മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായുള്ള വയനാട് മാതൃകാ ടൗൺ ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടന വേദിയിൽ ടി.സിദ്ദിഖ് എംഎല്‍എയെ വേദിയിലിരുത്തി പരിഹസിച്ച് റവന്യു മന്ത്രി കെ.രാജന്‍. ഞങ്ങൾ കല്ലുമാത്രം ഇട്ടു പോകുന്നവർ അല്ലെന്നും കല്ലിന് മേലെ കല്ല് വെക്കും എന്നുമായിരുന്നു മന്ത്രി കെ. രാജന്റെ പരിഹാസം.

ദുരിതബാധിതർക്ക് വേണ്ടിയുള്ള ഇന്ത്യയിൽ തന്നെ ആദ്യ ടൗൺഷിപാണിതെന്നും ഭൂമി ഏറ്റെടുക്കുന്നതിലുള്ള കോടതി വ്യവഹാരം നീണ്ടുപോയിരുന്നില്ലെങ്കിൽ വീടുകൾ നേരത്തെ തന്നെ കൈമാറാൻ കഴിയുമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. ഡിസാസ്റ്റർ എൻജിനീയറിങ് സാധ്യത കൂടി പരിഗണിച്ചാണ് വീട് ഉണ്ടാക്കിയത്. ഒരു ദിവസം പോലും നിർത്താതെ പണി തുടരുമെന്നും കെ. രാജൻ പറഞ്ഞു. അടുത്ത മഴക്കാലത്തിന് മുമ്പ് അവസാനത്തെ താക്കോലും കൊടുക്കും. 9000 രൂപയുടെ സഹായം സർക്കാർ തുടരും. വെള്ളാർമല സ്കൂൾ തിരിച്ചുകൊടുക്കും മന്ത്രി കൂട്ടിച്ചേര്‍ത്തു.

എംഎല്‍എ ടി.സിദ്ദിഖിന് സദസില്‍ നിന്നും കൂക്കിവിളിയും ഉയര്‍ന്നു. സ്വാഗത പ്രസംഗികനായ ചീഫ് സെക്രട്ടറി സിദ്ദിഖിന്‍റെ പേര് പറഞ്ഞപ്പോഴായിരുന്നു കൂക്കിവിളി. ടി.സിദ്ദിഖ് പ്രസംഗിച്ചപ്പോഴും കൂക്കിവിളിയുണ്ടായി. സിപിഎം പ്രവർത്തകരാണ് കൂക്കിവിളിച്ചത്. ദുരന്തത്തിന് ഇരയായ ഒരാൾ പോലും തനിക്കെതിരെ അസ്വസ്ഥയുടെ ശബ്‍ദം ഉണ്ടാക്കില്ലെന്ന് ടി.സിദ്ദിഖിന്‍റെ പ്രതികരണം. ബാക്കിയുള്ളവരുടെ അസ്വസ്ഥത താൻ കണക്കാക്കുന്നില്ല. സർക്കാരിനോട് ചേർന്ന് നിന്നാണ് എല്ലാവരും ദുരന്തബാധിതർക്കായി പ്രവർത്തിച്ചത്. ഇനിയും ദുരന്ത ബാധിതർക്കായി പ്രവർത്തിക്കും. ഇന്നലെ 50ലധികം വീടുകൾ ദുരന്ത ബാധിതർക്കായി സമർപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ENGLISH SUMMARY:

Wayanad model township for disaster victims sees its first phase inauguration, marked by a public address from Revenue Minister K Rajan where he seemingly criticized MLA T Siddique. The project, described as India's first township for disaster victims, aims to provide homes built with disaster engineering considerations.