Image Credit: Facebook (Left), Manorama (Right)

Image Credit: Facebook (Left), Manorama (Right)

നാലുപേര്‍ക്ക് പുതുജീവന്‍ നല്‍കി അനശ്വരതയിലേക്ക് മറഞ്ഞ ആലിനെന്ന കുഞ്ഞുമാലാഖയെ കേരളം മറക്കാന്‍ നേരമായിട്ടില്ല. പത്തുമാസം മാത്രം പ്രായമുള്ള പിഞ്ചോമനയുടെ മരണത്തിലും മറ്റുള്ളവര്‍ക്ക് വെളിച്ചമേകുകയായിരുന്നു മാതാപിതാക്കളായ അരുണ്‍ എബ്രഹാമും ഷെറിന്‍ ആന്‍ ജോണും. എന്നാലിതാ സമൂഹമാധ്യമങ്ങളില്‍ അതിനിന്ദ്യവും ക്രൂരവുമായി സൈബര്‍ ആക്രമണത്തിന് ഇരയാവുകയാണ് ഇരുവരും. Also Read: 'ഞാൻ ഡോണർ കാർഡ് പോക്കറ്റിലിട്ടാണ് നടക്കുന്നത്, എനിക്കെന്തു സംഭവിച്ചാലും അവയവദാനം നടക്കും

മകള്‍ മരിച്ചപ്പോള്‍ കരയാതെയിരിക്കുന്നതെന്താണെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളിലൂടെ ചിലര്‍ പ്രചരിപ്പിക്കുന്നത്. കുഞ്ഞിന്‍റെ മരണത്തിലും വാഹനാപകടത്തിലും അന്വേഷണം വേണമെന്നതടക്കമുള്ള ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന കമന്‍റുകളാണ് സമൂഹമാധ്യമങ്ങളില്‍. 'എത്രയൊക്കെ ആയാലും പെറ്റമ്മ കുഞ്ഞിനെ ഓര്‍ത്ത് കരയില്ലേ എന്നും അമ്മയ്ക്ക് സങ്കടമുള്ളതായി തോന്നുന്നില്ല എന്നും മകള്‍ പോയതില്‍ സങ്കടമില്ലാത്ത അമ്മ അമ്മ തന്നെയാണോ എന്നും, ഇവര്‍ കല്യാണത്തിനാണോ വന്നിരിക്കുന്നത് എന്നെല്ലാമുള്ള ഹൃദയശൂന്യമായ കമന്‍റുകളാണ് ആളുകള്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ചുവടെ ചേര്‍ത്തിരിക്കുന്നത്.  Read More: അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ടിന് ആലിൻ ഷെറിന്‍റെ പേര് നൽകുന്നത് പരിഗണിക്കും; കുടുംബത്തെ കണ്ട് മുഖ്യമന്ത്രി

വലിയ വിമര്‍ശനവും ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.  മാതാപിതാക്കളുടെ സങ്കടത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സമൂഹം ആരാണെന്നും ആളുകള്‍ കാണ്‍കെ അലമുറയിട്ട് കരഞ്ഞാല്‍ മാത്രമേ സങ്കടമുള്ളതായി അംഗീകരിക്കുകയുള്ളോ എന്നും ആളുകള്‍ എഴുതുന്നു. സാഡിസ്റ്റുകളായ മനുഷ്യര്‍ക്കല്ലാതെ ഇങ്ങനെ ക്രൂരമായി പ്രതികരിക്കാന്‍ കഴിയില്ലെന്നും ആളുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. എന്തിലും ഏതിലും അപരനെ വിധിക്കാനുള്ള മലയാളിയുടെ വല്ലാത്ത മാനസികാവസ്ഥയാണ് ഇതില്‍ തെളിയുന്നതെന്നും ആകെയുണ്ടായിരുന്ന കുഞ്ഞിനെ നഷ്ടമായ മാതാപിതാക്കളുടെ ഉള്ളിലെ വിങ്ങല്‍ ആരെയാണ് അവര്‍ ബോധ്യപ്പെടുത്തേണ്ടതെന്നും ആളുകള്‍ കുറിക്കുന്നു. 

ഫെബ്രുവരി അഞ്ചിന് അരുണിനും ഷെറിനുമൊപ്പം കാറില്‍ സഞ്ചരിക്കവേയാണ് എംസി റോഡില്‍ പള്ളം ബോര്‍മ കവലയില്‍ വച്ച് അപകടമുണ്ടായത്. ദിവസങ്ങളോളം ചികില്‍സയില്‍ കഴിഞ്ഞ ആലിന് വെള്ളിയാഴ്ച ഉച്ചയോടെ മസ്തിഷ്ക മരണം സംഭവിച്ചു. തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. ആലിന്‍റെ വൃക്കകളും കരളും ഹൃദയവാല്‍വും നാലു കുഞ്ഞുങ്ങള്‍ക്കാണ് പുതിയ ജീവിതമേകിയത്. നെഞ്ച് തകരുന്ന വേദനയിലും പകരം വയ്ക്കാനില്ലാത്ത മാതൃകയാണ് സമൂഹത്തിന് ആ മാതാപിതാക്കള്‍ കാണിച്ച് തന്നത്. ആലിന്റെ അവയവങ്ങള്‍ സ്വീകരിച്ച രണ്ട് കുട്ടികളുടെയും ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. 

ENGLISH SUMMARY:

In a heart-wrenching turn of events, the parents of 10-month-old baby Aal, who gained nationwide respect for donating her organs after a fatal accident, are now facing cruel cyberattacks. Social media trolls have targeted Arun Abraham and Sherin Ann John, questioning why they weren't seen crying in public or labeling their stoicism as a lack of grief. This insensitive behavior has drawn massive backlash from the public, who condemn the tendency to judge a parent's sorrow based on outward emotional displays. Baby Aal's kidneys, liver, and heart valves have given a second lease of life to four other children following her brain death on February 13, 2026. Experts and netizens argue that such sadistic comments only deepen the trauma of a grieving family. Despite the loss of their only child in an MC Road accident, the parents' decision remains a pinnacle of selflessness in Kerala's history.