sreeja-civilservice

ആദ്യ അവസരത്തിൽ തന്നെ സിവില്‍ സര്‍വീസ് ലഭിക്കുകയും, 57-ാം റാങ്കോടെ മലയാളികളിൽ ഒന്നാമതെത്തുകയും ചെയ്ത തിരുവനന്തപുരം നരുവാമൂട് സ്വദേശിനിയായ ജെ.എസ് ശ്രീജയെപ്പറ്റി വൈറല്‍ കുറിപ്പുമായി കേരള ടൂറിസം വകുപ്പ് മുൻ ഡപ്യൂട്ടി ഡയറക്ടർ പ്രശാന്ത് വാസുദേവ്.  പണിതീരാത്ത വീട്ടിൽ ഇടതുവശത്ത് മേശിരിയുടെ കയ്യാളായ അച്ഛനോടൊപ്പവും,  വലതുവശത്ത് അമ്മയ്ക്കൊപ്പവും നിന്ന് കുടുകുടെ ചിരിച്ച് അവൾ വിതറുന്നത് ആത്മവിശ്വാസത്തിന്റെ വാക്കുകളാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'സിവിൽ സർവീസ് പരീക്ഷയിൽ ആദ്യത്തെ തവണ തന്നെ 57-ാമത്തെ റാങ്ക് നേടുക!. മാത്രമല്ല തനിക്ക് ഇന്ത്യൻ ഫോറിൻ സർവീസ് മതിയെന്ന ഒറ്റ തീരുമാനവും !. അതുമല്ല, ഒറ്റ തവണയേ സിവിൽ സർവീസ് എഴുതൂ എന്ന ആ ഉറച്ച തീരുമാനവും !. എന്താ പറയേണ്ടത് തിരുവനന്തപുരത്ത് നരുവാമ്മൂട്ടിലെ ഈ മിടുക്കിയെക്കുറിച്ച്. അവൾ സ്വപ്നം കണ്ടതല്ല, കുറിച്ചിട്ടതാണ് ആദ്യ 20 റാങ്കിനുള്ളിൽ വേണം എന്നത് !. 

മാത്രമല്ല, ഐഎഫ്എസ് മതിയെന്ന  ആ തീരുമാനം എനിക്കുളവാക്കിയ  സന്തോഷം ചില്ലറയല്ല.

ഇവിടെ രാഷ്ട്രീയ യജമാനന്മാരുടെ മുന്നിൽ നട്ടെല്ല് വളച്ചു നിൽക്കുന്ന ഐഎഎസ് സിങ്കങ്ങളെ ഞാൻ ധാരാളം കണ്ടിട്ടുണ്ട്. നട്ടെല്ലുള്ള കുറച്ചുപേരെയും !. ചെറുപ്പക്കാരായ ഐഎഎസ്സു കാരിൽ നല്ലൊരു പങ്കും അന്യഗ്രഹ ജീവികളും ദന്തഗോപുരവാസികളും സുഖലോലുപരും ആണെന്നും മനസ്സിലാക്കിയിട്ടുണ്ട്.

ഐഎഫ്എസിൽ എന്തായാലും അത്രത്തോളം  വിധേയത്വം കാണിക്കേണ്ടി വരില്ല എന്നാണ് എൻ്റെ വിശ്വാസം. മാത്രമല്ല ഐ എഫ് എസ് എന്നത് ദേശസ്നേഹത്തിന്റെ പ്രതീകം കൂടിയാണ്. ശ്രീജ, ഇങ്ങനെ വെറുതെ വാക്കുകൾ കൊണ്ട് നിന്നെ അഭിനന്ദിച്ചാൽ പോരാ, നേരിട്ട് വന്ന് കണ്ടു തന്നെ അഭിനന്ദിക്കണം എന്നുണ്ട്. കഴിയുമോ എന്നറിയില്ല. രാജ്യത്തിനുവേണ്ടി ധാരാളം സംഭാവനകൾ ചെയ്യാൻ മോൾക്ക് കഴിയട്ടെ.' – അദ്ദേഹം കുറിച്ചു. 

ആദ്യ അവസരത്തിൽ തന്നെ സിവില്‍ സര്‍വീസ് ലഭിക്കുന്നതിനൊപ്പം 57-ാം റാങ്കോടെ മലയാളികളിൽ ഒന്നാമതുമാണ് ഈ മിടുക്കി. ഇല്ലായ്മകളുടെ നടുവിലും പഠനത്തിന് കുറവുകൾ വരുത്താതെ മാതാപിതാക്കൾ നൽകിയ പിന്തുണയും പ്രചോദനവും ആണ് ശ്രീജയുടെ വിജയത്തിന് പിന്നില്‍. 

കൂലിപ്പണിക്കാരനായ ജയകുമാറിന്‍റെയും എം.എ വരെ പഠിച്ചിട്ടും ജോലി കിട്ടാതെ പോയ ഷീജ കുമാരിയുടെയും മകളാണ് ശ്രീജ. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദത്തിന് ശേഷമാണ് ശ്രീജ സിവില്‍ സര്‍വീസ് പരീക്ഷയിലേക്ക് എത്തുന്നത്. പൈസയില്ലെങ്കിലും മകള്‍ പഠിക്കാനുള്ള ധൈര്യം നല്‍കി എന്നാണ് പിതാവ് ജയകുമാര്‍ പറയുന്നത്.

ENGLISH SUMMARY:

J S Sreeja's remarkable achievement in the Civil Services exam, securing rank 57 and becoming the top ranker from Kerala on her first attempt, has garnered significant attention. Her journey, marked by unwavering determination and parental support despite financial challenges, serves as an inspiration to many aspiring civil servants.