെക്കുറിച്ചുമുള്ള വിവാദ പരാമർശങ്ങളിൽ വിശദീകരണവുമായി എൻഡിഎ സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ അഖിൽ മാരാർ. ഗർഭാവസ്ഥയെന്നത് ഒരു രോഗമല്ലെന്നും, അത് ആസ്വദിക്കേണ്ട ഒന്നാണെന്നുമാണ് താൻ പറഞ്ഞതെന്നാണ് വിശദീകരണം. തന്‍റെ പരാമർശങ്ങൾ വളച്ചൊടിച്ചെന്നും അഖിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

പ്രസവത്തെയും ഗർഭകാലത്തെയും ആശുപത്രികൾ കച്ചവടവൽക്കരിക്കുകയാണ്‌. പ്രസവം എന്നാൽ ഒരു കുഞ്ഞിന് ജന്മം നൽകുന്ന മഹത്തായ ഉദാത്തമായ ഒരു ക്രിയയാണ്. അത് എൻജോയ് ചെയ്യണമെങ്കിൽ താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന ചിന്തയും അതിലൂടെ അവൾക്ക് ലഭിക്കുന്ന ആത്മ നിർവൃതിയും ഒരു സ്ത്രീക്ക് ഉണ്ടാവണം. മറിച്ചു വയറ്റിൽ വളരുന്ന കുഞ്ഞു എന്‍റെ ജീവിതം തകർത്തു. എന്‍റെ സൗന്ദര്യം തകർത്തു. ഇനി ഈ നാശത്തെ പ്രസവിച്ചാൽ എന്താകും എന്‍റെ ജീവിതം എന്ന് ചിന്തിക്കുന്നവരുണ്ട്. 

അങ്ങനെയുള്ളവർ കാരണം അമ്മയാകാൻ ഇന്ന് പല പെൺകുട്ടികൾക്ക് താല്പര്യമില്ല. എന്ത് കൊണ്ടാണ് ഈ ചിന്ത പുതു തലമുറയിലെ പെൺകുട്ടികൾക്ക് എത്തിയത്. ഗർഭം എന്നത് ഒരു മാരക രോഗം പോലെ 10 മാസം ആശുപത്രി വാസം ആക്കി അനാവശ്യ സമ്മർദ്ദങൾ ഒരു സ്ത്രീക്ക് നൽകി അവളുടെ ഈ പത്തു മാസത്തെ കച്ചവടമാക്കി അതിലൂടെ കൊയ്യുന്ന ലാഭം പല ആശുപത്രികളും ലക്ഷ്യമിട്ടു. നോർമൽ ഡെലിവറി എന്നത് ഇന്ന് കാണാൻ ഇല്ലാത്ത അവസ്ഥ ആയി. നോർമൽ ഡെലിവറി ചെയ്യണമെന്നോ, സിസേറിയൻ വേണ്ട എന്നോ ഞാൻ ഒരിടത്തും പറഞ്ഞിട്ടില്ല.. രോഗം വരുന്നതിനേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന വിഷയത്തിന്‍റെ പ്രാധാന്യം പറയുകയാണ്. 

ഗർഭകാലത്ത് ഉണ്ടാകുന്ന ഹോർമോൺ വ്യെതിയാനങ്ങൾ ഒരു പെൺകുട്ടിയേ മനസികമായി ബാധിക്കും അതിനെ ലഘുകരിക്കുന്നത് ചുറ്റുമുള്ളവർ നൽകുന്ന കരുതൽ ആണ്. എന്നാലിവിടെ കുറെ ആശുപത്രികളും, പണി അറിയാത്ത കുറെ ഡോക്ടർമാരും, മരുന്ന് കച്ചവടക്കാരും സമൂഹത്തിൽ ഗർഭ കാലത്തെ പ്രശ്നങ്ങൾ മാർക്കറ്റ് ചെയ്തു അമ്മമാരുടെയും ഗർഭിണികൾ ആയ പെൺകുട്ടിയുടെയും അടുത്ത് എത്തിക്കുന്നു. പ്രസവിച്ചാൽ മരിച്ചു പോകുമോ എന്ന ഭയം പല പെൺകുട്ടികളിലും എത്തുന്നു ഇതോടെ ഇവരുടെ ആശങ്ക  വർദ്ധിക്കുന്നു. ഇത് ഇവരെ കൂടുതൽ കുഴപ്പത്തിൽ എത്തിക്കുന്നു.

ഈ അവസ്ഥ ഇവരെ ആശുപത്രിയിൽ എത്തിക്കുന്നു.  അതോടെ കച്ചവടം പൊടി പൊടിക്കുന്നു. രോഗികൾ ഇല്ലാതായാൽ ആശുപത്രികൾ ഇല്ലാതാകും.. കോടികൾ മുടക്കി ആശുപത്രികൾ കെട്ടി ഉയർത്തിയത് ദാനം ചെയ്യാനല്ല. കോടികൾ മുടക്കി റിസർച്  ചെയ്തു മരുന്ന് കണ്ട് പിടിക്കുന്നത് ആ കോടികൾ നിങ്ങളിൽ നിന്ന് തിരിച്ചു പിടിക്കാൻ ആണ്. പരമാവധി രോഗി ആവാതെ ഇരിക്കാൻ നോക്കണം. ഏതൊരു മനുഷ്യനെയും ഭയം ബാധിച്ചാൽ അവനിൽ ശരീരികമായി പ്രശ്നങ്ങൾ ഉടലെടുക്കും. 

