കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ആര്‍ക്കും കൈകഴുകി രക്ഷപെടാനാവില്ലെന്ന് റവന്യുമന്ത്രി എ.പി.അനില്‍കുമാര്‍. ഈ സമയം വിവാദങ്ങള്‍ക്കില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിനാണ് ഇപ്പോള്‍ പ്രാധാന്യമെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. മറ്റ് വിശകലനങ്ങളിലേക്ക് ഇപ്പോഴില്ലെന്നും പിന്നീട് പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിര്‍മാണ മേഖലയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും എല്ലാം പെര്‍ഫെക്ട് എന്ന് പറഞ്ഞ് അംഗീകരിക്കാനാവില്ലെന്നും മന്ത്രി ടി.സിദ്ദിഖും പ്രതികരിച്ചു. പരസ്പരം ചെളി വാരിയെറിയാന്‍ ഇപ്പോള്‍ ശ്രമിക്കുന്നില്ലെന്നും കാണാതായവരെ കണ്ടെത്തുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം, തുരങ്കനിര്‍മാണ സ്ഥലത്തെ മണ്ണിടിച്ചില്‍ കൈകഴുകി മഴയെ പഴിക്കുകയാണ് നിര്‍മാണ കമ്പനിയായ ദിലീപ് ബില്‍ഡ്കോണ്‍. സാധാരണയിലും പത്തിരട്ടി മഴ പെയ്തതാണ് ദുരന്ത കാരണമെന്നാണ് കമ്പനിയുടെ ന്യയീകരണം. തുരങ്ക നിര്‍മാണത്തില്‍ സുരക്ഷാചട്ടങ്ങള്‍ കര്‍ശനമായി പാലിച്ചിട്ടുണ്ട്. ഖനനംചെയ്തവ കൈകാര്യം ചെയ്തത് നിര്‍ദേശം അനുസരിച്ചാണ്. നിര്‍മാണം നടക്കുന്ന സ്ഥലത്തല്ല മണ്ണിടിഞ്ഞതെന്നും അന്വേഷണത്തോട് സഹകരിക്കുമെന്നും കമ്പനി അറിയിച്ചു.
അതിനിടെ, മണ്ണിടിച്ചിലില്‍ മലയാളി എൻജിനീയർ കുഞ്ചുവിനും പരുക്കുപറ്റി. നിര്‍മാണത്തിന്റെ ഭാഗമായി എടുത്തിട്ട മണ്ണിന് ഒന്നും സംഭവിച്ചിട്ടില്ലെന്നും മണ്ണിടിഞ്ഞ് വന്നത് വനമേഖലയില്‍ നിന്നാണെന്നും കുഞ്ചു മനോരമ ന്യൂസിനോട് പറഞ്ഞു. ഒപ്പുണ്ടായിരുന്ന പ്രോജക്ട് എന്‍ജിനീയറെ കാണാതായെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.