Ai Generated Image

പുരുഷന്മാരിലെ അസാധാരണ സ്തനവളര്‍ച്ച അവരുടെ ആത്മവിശ്വാസത്തെ തന്നെ സാരമായി ബാധിച്ചേക്കാം. ജിമ്മില്‍ പോയി കഠിനമായ വ്യായാമങ്ങള്‍ ചെയ്ത് ഇതിന് പരിഹാരം കാണാന്‍ പലരും ശ്രമിക്കാറുണ്ടെങ്കിലും ഫലം കണ്ടെന്നുവരില്ല. കൗമാരപ്രായത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന കുട്ടില്‍ ചിലപ്പോള്‍ കടുത്ത മാനസിക സമ്മര്‍ദത്തിലൂടെ വരെ കടന്നുപോയെന്ന് വരാം. ചികില്‍സിക്കേണ്ട ഒരു രോഗമല്ല അമിത സ്തനവളര്‍ച്ചയെങ്കിലും കുട്ടിയുടെയോ നിങ്ങളുടെയോ സാമൂഹിക ജീവിതത്തില്‍ ഇത് മൂലം ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നുണ്ടെങ്കില്‍, കുട്ടിക്ക് ഭാവിജീവിതത്തില്‍ ഒരു ട്രോമ ഉണ്ടാകാതിരിക്കാനും ചികില്‍സ തേടാവുന്നതാണ്.

പുരുഷന്മാരിലുണ്ടാകുന്ന അസാധാരണ സ്തനവളര്‍ച്ചയെ ഗൈനക്കോമാസ്റ്റിയ (Gynecomastia) എന്നാണ് പറയുന്നത്. ഈസ്ട്രജൻ, ടെസ്റ്റോസ്റ്റിറോൺ എന്നീ ഹോർമോണുകളുടെ അളവിലുണ്ടാകുന്ന അസന്തുലിതാവസ്ഥയാണ് ഇതിന് കാരണം. ഗൈനക്കോമാസ്റ്റിയ ഒരേയൊരു സ്തനത്തെയോ അല്ലെങ്കിൽ രണ്ടെണ്ണത്തിനെയോ ഒരുപോലെയോ വ്യത്യസ്ത രീതിയിലോ ബാധിക്കാം. സ്തനകലകൾ വളരാതെ, കേവലം കൊഴുപ്പ് മാത്രം അടിയുന്ന അവസ്ഥയാണ് സ്യൂഡോഗൈനക്കോമാസ്റ്റിയ (Pseudogynecomastia). ഹോർമോൺ അളവിലുണ്ടാകുന്ന സ്വാഭാവിക മാറ്റങ്ങൾ കാരണം നവജാതശിശുക്കൾ, യൗവനത്തിലേക്ക് കടക്കുന്ന ആൺകുട്ടികൾ, പ്രായമായ പുരുഷന്മാർ എന്നിവരിൽ ഗൈനക്കോമാസ്റ്റിയ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതുകൂടാതെ മറ്റ് കാരണങ്ങളും ഉണ്ടാകാം. ഗൈനക്കോമാസ്റ്റിയ ഒരു ഗുരുതരമായ ആരോഗ്യപ്രശ്നമല്ല. എങ്കിലും, ഈ അവസ്ഥ മാനസികമായി കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. ഗൈനക്കോമാസ്റ്റിയ ഉള്ള ചിലർക്ക് സ്തനങ്ങളിൽ വേദന അനുഭവപ്പെടാറുണ്ട്. കൂടാതെ ഇത് നിരാശയോ ലജ്ജയോ ഉണ്ടാക്കാനും ഇടയാക്കും.

