kerala-salary-election

സർക്കാർ ഉദ്യോഗസ്ഥർക്ക് നൽകേണ്ടുന്ന വേതനാനുകൂല്യങ്ങൾ വർഷങ്ങളോളം വൈകിപ്പിക്കുകയും, ഒടുവിൽ തിരഞ്ഞെടുപ്പിന് തൊട്ടുമുന്നിലായി അത് നൽകുമെന്ന പ്രഖ്യാപനത്തെ ഭരണപ്പാർട്ടിയുടെ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. സർക്കാർ എന്ന ഭരണഘടനാ സംവിധാനത്തെ വിശ്വസിച്ച് ജീവനക്കാർ തങ്ങളുടെ ഔദ്യോഗികാവശ്യങ്ങൾക്കായി സമർപ്പിച്ച ഫോൺ നമ്പറുകളും വ്യക്തിവിവരങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനായി ദുരുപയോഗിക്കുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'ഒരു ജനാധിപത്യ സർക്കാരിലെ സിവിൽ സർവ്വീസിൻ്റെ ഏറ്റവും വലിയ സവിശേഷത എന്നത് അത് നിഷ്പക്ഷവും കക്ഷി രാഷ്ട്രീയ വിമുക്തവും ആകണം എന്നതാണ്. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൻ്റെ നയപരിപാടികളുടെ നടത്തിപ്പുകാരായിരിക്കുമ്പോൾത്തന്നെ അതിൻ്റെ രാഷ്ട്രീയ പ്രചാരകരാവുക എന്നത് സിവിൽ സർവ്വീസിൻ്റെ ജോലിയല്ല.  ഭരണാധികാരികളോട് രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ള പൗരർക്ക് പോലും സിവിൽ സർവീസിൽ നിന്ന് നീതിയുക്തമായ പരിഗണന ലഭിക്കണമെങ്കിൽ ഈ നിഷ്പക്ഷത കൂടിയേ തീരൂ.

ഈ അടിസ്ഥാന സങ്കൽപ്പത്തെ തകിടംമറിക്കുന്ന രീതിയിലാണ് ഇപ്പോൾ പിണറായി വിജയൻ്റെ ഓഫീസ് സിവിൽ സർവ്വീസിൽ ഇടപെടുന്നത്. പാർട്ടിയും സർക്കാരും നേതാവും പോലീസ് സ്റ്റേഷനും കോടതിയുമാക്കെ ഒന്നാവുന്ന കമ്മ്യൂണിസ്റ്റ് ഭരണത്തിൽ ഇത് സ്വാഭാവികമായിരിക്കാം, എന്നാൽ ജനാധിപത്യത്തിൽ അങ്ങനെയല്ല. സർക്കാർ ഉദ്യോഗസ്ഥരുടെ വേതനാനുകൂല്യങ്ങൾ വൈകിപ്പിക്കുകയും ഒടുവിൽ തെരഞ്ഞെടുപ്പിന് തൊട്ടുമുന്നിലായി അത് നൽകുമെന്ന പ്രഖ്യാപനത്തെ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിക്കുകയും ചെയ്യുകയാണ് കേരള മുഖ്യമന്ത്രിയുടെ ഓഫീസ്. ജീവനക്കാർ തങ്ങളുടെ ഔദ്യോഗികാവശ്യങ്ങൾക്കായി സമർപ്പിച്ച ഫോൺ നമ്പറുകളും വ്യക്തിവിവരങ്ങളുമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദുരുപയോഗിക്കുന്നത്.

സംരംഭകരാവാനും കച്ചവട സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്യാനും പഞ്ചായത്തുകളിലും വ്യവസായ വകുപ്പിലും പേരു വിവരങ്ങൾ നൽകിയവർക്കും മുഖ്യമന്ത്രിയുടെ ഓഫീസ് ഈ പ്രചരണ സന്ദേശങ്ങൾ അയക്കുകയാണ്. അവരിൽപ്പലരും "ഇതാ കേരള മുഖ്യമന്ത്രി എന്നെയും എൻ്റെ സംരംഭത്തേയും നേരിട്ട് ശ്രദ്ധിക്കുന്നുണ്ടേ" എന്ന നിലയിൽ ഈ ഓട്ടമേറ്റഡ് മെസേജിനെ ആഘോഷിക്കുന്നതും കണ്ടു. ഇത്ര നിഷ്ക്കളങ്കരാവുന്നതും സാമാന്യബുദ്ധി പണയം വെക്കുന്നതും ബിസിനസിൽ നല്ലതിനല്ല എന്നേ അവരോട് സ്നേഹപൂർവ്വം ഉപദേശിക്കാനുള്ളൂ.

ഏതായാലും പഞ്ചായത്തീരാജ് സംവിധാനത്തേക്കുറിച്ച് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി പഞ്ചായത്ത് പ്രസിഡണ്ടുമാർക്ക് കത്തയച്ചതും പഞ്ചവൽസര പദ്ധതിയേക്കുറിച്ച് ജവഹർലാൽ നെഹ്റു മുഖ്യമന്ത്രിമാർക്ക് കത്തയച്ചതുമായൊക്കെ പിണറായി വിജയൻ്റെ ഈ ഒടുക്കത്തെ പിആർ നെട്ടോട്ടത്തെ താരതമ്യപ്പെടുത്തി ക്യാപ്സ്യൂൾ നിർമ്മിക്കുന്ന ആവേശകുമാരന്മാർ ആ പണി തുടർന്നോട്ടെ. സ്തുതിപാടൽ എന്നതല്ലാതെ കൊട്ടാരം വിദൂഷകർക്ക് വേറെ പണിയൊന്നും അറിയില്ലല്ലോ. കാര്യമെന്താണെന്ന് ജനങ്ങൾക്കും ഇപ്പോൾ കോടതിക്കും മനസ്സിലായിത്തുടങ്ങിയിട്ടുണ്ട്'. – വിടി ബല്‍റാം വ്യക്തമാക്കുന്നു.  

ENGLISH SUMMARY:

Kerala Chief Minister's office is using government employee salary and benefit announcements as political propaganda, exploiting personal data submitted by employees for official purposes. This action by the Chief Minister is seen as undermining the neutrality and non-partisan nature of the civil service, which is a cornerstone of a democratic government.