Untitled design - 1

"ഞാൻ എന്റെ ഡോണർ കാർഡ് പോക്കറ്റിൽ ഇട്ടാണ് നടക്കുന്നത്, എനിക്കെന്തു സംഭവിച്ചാലും എന്റെ അവയവങ്ങൾ ദാനം ചെയ്യണം. നമ്മളെല്ലാവരും മണ്ണിൽ നിന്ന് ജനിച്ച് മണ്ണിലേക്ക് പോകുന്നവരാണ്. എന്റെ കുഞ്ഞിലൂടെ അതെനിക്ക് നേരത്തെ സാധിച്ചു "  -  വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലിരിക്കെ മരിച്ച ആലിന്‍ ഷെറിന്‍റെ പിതാവിന്‍റെ വാക്കുകളാണിത്. പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍റെ അവയവങ്ങള്‍ 4 പേര്‍ക്കായാണ് ദാനം ചെയ്തത്. ഇപ്പോഴിതാ തനിക്കെന്തു സംഭവിച്ചാലും  അവയവങ്ങൾ ദാനം ചെയ്യണമെന്നാണ് അരുണ്‍ ഉറപ്പിച്ചു പറയുന്നത്. 

അവയവദാനത്തില്‍ പുതുചരിത്രംകുറിച്ചുകൊണ്ടാണ് പത്തുമാസം പ്രായമുള്ള ആലിന്‍ ഷെറിന്‍റെ അവയവങ്ങള്‍ ദാനം ചെയ്തത്. ആലിന്‍ ഷെറിന്‍ എബ്രഹാം നാലുപേര്‍ക്ക് ജീവനേകിയാണ് കടന്നുപോകുന്നത്. ഹൃദയം നുറുങ്ങുന്ന വേദനയിലും കുടുംബം അവയവദാനത്തിന് തീരുമാനമെടുക്കുകയായിരുന്നു. മല്ലപ്പളളി വാലുമണ്ണില്‍ അരുണിന്‍റെയും ഷെറിന്‍റെയും ഏകമകളാണ് ആലിന്‍ ഷെറിന്‍ എബ്രഹാം. 

നെയ്യാറ്റിന്‍‌കരയിലെ പത്തുവയസുകാരി ശ്രേയയ്ക്കാണ് വൃക്കകള്‍ മാറ്റിവയ്ക്കുന്നത്. ഒരുവര്‍ഷമായി ഡയാലിസിസ് നടത്തിവരികയായിരുന്നു ശ്രേയ. നെയ്യാറ്റിന്‍കര സ്വദേശികളായ ഷാജി–ഹരിത ദമ്പതികളുടെ മകളാണ് ശ്രേയ. ആലിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ഷാജിയും ഹരിതയും മനോരമ ന്യൂസിനോട് പറഞ്ഞു.  

ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവ് ആയി മാറിയിരിക്കുകയാണ് ആലിന്‍ ഷെറിന്‍. ആലിനെ സംസ്ഥാനം ഔദ്യോഗിക ബഹുമതികളോടെയാണ് യാത്രയാക്കിയത്. ആലിന്റെ മാതാപിതാക്കള്‍ വലിയ മാതൃകയാണെന്നും കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നെന്നും മുഖ്യമന്ത്രി ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. 

ENGLISH SUMMARY:

A ten-month-old baby, Alin Sherin, has become the youngest organ donor in Kerala, giving the gift of life to four individuals. Her parents, Arun and Sherin, bravely decided to donate her organs after she passed away following a road accident, setting a remarkable example of generosity.