വയനാട് മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിക്ക് കനത്ത തിരിച്ചടി. സർക്കാർ നടത്തിയ ഐഎഎസ് അഴിച്ചുപണിയിൽ ടൗൺഷിപ്പ് പദ്ധതിയുടെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തസ്തികയിൽ ആരെയും നിയമിച്ചില്ല. ഇതോടെ, സുപ്രധാനമായ ഈ പുനരധിവാസ പദ്ധതി നാഥനില്ലാ കളരിയായി മാറി. 

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ നടന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണിയിലാണ് ടൗൺഷിപ്പ് പദ്ധതിക്ക് പണികിട്ടിയത്. (ലിസ്റ്റിലെ 45 ആമത്തെ നമ്പറിൽ ഉണ്ട്) 2026 ജൂൺ എട്ടിന് പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം, ടൗൺഷിപ്പിന്‍റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായിരുന്ന ഡോ. ജെ.ഒ. അരുണിനെ ആ സ്ഥാനത്തുനിന്ന് മാറ്റി. പകരം, അദ്ദേഹത്തെ പദ്ധതിയുടെ സ്പെഷ്യൽ ഓഫീസറായും ജലഗതാഗത ഡയറക്ടറായും നിയമിച്ചു. എന്നാൽ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എന്ന നിർണായക പദവിയിൽ പുതിയ ആളെ നിയമിച്ചിട്ടില്ല. ഇതോടെ പദ്ധതിയുടെ തുടർപ്രവർത്തനങ്ങളും മേൽനോട്ടവും ആര് നിർവഹിക്കുമെന്നതിൽ വലിയ അവ്യക്തതയാണ് നിലനിൽക്കുന്നത്.

മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദുരന്തബാധിതരുടെ പുനരധിവാസ നടപടികൾ അതിവേഗം പൂർത്തിയാക്കാൻ വേണ്ടിയാണ് ഡോ. ജെ.ഒ. അരുണിനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി ചുമതലപ്പെടുത്തിയത്. ജില്ലാ കലക്ടർക്കൊപ്പം മുതിർന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ നേരിട്ടുള്ള ഇടപെടൽ ടൗൺഷിപ്പ് നിർമ്മാണത്തിന് വേഗത കൈവന്നിരുന്നു. എന്നാൽ പുതിയ മാറ്റത്തോടെ പ്രവർത്തനങ്ങൾ മന്ദഗതിയിലായി. 

ENGLISH SUMMARY:

Wayanad rehabilitation project faces significant setback due to an IAS reshuffle. The critical Chief Operating Officer position for the Mundakkai-Chooralmala township project remains unfilled, leading to uncertainty and potential delays.