കേഡര്‍ തസ്തികകളിലെ നിയമനത്തില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി. കേഡര്‍ തസ്തികകളില്‍ ഐഎഎസുകാരെ മാത്രമേ നിയമിക്കാവൂവെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. കേരള ഐഎഎസ് അസോസിയേഷന്റെ ഹര്‍ജിയിലാണ് ഉത്തരവ്. ഇതോടെ, എംആര്‍ അജിത്കുമാറും കെ.ജയകുമാറും സ്ഥാനം ഒഴിയേണ്ടിവരും. എക്സൈസ് കമ്മിഷണര്‍ കേരള കേഡറില്‍ ഐഎഎസ് തസ്തികയാണ്. കെ.ജയകുമാര്‍ ഐഎംജി ഡയറക്ടര്‍ സ്ഥാനം ഒഴിയേണ്ടിവരും. ബി.അശോകിന്റെ സ്ഥലം മാറ്റം റദ്ദാക്കി. ബി.അശോകിന് അഗ്രികള്‍ച്ചറല്‍ പ്രൊഡ. കമ്മിഷണറായി തുടരാം. ചട്ടങ്ങള്‍ പാലിച്ച് സര്‍ക്കാരിന് തീരുമാനമെടുക്കാം.
സിവിൽ സർവീസസ് ബോർഡിന്റെ അനുമതിയോടെ മാത്രം സ്ഥലമാറ്റം നടത്താവൂ എന്നും രണ്ടു വർഷം തുടർച്ചയായി ഒരാളെ തസ്തികയിൽ തുടരാൻ അനുവദിക്കണമെന്നും 112 പേജുള്ള വിശദമായ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സർക്കാർ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
എക്സൈസ് കമ്മീഷണർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവൺമെൻറ് ഡയറക്ടർ ജനറൽ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ എന്നിവ കേഡർ തസ്തികളാണ്. ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥർക്ക് ഈ തസ്തികകളിൽ തുടരാൻ അവകാശമില്ല. നിലവിൽ ഇത്തരക്കാർ ഈ തസ്തികകളിൽ തുടരുന്നുണ്ടെങ്കിൽ അവർ സ്ഥാനമൊഴിയണം.
കേഡർ തസ്തികകളുടെ പേര് മാറ്റിയോ മറ്റു പദവികൾ സൃഷ്ടിച്ചോ ഐഎഎസ് ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അധികാര ദുർവിനിയോഗമായി കണക്കാക്കുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകി. ഐഎഎസ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളും സ്ഥലം മാറ്റങ്ങളും ചീഫ് സെക്രട്ടറി നേതൃത്വത്തിലുള്ള സിവിൽ സർവീസസ് ബോർഡുമായി കൂടിയാലോചിച്ച് മാത്രമേ തീരുമാനിക്കാവൂ എന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.