ഏറ്റവും അപകടസാധ്യതയുള്ള മേഖലയിലൂടെയാണ് വയനാട് തുരങ്കപാത നിര്‍മിക്കുന്നതെന്ന് ആദ്യപേജില്‍തന്നെ എഴുതിവച്ചാണ് സംസ്ഥാനതല പാരിസ്ഥിതിക അനുമതി സമിതി അംഗീകാരം നല്‍കിയതെന്ന് റിപ്പോര്‍ട്ട്. ‌പദ്ധതി നടപ്പിലാക്കുന്നതിനായി 25 നിബന്ധനകള്‍സമിതി മുന്നോട്ട് വെച്ചെങ്കിലും അതില്‍ഭൂരിഭാഗവും നടപ്പായില്ലെന്നാണ് കണ്ടെത്തല്‍. 2025 മാര്‍ച്ച് ഒന്നാം തീയതിയാണ് സംസഥാന തല പാരിസ്ഥിതിക അനുമതി വിദഗ്ധ സമിതി,  പദ്ധതിക്ക് അംഗീകാരം നല്‍കുന്നത്. അവരുടെ മിനിറ്റ്സ് തുടങ്ങുന്നതു തന്നെ മണ്ണിടിച്ചിലിന് അതീവസാധ്യതയുള്ള, പാരിസ്ഥിതി ലോലപ്രദേശത്തുകൂടിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും 2019ലും 2024 ലും ഇവിടെ വന്‍ മണ്ണിടിച്ചില്‍ ഉണ്ടായി എന്നും പറഞ്ഞുകൊണ്ടാണ്.   മണ്ണിടിച്ചിലിനും പാറകള്‍ അടര്‍ന്നുവീഴാനും വെള്ളം പൊട്ടിയൊലിച്ചെത്താനുമെല്ലാം സാധ്യതയുണ്ടെന്നും അനുമതി രേഖ പറയുന്നു. 2024 ലെ മുണ്ടകൈ ചൂരല്‍മല ദുരന്തത്തിന് ശേഷം ഇത്രയും  അപകടകരമായ തുരങ്കപാതക്ക് ഒരു വിദഗ്ധ സമിതി എന്തിന് അനുമതി നല്‍കി എന്ന് മാത്രം വ്യക്തമല്ല.  

25 നിബന്ധനകളാണ് സമിതി പ്രധാനമായി സര്‍ക്കാരിന് മുന്നില്‍വെച്ചത്. പാറപൊട്ടിക്കുമ്പോള്‍ ഉപരിതലത്തില്‍ പ്രകമ്പനം അനുഭവപ്പെടരുത് എന്നു തുടങ്ങി നിര്‍മാണ സമയത്ത് മണ്ണ് അട്ടിക്കിടരുതെന്നുവരെ നീളുന്നു നിബന്ധനകള്‍. ഇത് നിര്‍മാണ കമ്പനി അനുസരിച്ചില്ലെന്ന് കള്ളാടി ദുരന്തം വ്യക്തമാക്കുന്നു. സര്‍ക്കാര്‍സര്‍വീസിലുള്ളവര്‍, അധ്യാപകര്‍ എന്നിവരടങ്ങുന്ന സമിതിക്ക് ഇത്രയും ബൃഹത്തായ ഒരുപദ്ധതി പഠിക്കാനുള്ള ശേഷിയോ സൗകര്യങ്ങളോ ഇല്ലെന്ന വിമര്‍ശനം ആദ്യഘട്ടത്തില്‍തന്നെ  ഉയര്‍ന്നിരുന്നു.  രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങി സംസ്ഥാനതലത്തില്‍  നല്‍കിയ പാരിസ്ഥിതിക അനുമതിയുടെ ബലത്തിലാണ്  സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര അനുമതി കൂടി നേടിയെടുത്തത്. 

അതേസമയം, അപകട സ്ഥലത്ത് കുന്നു കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന് കരാറുകാരനോട് രേഖാമൂലം ആവശ്യപ്പെട്ടുവെന്ന് മേപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി മനോരമ ന്യൂസിനോട് വെളിപ്പെടുത്തി. കരാറുകാരനെ പഞ്ചായത്ത് ഓഫിസിലേക്ക് വിളിച്ചുവരുത്തി അപകട മുന്നറിയിപ്പ് നൽകി. നാലു നില കെട്ടിടത്തിന്റെ ഉയരത്തിൽ മണ്ണ് കൂട്ടിയിട്ടതായും ജില്ലയിൽ എവിടെയും മണ്ണ് കൂട്ടിയിടാൻ സ്ഥലം കിട്ടുന്നില്ലെന്നായിരുന്നു കരാറുകാരന്റെ മറുപടിയെന്നും ഗ്രാമപഞ്ചായത്ത് അംഗങ്ങൾ  പറഞ്ഞു.

ENGLISH SUMMARY:

The Wayanad tunnel road project has come under intense scrutiny following reports that it was approved despite its location in an extremely high-risk landslide zone. State-level environmental expert committees allegedly highlighted these dangers in their approval minutes, noting past landslide incidents in the area, yet the project proceeded with 25 safety conditions that experts claim have been largely ignored. The committee's approval, granted in March 2025, sparked criticism regarding the feasibility of such a massive project given the ecological sensitivity of the region following the 2024 Mundakkai-Chooralmala disaster. Evidence of these violations emerged after reports indicated that construction contractors failed to manage excavated soil, leading to significant instability in the area. Meppadi Grama Panchayat authorities confirmed that they had repeatedly warned the contractor about the dangerous stockpiling of soil, which reached the height of a four-story building, but their concerns were reportedly disregarded. This ongoing controversy now raises serious questions about political pressure, regulatory oversight, and the safety protocols governing major infrastructure projects in environmentally fragile terrains.