സ്തനങ്ങളിലെ ഗ്രന്ഥി കോശങ്ങൾ (glandular tissue) വികസിക്കുന്ന അവസ്ഥയാണ് ഗൈനക്കോമാസ്റ്റിയ. സ്തനങ്ങളിലെ ഇത്തരം കോശങ്ങളുടെ വളർച്ചയ്ക്ക് കാരണമാകുന്നത് ഈസ്ട്രജൻ എന്ന ഹോർമോണാണ്. അതോടൊപ്പം, ഈസ്ട്രജൻ ടെസ്റ്റോസ്റ്റിറോണിന്റെ ഉൽപ്പാദനത്തെ തടയുകയും ചെയ്യുന്നു. വൃഷണങ്ങളിൽ ടെസ്റ്റോസ്റ്റിറോൺ പുറപ്പെടുവിക്കാൻ സഹായിക്കുന്ന ലൂട്ടിനൈസിംഗ് ഹോർമോണിന്റെ  പ്രവർത്തനത്തെ ഈസ്ട്രജൻ പ്രതിരോധിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ചുരുക്കത്തിൽ, ഈസ്ട്രജന്റെ അളവ് കൂടുന്നതും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയുന്നതുമാണ് ഭൂരിഭാഗം കേസുകളിലും ഗൈനക്കോമാസ്റ്റിയയിലേക്ക് നയിക്കുന്നത്. 

ഇനി ഇവയൊന്നുമല്ലാതെ മറ്റുപല ആരോഗ്യപ്രശ്നങ്ങളുടെ ഒരു ലക്ഷണമായോ അല്ലെങ്കിൽ അവയുടെ ഫലമായോ ഗൈനക്കോമാസ്റ്റിയ ഉണ്ടാകാം. അഡ്രീനൽ ഗ്രന്ഥിയിലെ മുഴകൾ, ഹൈപ്പർതൈറോയിഡിസം, വൃക്കരോഗങ്ങൾ, ക്ലൈൻഫെൽട്ടർ സിൻഡ്രോം, കരളിലെ രോഗങ്ങളും സിറോസിസും, മെയിൽ ഹൈപ്പോഗൊനാഡിസം, പിറ്റ്യൂട്ടറി ഗ്രന്ഥിയിലെ മുഴകൾ, പ്രത്യേകിച്ച് പ്രൊലാക്റ്റിനോമ, വൃഷണങ്ങളിലെ മുഴകൾ എന്നിവയുടെ ലക്ഷണമായും അനന്തരഫലമായും ഗൈനക്കോമാസ്റ്റിയ ഉണ്ടാകാം. ചില മരുന്നുകളുടെ പാർശ്വഫലമായും ഗൈനക്കോമാസ്റ്റിയ ഉണ്ടാകാം. ആംഫെറ്റാമൈനുകൾ, കഞ്ചാവ്, ഹെറോയിൻ (heroin) തുടങ്ങിയ ലഹരിവസ്തുക്കളുടെ ഉപയോഗവും ഗൈനക്കോമാസ്റ്റിയയ്ക്ക് കാരണമായേക്കാം. അനബോളിക് സ്റ്റിറോയിഡുകളുടെ ദുരുപയോഗവും ഇതിലേക്ക് നയിക്കാം. ഗൈനക്കോമാസ്റ്റിയയ്ക്ക് ഏത് വയസില്‍ വേണമെങ്കിലും ചികിത്സ തേടാവുന്നതാണ്. ജിമ്മിലൂടെയും വര്‍ക്കൗട്ടിലൂടെയും ഈ അവസ്ഥ മാറ്റിയെടുക്കുവാന്‍ സാധിക്കില്ല. സ്തനങ്ങള്‍ക്കടിയിലെ കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കുമെങ്കിലും നിപ്പിളിന് അടിയിലുള്ള ഗ്രന്ഥികളെ മാറ്റാന്‍ കഴിയില്ല. ഗൈനക്കോമാസ്റ്റിയ പൂര്‍ണ്ണമായി മാറാന്‍ ശസ്ത്രക്രിയ തന്നെയാണ് ഏക പോംവഴി. ഒരു ദിവസം കൊണ്ട് ചെയ്യാവുന്ന സിംപിള്‍ സര്‍ജറിയിലൂടെ ഗൈനക്കോമാസ്റ്റിയയ്ക്ക് പരിഹാരം കാണാനാകും.

 

ENGLISH SUMMARY:

Gynecomastia is the abnormal enlargement of breast tissue in men, often impacting self-confidence and social life. While not a serious medical condition, it can cause distress and may require treatment, particularly if it leads to psychological difficulties or physical discomfort.