വീട്ടിൽ ഒരു കുട്ടിക്ക് ഓട്ടിസമോ മറ്റെന്തെങ്കിലും ശാരീരിക വെല്ലുവിളിയോ സ്ഥിരീകരിച്ചാൽ കുടുംബമാകെ വലിയ വിഷമത്തിലേയ്ക്ക് പോകുകയാണ് പതിവ്. എന്നാൽ ശാരീരിക പരിമിതിയുള്ളവരുടെ വിഭാഗത്തിൽ മിസ്റ്റർ തിരുവനന്തപുരം ആയ പീയുഷിനെ കണ്ടാൽ ആ വിഷമമൊക്കെ തീരും. ഒട്ടേറെ ശാരീരിക ബുദ്ധിമുട്ടുകൾ ഉള്ള പീയുഷിനെ ജിം ട്രെയിനറായ ദിപിൻ കണ്ടെത്തി പരിശീലിപ്പിക്കുന്നതോടെയാണ് മാറ്റങ്ങളുടെ തുടക്കം.
ഓട്ടിസം ബാധിച്ച , മിണ്ടാൻ പറ്റാത്ത , ശരീരത്തിന്‍റെ ഒരു ഭാഗത്തിന് തളർച്ചയുള്ള, കാലും കൈയുമൊക്കെ ശരിക്ക് നിവരാത്ത ഒരാളായിരുന്നു ഈ മസിൽ മാനെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ ? ജിം ട്രെയിനായ ദിപിനാണ് പീയുഷിന്‍റെ കഴിവുകളെ പൊടി തട്ടിയെടുത്തത്.
ജന്മനാ ശാരീരിക പരിമിതിയുള്ള പീയൂഷ് 24–ാം വയസിലാണ് ജിമ്മിൽ വന്നുതുടങ്ങിയത്. നാലു വർഷം കൊണ്ട് പീയൂഷ് ആളാകെ മാറി. ഒരു വർഷത്തിനുള്ളിൽ മിസ്റ്റർ ട്രിവാൻഡ്രം മത്സരത്തിൽ പങ്കെടുത്തു. രണ്ടും മൂന്നും വർഷങ്ങളിൽ രണ്ടാം സ്ഥാനo. നാലാം ശ്രമത്തിൽ മി ട്രിവാൻഡ്രം പട്ടം അടിച്ചെടുത്തു പീയൂഷ്.
നാട്ടുകാരുടെ വാഹനങ്ങളുടെയെല്ലാം കേട് പാട് തീർക്കുന്ന നല്ലൊരു മെക്കാനിക്ക് കൂടിയാണ് പീയൂഷ്. പീയുഷിന്‍റെ വിഡിയോ കണ്ട് തന്നെയും പരിശീലിപ്പിക്കുമോ എന്നു ചോദിച്ചെത്തിയ ശാരീരിക പരിമിതികൾ ഉള്ള മൂർത്തിയുടെ ട്രെയിനറാണ് പീയൂഷ് . രണ്ടു പേരും ഒന്നിച്ചാണ് അതിജീവനം.