തിരഞ്ഞെടുപ്പ് അടുത്തുകഴിഞ്ഞാല്‍ കേരളത്തില്‍ അപ്പോള്‍ തുടങ്ങും ജാഥ. ഇക്കുറി യുഡിഎഫ് വടക്കുനിന്ന് തുടങ്ങിയപ്പോള്‍ ഇടതുമുന്നണി നടത്തുന്നത് മൂന്ന് ജാഥകളാണ്. എല്ലാ ജാഥകളിലും സ്വര്‍ണക്കൊള്ളയാണ് സ്റ്റാര്‍. ജാഥകള്‍ക്കൊപ്പം എല്ലാക്കാലത്തും വിവാദവും കേരള പര്യടനം നടത്തും എന്നതാണ് മറ്റൊരു രസകരമായ വസ്തുത.
കേരള ജാഥ എന്നുകേള്‍ക്കുമ്പോള്‍ അല്‍പ്പസ്വല്‍പ്പം രാഷ്ട്രീയമുള്ള മലയാളിയുടെ മനസില്‍ ആദ്യം വരിക 2009 ഫെബ്രുവരി 25ന് പിണറായി വിജയന്‍ നടത്തിയ നവകേരള മാര്‍ച്ചാണ്. വിഎസ് പങ്കെടുക്കില്ല എന്ന വിവാദവും പേറി വടക്കുനിന്ന് തുടങ്ങി തെക്ക് ശംഖുമുഖത്ത് അവസാനിച്ച യാത്ര. ആർഎസ്‌പി ജനറൽ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍, സി.ദിവാകരന്‍ അങ്ങനെ പല പ്രമുഖര്‍ വിഎസിനെ അനുനയിപ്പിക്കാനുള്ള റോള്‍ ഏറ്റെടുത്തു. ഒടുവില്‍ വിഎസ് ശംഖുമുഖത്തെത്തി. വിഎസിനെ വേദിയിലിരുത്തി പിണറായി നടത്തിയ പ്രസംഗം ഇപ്പോഴും കേരള രാഷ്ട്രീയത്തിലെ എണ്ണം പറഞ്ഞ ഡയലോഗാണ്. 'സമുദ്രത്തിന്‍റെ മാര്‍ത്തട്ടോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ മാത്രമേ തിരയാകാന്‍ പറ്റൂ. എന്നോട് ചോദിച്ചവരോട് എനിക്ക് പറയാനുള്ളത്, ഞങ്ങളുടെയെല്ലാം ശക്തി ഈ പ്രസ്ഥാനമാകുന്ന സമുദ്രത്തിന്‍റെ മാര്‍ത്തട്ടോട് ചേര്‍ന്ന് നില്‍ക്കുന്നതാണ്. അതില്‍ നിന്ന് വേറിട്ട് ഒരു വ്യക്തിക്കും വല്ലാത്ത ശക്തിയില്ലെന്ന് തിരിച്ചറിയുന്നവരാണ് ഞങ്ങള്‍' എന്നായിരുന്നു അത്.
ഇക്കുറി എല്‍ഡിഎഫ് നടത്തുന്നത് മൂന്ന് യാത്രകള്‍. അതിലൊന്നിന്റെ ക്യാപ്റ്റനായ ജോസ് കെ.മാണി ജാഥയ്ക്ക് മുന്‍പേ വലത് പാളയം പൂകുമോ എന്നതായിരുന്നു നാട്ടിലുയര്‍ന്ന ചോദ്യം. ഒടുവില്‍ ആശങ്കകള്‍ തള്ളി ജോസ് ഇടതിനൊപ്പം ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞു.
'പോറ്റിയേ... കേറ്റിയേ' പാട്ടുപാടിയാണ് വിഡി സതീശന്‍റെ പുതുയുഗ യാത്രയ്ക്ക് കാസര്‍കോട്ട് തുടക്കമായത്. ഉദ്ഘാടനത്തിന് വലിയ പുലികളൊന്നുമെത്തിയില്ല. എന്നാല്‍ പോറ്റിയെ കേറ്റിയത് സോണിയ ഗാന്ധിയാണെന്ന് തിരിച്ചടിച്ചാണ് ഇടതു ജാഥ. എം.വി.ഗോവിന്ദന്‍റെ ജാഥയെ സ്വീകരിക്കാന്‍ കണ്ണൂരില്‍ ബംഗാള്‍ സ്വദേശികളായ തൊഴിലാളികള്‍ എത്തി. സംഗതി ട്രോളായി. പിന്നാലെ തൊഴിലാളികള്‍ക്ക് സ്റ്റഡി ക്ലാസ് നല്‍കുന്ന ദൃശ്യങ്ങളും വൈറല്‍. ഈ എരി ട്രോളില്‍ കുഞ്ഞാലിക്കുട്ടി എണ്ണയൊഴിച്ചു. എല്ലാം അസൂയാലുക്കളുടെ പ്രചാരണമെന്ന് എംവി ഗോവിന്ദനും തിരിച്ചടിച്ചു. ബംഗാളികള്‍ തന്നെയാണ് മുദ്രാവാക്യം അവരുടെ ഭാഷയിലും അല്ലാതെയും വിളിച്ചതെന്നും അതിനെ ആരും വക്രീകരിക്കേണ്ടെന്നുമായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം.
ബിജെപി ദേശീയ അധ്യക്ഷനായശേഷമുള്ള കന്നി കേരള സന്ദര്‍ശനത്തിലാണ് നിതിന്‍ നവീന്‍. മുന്നണികള്‍ വെറുതെ ജാഥയുമായി പോവുകയല്ല. പരസ്പരം കൂരമ്പുകള്‍ എയ്യുന്നുണ്ട്. ഡയലോഗുകളുടെ കേരള പര്യടനംകൂടിയാണ് നടക്കുന്നത് എന്ന് ചുരുക്കം.