തൃശൂര്‍ കോടാലിയില്‍ ഉറങ്ങികിടക്കുന്നതിനിടെ പാമ്പുകടിയേറ്റു മരിച്ച എട്ടു വയസുകാരന്‍ അല്‍ജോയുടെ ചുണ്ടില്‍ കടിയേറ്റ പാടുകള്‍. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മൂത്ത സഹോദരന്‍ അനോഷിന്‍റെ കൈവിരലിലാണ് കടിയേറ്റ അടയാളമുള്ളത്. ഞായറാഴ്ച പുലര്‍ച്ചെ കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതകള്‍ ആരംഭിച്ചെങ്കിലും പുറത്തു നിന്നും കഴിച്ച ഭക്ഷണത്തിന്റെ പ്രശ്നമാണെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്.
വനത്തോട് ചേര്‍ന്ന പ്രദേശത്തുള്ള ഒറ്റനില ടറസ് വീട്ടിലാണ് കുടുംബം കഴിയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ കുട്ടികള്‍ക്ക് വയറുവേദനയു ശാരീരിക അസ്വസ്ഥതകളും ആരംഭിച്ചു. പുറത്തുനിന്നും കഴിച്ച ഭക്ഷണത്തിന്‍റെ പ്രശ്നമാണെന്ന് തരുതി ജീരകവെള്ളം തിളപ്പിച്ചുകൊടുത്തു. അസ്വസ്ഥത അല്‍പം കുറഞ്ഞപ്പോള്‍ കട്ടിലില്‍ ഇറക്കാന്‍ കടത്തി. എന്നാല്‍ അഞ്ചു മണിയോടെ വായില്‍ നിന്നും നുരയും പതയും വരികയും കുട്ടികള്‍ കൂടുതല്‍ അവശരാവുകയും ചെയ്തു.
ഇതോടെ അച്ഛന്‍ സില്‍ജോ കുട്ടികളെ ബൈക്കിലിരുത്തി കോടാലി ജംഗ്ഷനിലെത്തിച്ച് അവിടെ നിന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. ലക്ഷണങ്ങള്‍ കണ്ട ഡോക്ടറാണ് പാമ്പുകടിയേറ്റ സാധ്യതയുണ്ടെന്ന് അറിയിച്ചത്. വീട്ടില്‍ തിരഞ്ഞതോടെയാണ് കിടപ്പുമുറിയില്‍ നിന്നും ഒന്നരയടി നീളമുള്ള വെള്ളികെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ കിട്ടിയത്.
ആൽജോയുടെ സഹോദരൻ അനോജിന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണ്. ഗുരുതരാവസ്ഥയിൽ അപ്പോളോ ആശുപത്രിയിൽ ചികിൽസയിലാണ്. ഉറങ്ങിക്കിടന്ന സമയത്താവാം രണ്ടു കുട്ടികളെയും പാമ്പ് കടിച്ചതെന്ന് കരുതപ്പെടുന്നു. ആൽജോയുടെ മൃതദേഹം ഇന്ന് മൂന്നു മണിക്ക് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻ ചർച്ചിൽ സംസ്കരിക്കും.