വയനാട് തുരങ്കപ്പാത നിർമ്മാണത്തിൽ ഗുരുതര ചട്ടലംഘനം. പാരിസ്ഥിതിക അനുമതിയിലെ മണ്ണ് സംരക്ഷണം, തൊഴിലാളി സുരക്ഷ, ദുരന്തനിവാരണം, ഭരണപരമായ മേൽനോട്ടം, എന്നീ വിഭാഗങ്ങളിലായി പത്ത് വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു. അറുപത് വ്യവസ്ഥകളാണ് കേന്ദ്രസർക്കാർ വച്ചിരുന്നത്.
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലയിലൂടെയാണ് വയനാട് തുരങ്ക പാത കടന്നുപോകുന്നത് എന്നതിനാലും സമീപത്തുണ്ടായ മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ കണക്കിലെടുത്തുമാണ് കേന്ദ്രസർക്കാർ 60 വ്യവസ്ഥകൾ പാരിസ്ഥിതിക അനുമതിക്കായി വച്ചത്. ഇതിൽ പത്തോളം വ്യവസ്ഥകൾ ലംഘിക്കപ്പെട്ടതായാണ് വ്യക്തമാകുന്നത്. കള്ളാടി മണ്ണിടിച്ചിലിന് കാരണമായതും ഇതുതന്നെ.
കുഴിച്ചെടുക്കുന്ന മണ്ണും പാറയും സുരക്ഷാ മതിൽ കെട്ടി മുൻകൂട്ടി നിശ്ചയിച്ച അംഗീകൃത സ്ഥലത്ത് മാത്രമേ നിക്ഷേപിക്കാവൂ എന്നാണ് വ്യവസ്ഥ. മഴക്കാലത്ത് മണ്ണൊലിച്ചുപോയി ഉരുൾപൊട്ടൽ ഉണ്ടാകുന്നത് തടയാൻ ആണിത്. നിർമ്മാണ സമയത്ത് മാറ്റുന്ന മേൽമണ്ണ് സൂക്ഷിച്ച് ഗ്രീൻ ബെൽറ്റ് നിർമ്മിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇതു മറികടന്നാണ് കള്ളാടിയിൽ മണ്ണ് പദ്ധതി പ്രദേശത്ത് തന്നെ കൂട്ടിയിട്ടത്.
മണ്ണ് കൈകാര്യം ചെയ്യുന്നത് സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈനിങ് ആൻഡ് ഫ്യൂവൽ റിസർച്ചിന്‍റെ നിർദ്ദേശപ്രകാരമായിരിക്കണം. ഈ വ്യവസ്ഥകളെല്ലാം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് ആറുമാസത്തിലൊരിക്കൽ സ്റ്റേറ്റ് എക്സ്പേർട്ട് അപ്രൈസൽ കമ്മിറ്റി ഉറപ്പുവരുത്തേണ്ടതുമുണ്ട്. വ്യവസ്ഥകൾ പ്രകാരം ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ എൻവിയോൺമെന്‍റ് മാനേജ്മെന്‍റ് കമ്മിറ്റിക്കും നിർമ്മാണ സമയത്തെ പാരിസ്ഥിതിക പ്രശ്നങ്ങളും സുരക്ഷയും നിരീക്ഷിക്കാനുള്ള ചുമതലയുണ്ട്. വ്യവസ്ഥകൾ ലംഘിക്കപ്പെട്ടാൽ പാരിസ്ഥിതിക അനുമതി കേന്ദ്ര സർക്കാരിന് റദ്ദാക്കാനാകും.
2023 മാർച്ച് മുപ്പത്തിയൊന്നിനാണ് ഒന്നാം ഘട്ട പാരിസ്ഥിതിക അനുമതി കേന്ദ്രം നൽകിയത്. 2025 ജൂൺ പതിനേഴിന് ഉപാധികളോടെ രണ്ടാം ഘട്ട അനുമതി നൽകി.
പദ്ധതിയുടെ നടത്തിപ്പ് ചുമതല കൊങ്കൺ റെയിൽവേ കോർപ്പറേഷനും, നിർമ്മാണം ഭോപ്പാൽ ആസ്ഥാനമായ ദിലിപ് ബിൽഡ്കോണിനുമാണ്. കിഫ്ബി ഫണ്ടാണ് ഉപയോഗിക്കുന്നത്.