ചികിത്സയും തിരക്കുകളും നിറഞ്ഞ ആശുപത്രിയുടെ പതിവ് മുഖത്തിന് വേറിട്ടൊരു ഭംഗി പകരുകയാണ് തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ 'മെക്സിക്കൻ ബ്ലോസം'. ആശങ്ക നിഴലിച്ച മുഖങ്ങളിൽ പുഞ്ചിരി വിടർത്തുന്ന തബേബൂയ റോസ് പൂക്കൾ (Tabebuia Rosea) ആശുപത്രി മുറ്റത്ത് മനോഹരമായ കാഴ്ചയൊരുക്കുന്നു. ചുവപ്പിന്റെ കരുത്തും വെളുപ്പിന്റെ ശാന്തിയും സമന്വയിക്കുന്ന പിങ്ക് വർണ്ണത്താൽ പൂത്തുലഞ്ഞു നിൽക്കുകയാണ് ഈ മരങ്ങൾ.

ആശുപത്രിയിലേക്കു നീളുന്ന പാതയോരങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന ഈ പിങ്ക് വസന്തം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും സ്നേഹത്തിന്റെയും കരുതലിന്റെയും പ്രതീകമായി മാറുന്നു. പ്രിയപ്പെട്ടവരുടെ രോഗാവസ്ഥയിൽ ആകുലപ്പെട്ട് ജീവിതം മറന്നുപോയവർക്ക് ഈ നിറം പ്രത്യാശയുടേതാണ്. വേദനകൾക്കും തിരക്കുകൾക്കുമിടയിൽ മനസ്സിന് കുളിർമയേകുന്ന ഈ ദൃശ്യം പകർത്തിയെടുക്കാനും നിരവധി പേർ എത്തുന്നുണ്ട്.

പിടയുന്ന ജീവനുകൾക്ക് കാവലാകുന്ന ആരോഗ്യപ്രവർത്തകർക്കും ഈ കാഴ്ച പുത്തൻ ഊർജ്ജം പകരുന്നു. കഠിനമായ വേനലിലും പൂത്തുലഞ്ഞു നിൽക്കുന്ന ഈ പൂക്കൾ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുന്ന പ്രകൃതിയുടെ വിപ്ലവമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജപ്പാനിലെ ചെറി ബ്ലോസമിനോട് സാമ്യമുള്ള തബേബൂയ റോസ് കേരളത്തിന്റെ മണ്ണിലും നിശബ്ദ വിപ്ലവം തീർക്കുകയാണ്. വിരിഞ്ഞു നിൽക്കുമ്പോൾ മാനത്തും കൊഴിഞ്ഞു വീഴുമ്പോൾ മണ്ണിനും ദൃശ്യചാരുതയേകുന്ന ഈ പൂക്കൾ ഇന്നും നാളെയും പ്രതീക്ഷയുടെ നിറമായി ഈ വഴിയിൽ ബാക്കിയുണ്ടാകും.

ENGLISH SUMMARY:

Hope is blooming at Thiruvalla Believers Church Medical College Hospital with the 'Mexican Blossom' or Tabebuia Rosea flowers, offering a vibrant splash of pink amidst patient care. These resilient blossoms, reminiscent of Japan's cherry blossoms, are bringing a sense of peace and optimism to patients, their families, and the healthcare staff.