കൊടിയ മര്‍ദനത്തെത്തുടര്‍ന്ന് അന്തേവാസി മരിച്ച കൊടുങ്ങല്ലൂരിലെ സ്പെഷൽ സ്കൂളിനെതിരെ ഗുരുതരമായ പരാതികള്‍ ഉയരുന്നു. നിരന്തരം ഇവിടെ നിന്നും കുട്ടികളുെട കരച്ചില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്നും കൊടിയ ക്രൂരതകളാണ് ഈ സ്കൂളിനുള്ളില്‍ നടന്നതെന്നും കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പറയുന്നു.
‘ഈ സ്കൂളിനുള്ളില്‍ ഇടിമുറിയുണ്ട്. മുന്‍പൊരു കുട്ടി മരിച്ചപ്പോഴും പൊലീസിലുള്‍പ്പെടെ പരാതി പറഞ്ഞെങ്കിലും കാര്യമുണ്ടായില്ല, ഈ സ്ഥാനപനത്തിന് എന്ത് ലൈസന്‍സാണുള്ളതെന്നു പോലും നമുക്കറിയില്ല, ചാരിറ്റബിള്‍ ആക്ട് അനുസരിച്ചുള്ളതാണെന്നാണ് അറിഞ്ഞത്, നിരന്തരം കുട്ടികളുടെ കരച്ചില്‍ കേള്‍ക്കാറുണ്ട്, അവരെ എല്ലുമുറിയെ പണിയെടുപ്പിക്കാറുണ്ട്, ക്രൂരമായി മര്‍ദിക്കാറുണ്ട്, ശാരീരികമായി മര്‍ദിക്കാന്‍ ആരോഗ്യമുള്ളവരെ മാത്രമാണ് ഇവിടെ ജോലിക്കെടുക്കാറുള്ളത്, ക്രിമിനലുകളാണ് ഇവിടെ ജോലി ചെയ്യുന്നത്,– ജനപ്രതിനിധികള്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് നാടിനെ നടുക്കി ഓട്ടിസം ബാധിതന്‍ കൊല്ലപ്പെട്ടത്.പാലക്കാട് സ്വദേശി 35 വയസുള്ള ശ്രീനാഥാണ് മരിച്ചത്. മർദ്ദിച്ചു കൊലപ്പെടുത്തിയ കെയർടേക്കറെ വൈകാതെ തന്നെ അറസ്റ്റ് ചെയ്ത കെയര്‍ടേക്കറെ റിമാന്‍ഡ് ചെയ്തു. ബഹളം വച്ചപ്പോൾ നിയന്ത്രിക്കാൻ ശ്രമിച്ചതിനിടെ മർദിച്ചെന്നാണ് മൊഴി. ആന്തരിക അവയവങ്ങൾക്കേറ്റ ക്ഷതമായിരുന്നു മരണകരണം.
ഇവിടെ മൂന്നുമാസം മുന്‍പ് മറ്റൊരു മരണം നടന്നിരുന്നെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ശ്രീദേവി മനോരമ ന്യൂസിനോട് പറഞ്ഞു. സ്വാഭാവിക മരണമെന്നായിരുന്നു വിശദീകരണമെങ്കിലും ഇപ്പോള്‍ സംശയമുണ്ടെന്നാണ് ജനപ്രതിനിധികള്‍ പറയുന്നത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. അറസ്റ്റിലായ കെയര്‍ ടേക്കര്‍ ക്രിമിനല്‍, മോഷണക്കേസ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ശ്രീനാഥിനെ മര്‍ദിച്ചത് പ്ലാസ്റ്റിക് കേബിള്‍ ഉപയോഗിച്ചാണെന്നും ഡിവൈഎസ്പി പി.പ്രമോദ് പറഞ്ഞു.
തിരുവനന്തപുരം വെട്ടുതുറ സ്വദേശി മഹേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.വടികൊണ്ടും കൈകൊണ്ടും തല്ലിയതിനെ തുടർന്ന് ആന്തരികാവയവങ്ങൾക്ക് ക്ഷതം സംഭവിച്ചിരുന്നു. മൃതദേഹത്തിൽ അസ്വാഭാവിക പരുക്കുകളുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ഓട്ടിസം ബാധിച്ച ശ്രീനാഥ് ഏതാനും നാളുകളായി അനുഗ്രഹ സ്പെഷൽ സ്കൂളിലായിരുന്നു താമസം. കൊടുങ്ങല്ലൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരുന്നു.