ചിക്കമഗലൂരുവില്‍ വിനോദയാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട് മരിച്ച ശ്രീനന്ദയുടെ അവസാനത്തെ വിഡിയോ എന്നപേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്കും ശ്രീനന്ദയുടെ കൂട്ടുകാരിക്കുമെതിരായ അഭിപ്രായപ്രകടനങ്ങള്‍ക്കുമെതിരെ കുടുംബം. താങ്ങാവുന്നതിനുമപ്പുറമുള്ള വേദനയിലൂടെയാണ് കടന്നുപോകുന്നതെന്നും വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും കുടുംബം പറയുന്നു. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ എടുത്തതിന് ശേഷം പിന്നെയും രണ്ട് മണിക്കൂറോളം ശ്രീനന്ദ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും അനാവശ്യമായ നിഗമനങ്ങളില്‍ എത്തുകയും കൂടെയുണ്ടായിരുന്ന കൂട്ടുകാരിയെ ചോദ്യം ചെയ്യണമെന്നും സത്യം പറയിപ്പിക്കണമെന്നുമെല്ലാമുള്ള വാക്കുകള്‍ വേദനിപ്പിക്കുന്നതാണെന്നും അവള്‍ക്ക് അതിലൊരു പങ്കുമില്ലെന്നും ശ്രീനന്ദയുടെ വല്യച്ഛന്‍റെ മകള്‍ അഡ്വ.മിനു ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.
സമൂഹമാധ്യമങ്ങള്‍ അകാരണമായി കുറ്റപ്പെടുത്തുന്ന നന്ദുവിന്‍റെ കൂട്ടുകാരി തങ്ങളുടെ അനിയത്തിയാണെന്നും അവള്‍ക്ക് ഇനിയും ഈ സമൂഹത്തില്‍ ജീവിക്കുകയും ആളുകളെ അഭിമുഖീകരിക്കുകയും ചെയ്യേണ്ടതാണെന്നും ദയവായി അത്തരം പ്രചാരണങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണമെന്നും കുറിപ്പില്‍ പറയുന്നു.
മിനുവിന്‍റെ കുറിപ്പ്: 'ശ്രീനന്ദയുടെ അവസാന വിഡിയോ എന്ന രീതിയിൽ പ്രചരിക്കുന്ന വിഡിയോയുടെ സത്യാവസ്ഥ പുറംലോകത്തെ അറിയിക്കാനുള്ളതാണ് ഈ പോസ്റ്റ്. ഞാൻ ശ്രീനന്ദയുടെ വല്യച്ഛന്റെ മകളാണ്. ഞങ്ങളുടെ കുടുംബത്തിന് താങ്ങാവുന്നതിലുമധികം വലിയ വേദനയിലൂടെയാണ് ഞങ്ങളോരോരുത്തരും ഇപ്പോൾ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. അവൾ പോയി എന്നറിഞ്ഞതിനു ശേഷം ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകളിൽ പലതും എത്രത്തോളം വസ്തുതാ വിരുദ്ധമാണെന്ന് ശ്രദ്ധയിൽ പെട്ടതും അതിനെതിരെ ഒരു പോസ്റ്റ് ഇടാമെന്ന് തീരുമാനിച്ചതും.
ശ്രീനന്ദയെ കാണാതാവുന്നതിനു തൊട്ടുമുൻപ് കൂട്ടുകാരിയോടൊപ്പം എടുത്ത റീൽ എന്നർത്ഥത്തിൽ പ്രചരിക്കുന്നത് യഥാർത്ഥത്തിൽ കാണാതാവുന്നതിനു രണ്ട് മണിക്കൂർ മുൻപ്, അതായത് ഏകദേശം 3 മണിയോടടുപ്പിച്ച് എടുത്തതാണ്. അതിനു ശേഷം വൈകിട്ട് 5:20 വരെയും അവൾ യാത്രാസംഘത്തോടൊപ്പം ഉണ്ടായിരുന്നു, അപ്പോൾ എടുത്ത ഫൊട്ടോയാണ് താഴെ പോസ്റ്റ് ചെയ്യുന്നത്. അതായത് കൂടെയുള്ളവർ അവളോടൊപ്പം വൈകിട്ട് 5:20 വരെ ഉണ്ടായിരുന്നു. ഇതുതന്നെയാണ് അവളെ എല്ലാവരും അവസാനമായി കണ്ടു എന്നും പറയുന്ന സമയം.
ഞങ്ങൾ അന്ന് യാത്രാസംഘത്തിലുണ്ടായിരുന്നവരുടെ കയ്യിൽ നിന്ന് കിട്ടാവുന്ന ചിത്രങ്ങൾ എല്ലാം ശേഖരിച്ച് അന്വേഷിക്കുകയും ഏതെങ്കിലും ഫോട്ടോയുടെ ബാക്ഗ്രൗണ്ടിൽ അവൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തിട്ടും നിരാശയായിരുന്നു ഫലം.
ഇതിനിടയിലാണ് കൂടെയുള്ള കുട്ടിയെ ചോദ്യം ചെയ്യണമെന്നും സത്യം പറയിപ്പിക്കണമെന്നുമുള്ള രീതിയിലും, അവളെ വളരെയധികം അപകീർത്തിപ്പെടുത്തുന്ന രീതിയിലുമുള്ള കമന്റുകൾ ശ്രദ്ധയിൽ പെടുന്നത്. അതിനാൽ തന്നെ ആ വിഡിയോ നന്ദുവിനെ അവസാനമായി ചിത്രീകരിച്ച വിഡിയോ അല്ലെന്നും കൂടെയുള്ള കുട്ടിക്ക് ഇതിൽ ഒരു പങ്കുമില്ലെന്നും പൊതുജനത്തെ അറിയിക്കാൻ ഞങ്ങൾ ബാധ്യസ്ഥരാണ്.
അവളും ഞങ്ങളുടെ അനിയത്തിയാണ്, ഈ സമൂഹത്തിൽ ഇനിയും ജീവിക്കേണ്ടവളാണ്, ആളുകളെ അഭിമുഖീകരിക്കേണ്ടവളാണ്... അവൾക്ക് ഈ ചെറിയ പ്രായത്തിൽ ഇങ്ങനെ ഒരു മാനസിക ബുദ്ധിമുട്ട് വരുന്നത് ഞങ്ങൾക്ക് ഒരിക്കലും നോക്കിനിൽക്കാൻ കഴിയില്ല. അതിനാൽ അത്തരത്തിൽ ഒരു വാർത്ത പ്രസിദ്ധീകരിച്ച ഓരോ വ്യക്തിയും മാധ്യമങ്ങളും ഈ പോസ്റ്റ് പരിഗണിച്ച് വസ്തുതാപരമായ കാര്യങ്ങൾ മാത്രം പൊതുജനങ്ങളിലേക്ക് എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു'.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ ശ്രീനന്ദയെ ഈ മാസം ആറിനാണ് ബാബ ബുധന്‍ഗിരിയില്‍ വച്ച് കാണാതെയായത്. കുടുംബത്തിനൊപ്പം വിനോദയാത്രയ്ക്കായി എത്തിയതായിരുന്നു ശ്രീനന്ദ. ബാരിക്കേഡ് കെട്ടിത്തിരിച്ച ഭാഗത്തിന് പുറത്തേക്കിറങ്ങിയ ശ്രീനന്ദ കാലുതെറ്റി താഴെ വീഴുകയായിരുന്നുവെന്നാണ് നിഗമനം. നാലു ദിവസത്തിന് ശേഷമാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്.