ഗർഭിണി ആകുന്ന ഒരു പെൺകുട്ടിയോട് അവൾക്കു മനസിക ധൈര്യം പകരാൻ പറയുന്ന കാര്യങ്ങൾ ആണ് "നോക്ക് മോളെ നമ്മുടെ നബീസൂമ്മ പത്ത് പ്രസവിച്ചതും അരയാട്ടിവച്ചിട്ട് പോയാണ്. അത്രേയുള്ളൂ നീ എന്തിനാ ടെൻഷൻ അടിക്കുന്നത്.. " ഇത് ഒരമ്മ പറയുന്നത് പൊളിറ്റിക്കൽ കറക്റ്റ്നെസ് നോക്കിയിട്ടല്ല. ജീവിതത്തിൽ അമ്മ എന്ന മൂല്യം തിരിച്ചറിയാത്ത കുഞ്ഞുങ്ങളെ പ്രസവിച്ച ശേഷം തിരിഞ്ഞു നോക്കാത്ത കുടുംബത്തിന്‍റെ മൂല്യം മനസ്സിലാകാത്ത കുറെ എണ്ണം സോഷ്യൽ മീഡിയ വഴി നടത്തുന്ന ഈ കുര ദയവ് ചെയ്തു പുതിയ തലമുറ കേൾക്കരുത്.

മരുന്നുകൾ ആവശ്യത്തിന് മാത്രം ഉപയോഗിക്കാൻ ശീലിക്കു. ഗർഭ കാലം ആനന്ദത്തിന്‍റെയും ആസ്വാദനത്തിന്‍റെയും കാലമാണ്.  അല്ലാതെ പ്രസവം എന്ന ഒറ്റ പ്രോസസ് അല്ല ഞാൻ പറഞ്ഞത്. ഒരു  അമേരിക്കൻ മരുന്ന് റിസർച് കമ്പനിയിൽ ജോലി ചെയ്ത ഒരുവൻ എന്ന നിലയിൽ ആരോഗ്യ രംഗത്ത് നടക്കുന്ന കള്ളത്തരങ്ങൾ എനിക്ക് ബോധ്യമുള്ളതാണ്. നിങ്ങളെ രോഗിയാക്കാൻ ആണ് ഓരോ മരുന്ന് കമ്പനിയും ശ്രമിക്കുന്നത്.

കോടികൾ മുടക്കി ആശുപത്രി പണിയുന്നത് നിങ്ങളുടെ ആരോഗ്യം നന്നാക്കി നിങ്ങളെ രക്ഷപെടുത്താൻ അല്ല മറിച്ചു അവർക്ക് ലാഭം കൊയ്യാൻ ആണ്. അത് കൊണ്ട് തിരിച്ചറിവ് ഉണ്ടാവണം. ഞാൻ ഈ പറഞ്ഞത് ആശുപത്രിയിൽ പോകണ്ട എന്ന അർഥത്തിൽ അല്ല പരമാവധി പോകാതെ ഇരിക്കുന്ന അവസ്ഥ സൃഷ്ടിക്കാൻ നോക്കുക.

ഇതേ ചിന്ത മാത്രമാണ് ഒരു മണിക്കൂർ നീണ്ട അഭിമുഖത്തിൽ നോർത്ത് ഇന്ത്യയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ കേരളത്തിലെ സ്ത്രീകൾക്ക് അറിയുക പോലുമില്ല എന്ന വിഷയത്തിൽ തമാശ രൂപേണ പറഞ്ഞ ഒരു വിഷയത്തെ വളച്ചൊടിച്ചു കണ്ടന്റ് ആക്കി ആഘോഷിക്കുന്ന വിവരമില്ലായ്‌മക്ക് എന്താ പറയുക. വിമർശനം തെറ്റുകൾ തിരുത്താൻ ഉള്ളതാവാണം അല്ലാതെ വിഡ്ഢിത്തരങ്ങൾ വിളമ്പൽ ആവരുത്. വരികൾ അടർത്തി വിമർശിക്കാൻ തുടങ്ങിയാൽ ബൈബിൾ, ഖുർആൻ, ഗീത ഇവയുടെ ഒക്കെ സൃഷ്ടാക്കൾ പെട്ട് പോകും എന്നും അഖിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

ENGLISH SUMMARY:

Akhil Marar explains his controversial statements about pregnancy and childbirth, emphasizing that pregnancy is not a disease but an enjoyable experience. He alleges his remarks were distorted and aims to clarify his position on the commercialization of childbirth and medical practices.