എറണാകുളം വടുതലയിലെ കൂട്ട മരണം വീടൊഴിയുമെന്ന് അറിയിച്ചതിന് പിന്നാലെ. കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം മുതിര്‍ന്നവര്‍ തൂങ്ങിമരിക്കുകയായിരുന്നു. തിരുവനന്തപുരം പൂവച്ചല്‍ സ്വദേശി പരേതനായ അക്ഷതിന്‍റെ ഭാര്യ അശ്വതി, മക്കളായ കാര്‍ണിവന്‍, കീര്‍ത്തിവന്‍ അക്ഷിത എന്നിവരെയും അശ്വതിയുടെ അമ്മ ശ്രീകുമാരിയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടു ദിവസത്തെ പഴക്കമുള്ളതാണ് മൃതദേഹം. 2025ജൂലൈ 17 ന് അശ്വതിയുടെ ഭര്‍ത്താവും തൂങ്ങി മരിക്കുകയായിരുന്നു.
അശ്വതിയും അമ്മയും തൂങ്ങിമരിച്ച മുറിയിലെ ഫാനില്‍ പകുതി മുറിച്ചു നീക്കിയനിലയില്‍ ഫാള്‍ കെട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇടതുവശത്തെ മുറിയില്‍ കട്ടിലില്‍ പുത്തന്‍ ഉടുപ്പ് ധരിപ്പിച്ച് ഫാന്‍സി സണ്‍ഗ്ലാസ് ധരിപ്പിച്ച നിലയിലായിരുന്നു ഇളയ രണ്ടുകുട്ടികളുടെ മൃതദേഹം. മറ്റൊരു മുറിയില്‍ ഷെര്‍വാണി ധരിച്ചു കിടത്തിയ നിലയിലായിരുന്നു മൂത്തകുട്ടിയുടെ മൃതദേഹം.
ഭര്‍ത്താവ് അക്ഷതിന്‍റെ മരണത്തിന് ശേഷം അശ്വതി പൂവച്ചലിലെ വീട്ടില്‍ വന്നു കുട്ടികളുമായി പോയതായി ബന്ധുക്കള്‍ പറയുന്നു. ഫെബ്രുവരിയിലാണ് അശ്വതി കുഞ്ഞുങ്ങളും അമ്മയുമായി വടുതല ഗ്രീന്‍ ഗാര്‍ഡന്‍സിലെ വീടിന്‍റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടിയുടെ ചികിത്സയ്ക്ക് എന്നു പറഞ്ഞാണ് വീട് വാടകയ്ക്ക് എടുത്തത്. ശ്രീകുമാരി വിളപ്പിന്‍ ശാലയിലെ വീട്ടിലായിരുന്നു താമസം. ഫെബ്രുവരി മുതല്‍ ഈ വീട് വാടയ്ക്ക് നല്‍കിയിരിക്കുകയാണ്. തിരുവനന്തപുരം ചാരുപാറ വിശ്വദീപ്തി സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു മൂത്തമകന്‍ കാര്‍ണിവന്‍. കൊച്ചിയിലെത്തിയ ശേഷം സ്കൂളില്‍ പോയിരുന്നില്ല.
വീട്ടുടമയുടെ ജ്യേഷ്ഠന‍് വ്യാഴാഴ്ച അശ്വതിയെയും കുടുംബത്തെയും കണ്ടിരുന്നു. പിറ്റേന്ന് വീട് ഒഴിയുമെന്നാണ് അശ്വതി ഇവരോട് പറഞ്ഞത്. വീട് ഒഴിയുമെന്നതിനാല്‍ വൃത്തിയാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ക്ക് വീട്ടുടമയുടെ ജ്യേഷ്ഠന്‍ വീട്ടെലത്തി അശ്വതിയെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. എസി പ്രവര്‍ത്തിക്കുന്നതും ദുര്‍ഗന്ധം വമിക്കുന്നതും കണ്ടതോടെ കൗണ്‍സിലര്‍ ആല്‍ബര്‍ട്ട് അമ്പലത്തിങ്കലിനെ വിവരമറിയിച്ചു. മറ്റൊരു താക്കോല്‍ ഉപയോഗിച്ച് തുറന്നപ്പോഴാണ് അശ്വതിയും ശ്രീകുമാരിയും മരിച്ച നിലയില്‍ കണ്ടത്. പൊലീസെത്തിയാണ് മറ്റു മുറികള്‍ പരിശോധിച്ചത്.
അയല്‍ക്കാരോട് അശ്വതിയും കുടുംബവും അടുപ്പം പുലര്‍ത്തിയിരുന്നില്ല. കുട്ടകള്‍ കളിക്കാന്‍ പുറത്തേക്കും ഇറങ്ങിയിരുന്നില്ല. അതിനാല്‍ മരണ വിവരം അയല്‍ക്കാര്‍ അറിഞ്ഞത് ചാനലുകളില്‍ വാര്‍ത്ത വന്നതിന് പിന്നാലെയാണ്. ഉള്ളി, ഉരുളകിഴങ്ങ് വ്യാപാരിയായിരുന്നു അക്ഷത്. ഭര്‍ത്താവിന്‍റെ മരണത്തെ തുടര്‍ന്നുണ്ടായ കുടുംബ പ്രശ്നങ്ങളാണ് മരണത്തിനു പിന്നിലെന്നും ഭര്‍ത്താവിന്‍റെ അടുത്തേക്ക് പോവുകയാണെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.