സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ് അവയവ ദാതാവായി ചരിത്രത്തില്‍ ഇടംനേടിയിരിക്കുകയാണ് ആലിന്‍ ഷെറിന്‍ എബ്രഹാം. പത്ത് മാസം പ്രായമുള്ള കുഞ്ഞിന്‍റെ വൃക്ക, കരള്‍ , ഹൃദയവാല്‍വ് എന്നിവയാണ് ദാനം ചെയ്യുക. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കും. വാഹനാപകടത്തില്‍ മസ്തിഷ്കമരണം സംഭവിക്കുകയായിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളാണ് ആലിന്‍.
പത്ത് മാസം മാത്രം പ്രായമുള്ളതിനാല്‍ തന്നെ സ്വീകർത്താവിനെ കണ്ടുപിടിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്‍ ഓര്‍ഗനൈസേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നോബിള്‍ ഗ്ലേഷ്യസ് മനോരമ ന്യൂസിനോട് പറഞ്ഞു. സാധാരണ ഒരു അഞ്ചോ ആറോ വയസ്സിൽ താഴെയുള്ള കുട്ടികൾക്കാണ് ഈ കുഞ്ഞിന്റെ അവയവം സ്വീകരിക്കാൻ പറ്റുന്നത്. കാരണം വൃക്കകൾ തന്നെ വളരെ ചെറുതാണ്. അഞ്ച് സെന്‍റിമീറ്ററാണ് ഈ കുഞ്ഞിന്‍റെ വൃക്ക. പത്ത് വയസുള്ള കുഞ്ഞിന് കൊടുക്കാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. രണ്ട് വൃക്കയും ഒരു കുഞ്ഞിന് കൊടുക്കാനാണ് തീരുമാനം. ചെറിയ കുഞ്ഞുങ്ങളുടേത് ഡബിള്‍ കിഡ്നിയായിട്ടായിരിക്കും കൊടുക്കുക. കരള്‍ സാധാരണ സമപ്രായക്കാര്‍ക്കാവും കൊടുക്കുക. എന്നാലേ ശരീരത്തില്‍ വക്കാന്‍ പറ്റുകയുള്ളൂവെന്നും നോബിള്‍ ഗ്രേഷ്യസ് പറഞ്ഞു.
കുഞ്ഞിന്‍റെ രണ്ട് വൃക്കകള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്.എ.ടി. ആശുപത്രിയിലെ പീഡിയാട്രിക് നെഫ്രോളജി വാര്‍ഡില്‍ ചികിത്സയിലുള്ള കുട്ടിക്ക് നല്‍കും. എറണാകുളം അമൃത ആശുപത്രിയിൽ നിന്ന് വൈകീട്ട് രണ്ട് വൃക്കകൾ, കരൾ, ഹൃദയവാൽവ് എന്നിവ റോഡ് മാർഗം ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ശ്രീ ചിത്രയിലേക്കും കൊണ്ടു വരും.
തീവ്രദു:ഖത്തിലും മറ്റുള്ളവരുടെ ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ എടുത്ത തീരുമാനത്തിന് നന്ദി അറിയിക്കുന്നുവെന്നും ആ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.