തെറ്റുതിരുത്തിയാൽ വിമതരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കാമെന്ന പരസ്യപ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജനെതിരെ പാർട്ടിയിൽ രൂക്ഷവിമർശനം. പാർട്ടി അനുമതിയില്ലാതെ വിമതർക്ക് അനുകൂലമായി സംസാരിക്കുകയും അനാവശ്യ വിവാദങ്ങൾക്ക് വഴിതുറക്കുകയും ചെയ്തതിനാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ജയരാജനെതിരെ മുതിർന്ന നേതാക്കൾ രംഗത്തുവന്നത്. യോഗത്തിൽ വിമർശനം കടുത്തതോടെ തനിക്ക് വീഴ്ച പറ്റിയതായി എം.വി. ജയരാജൻ സമ്മതിച്ചു. വിവാദം ഏറ്റു പിടിക്കാൻ ശ്രമിച്ച പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെയും സെക്രട്ടേറിയറ്റിൽ വിമർശനമുയർന്നു. 

സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറിയും നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ എം.വി. ജയരാജൻ കഴിഞ്ഞ ദിവസം ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം നടത്തിയത്. പാർട്ടി വിട്ടുപോയ മുൻ നേതാക്കളായ വി. കുഞ്ഞികൃഷ്ണൻ, ടി.കെ. ഗോവിന്ദൻ എന്നിവർ തെറ്റുതിരുത്താൻ തയാറായാൽ തിരികെ ഉൾക്കൊള്ളുന്നതിൽ പാർട്ടിക്ക് വിരോധമില്ലെന്നായിരുന്നു ജയരാജന്റെ വാക്കുകൾ. എന്നാൽ ഔദ്യോഗികമായി ചർച്ച ചെയ്യാത്ത ഇത്തരം നയപരമായ കാര്യങ്ങൾ ഒരു നേതാവ് വ്യക്തിപരമായി പ്രഖ്യാപിച്ചത് തെറ്റാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. 

എം.വി.ജയരാജന്‍റെ പ്രസ്താവനയ്ക്കെതിരെ ടി.കെ.ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരസ്യ പ്രതികരണവും നടത്തിയിരുന്നു. തെറ്റുപറ്റിയത് സിപിഎമ്മിനാണെന്നും അത് തുറന്ന് പറഞ്ഞ സ്ഥിതിക്ക് തിരുത്തേണ്ടതുണ്ടെന്നുമായിരുന്നു ടി.കെ.ഗോവിന്ദന്‍ എംഎല്‍എയുടെ പ്രതികരണം. തെറ്റായ രീതിയില്‍ നയിക്കുന്നവരാണ് വര്‍ഗ വഞ്ചകര്‍. അത് ജനം തിരിച്ചറിഞ്ഞതിനാലാണ് പ്രതിപക്ഷത്തായത്. അധികാരമോഹം പാര്‍ട്ടിയില്‍ കൊടികുത്തി വാഴുന്നുവെന്ന് നേതാക്കള്‍ മനസിലാക്കണമെന്നും ടി.കെ.ഗോവിന്ദന്‍ തുറന്നടിച്ചിരുന്നു. എന്ത് തെറ്റാണ് തങ്ങള്‍ ചെയ്തതെന്നായിരുന്നു വി. കുഞ്ഞികൃഷ്ണന്‍റെ പ്രതികരണം. ഇതിന് 'വര്‍ഗ വഞ്ചകര്‍' എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മറുപടി നല്‍കുകയും ചെയ്തതോടെ വിവാദം കനത്തു. പിന്നാലെ എം.വി.ജയരാജനും തന്‍റെ നിലപാടില്‍ നിന്ന് പിന്നാക്കം പോകുകയായിരുന്നു.

ENGLISH SUMMARY:

A major political row has erupted within the Kerala CPI(M) after state secretariat member MV Jayarajan suggested that expelled leaders could be welcomed back into the party fold if they "correct their mistakes." Speaking to a local television channel in July 2026, Jayarajan appeared to extend an olive branch to independent MLAs T.K. Govindan and V. Kunhikrishnan, who were expelled from the party earlier this year. However, his remarks triggered sharp criticism from senior leadership, including state secretary M.V. Govindan, who clarified that these comments did not represent the party’s official stance. In the face of intense pressure during a state secretariat meeting, Jayarajan admitted that his unauthorized comments constituted a lapse in judgment. Meanwhile, the dissident leaders have rejected the possibility of returning to the CPI(M), with T.K. Govindan alleging that Jayarajan’s move was a calculated conspiracy designed to undermine the party state secretary's image. This internal friction comes in the wake of the CPI(M)'s introspection following the 2026 Assembly election defeats in constituencies like Payyannur and Taliparamba