പാലക്കാട് തിരുവക്കുറിശ്ശിയില്‍ വോട്ട് ചെയ്യാന്‍ ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയത് ചോദ്യം ചെയ്തവരെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. പണം നല്‍കിയ ശേഷം ശോഭാ സുരന്ദ്രന്‍ സഞ്ചരിച്ച കാറില്‍ ബിജെപി പ്രവര്‍ത്തക കയറുന്നത് കണ്ടതോടെയാണ് പിന്നാലെ കാറിലെത്തിയവര്‍ ഒപ്പമെത്തി വിവരം ആരാഞ്ഞത്. 'ഒന്ന് രണ്ട് വീട്ടില്‍ പൈസ കൊടുക്കുന്നത് കണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍, 'ഈ പെണ്ണിന്‍റെ വല്യമ്മയാണത്' എന്നായിരുന്നു ശോഭാ സുരേന്ദ്രന്‍റെ മറുപടി. 

'കൂടുതല്‍ വിലസേണ്ട' എന്നും ശോഭ മറുപടി പറയുന്നത് വിഡിയോയില്‍ കേള്‍ക്കാം. വിഡിയോ പകര്‍ത്തുന്നയാള്‍ 'ആ ഭാഷ എനിക്ക് മനസിലായില്ല' എന്ന് പറഞ്ഞതോടെ വിഡിയോ പകര്‍ത്തുന്നത് ശോഭാ സുരേന്ദ്രന്‍ വിലക്കുകയും കാറില്‍ നിന്നിറങ്ങി പുറത്ത് വരികയും ചെയ്തു. പിന്നാലെ തന്‍റെ അനുവാദമില്ലാതെ ചിത്രം പകര്‍ത്തിയത് എന്തിനെന്നായി ചോദ്യം. ഇത് ശരിയല്ലെന്നും വിഡിയോ എടുക്കരുതെന്നും ഒപ്പമുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകരും പറഞ്ഞു. ഇതോടെ കാറിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകയോട് ചോദ്യം ചെയ്തയാളുടെ വിഡിയോയെടുക്കാന്‍ ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

'ഞങ്ങളുടെ വാര്‍ഡാണിതെന്ന' കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മറുപടിക്ക് പിന്നാലെ 'നിങ്ങളുടെ വാര്‍ഡായാല്‍ എന്താണ്' എന്ന് ചോദിച്ച് ഫോണ്‍ തട്ടിപ്പറിക്കാന്‍ ശോഭാസുരേന്ദ്രന്‍ ശ്രമിക്കുന്നത് കാണാം. ഞങ്ങള്‍ എവിഡന്‍സ് എടുക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുമ്പോള്‍ 'നിങ്ങള്‍ടെ തേങ്ങേലെ എവിഡന്‍സ്' എന്ന് പറഞ്ഞ് ശോഭാ സുരേന്ദ്രന്‍ തന്‍റെ ഫോണിലെ വിഡിയോ ഓണ്‍ ചെയ്യുന്നുമുണ്ട്. പിന്നാലെയാണ് 'നിന്‍റെ മൊബൈലില്‍ എന്‍റെ ഫോട്ടോ എടുക്കാന്‍ നീ ആരാ'ണെന്നും 'അടിച്ച് നിന്‍റെ കരണക്കുറ്റി പൊളിക്കുമെന്നും ' ശോഭാ സുരേന്ദ്രന്‍ ക്ഷുഭിതയാകുന്നുണ്ട്.

പാലക്കാട്ടെ കണ്ണാടിയിലുള്ള തിരുവക്കുറിശിയില്‍ വോട്ടിന് ബിജെപി നോട്ട് വിതരണം ചെയ്യുന്നതിന്‍റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍  പുറത്തുവിട്ടത്. ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പണം വാങ്ങിയ വയോധികയുടെ വീട്ടില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എത്തി പരിശോധന നടത്തി. പിന്നാലെ മാധ്യമങ്ങളെത്തി വിവരം അന്വേഷിച്ചപ്പോള്‍ ആദ്യം പണം ലഭിച്ചുവെന്ന് പറഞ്ഞുവെങ്കിലും കുടുംബാംഗങ്ങള്‍ പിന്തിരിപ്പിച്ചതോടെ പെന്‍ഷന്‍ പണമാണ് കൊണ്ട് തന്നതെന്നായി വയോധികയുടെ മറുപടി. ഇവരെ കുടുംബാംഗങ്ങള്‍ ബലമായി അകത്തേക്ക് കയറ്റുകയും ചെയ്തു. 

ENGLISH SUMMARY:

BJP candidate Shobha Surendran has landed in a controversy in Palakkad after a video surfaced showing her threatening workers who questioned alleged cash distribution for votes at Karuvakkurissi. The incident occurred during the silence period when Congress workers confronted her for reportedly distributing money to voters. Shobha Surendran was seen verbally abusing the workers and attempting to snatch their mobile phones. Following the viral video, the Election Commission conducted a raid at a residence where the money was allegedly distributed. While the elderly resident initially admitted to receiving cash, her family later claimed it was pension money.