ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് അന്വേഷിക്കുന്നു എന്നതിൻ്റെ പേരിൽ ഒരാളും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ലെന്നും, പക്ഷെ, ആദായനികുതി വകുപ്പ് പരിശോധനയ്ക്കിടെ സിജെ റോയ് ജീവനൊടുക്കിത് എന്തിനാണെന്ന് അറിയേണ്ടതുണ്ടെന്നും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെഎസ് രാധാകൃഷ്ണന്‍. 

സിജെ റോയ് മരിച്ചു. കോൺഫിഡൻ്റ് ബിസനസ്സ് സാമ്രാജ്യത്തിൻ്റെ തലസ്ഥാനത്ത് തൻ്റെ സിംഹാസനത്തിൽ ഇരുന്നു കൊണ്ട് സ്വയം വെടിവെച്ച് മരിച്ചു. ഇതാണ് വസ്തുത. സിജെ റോയ് എന്തിന്, അവിടെ വെച്ച്, ആ സമയത്തു മരിച്ചു, എന്നിങ്ങനെയുള്ള ചോദ്യങ്ങൾ അന്തരീക്ഷത്തിൽ നിൽക്കുന്നു. ഏതാണ്ട് മൂന്ന് മണിക്കാണ് മരണദിനത്തിൽ റോയ് ഓഫീസിൽ എത്തിയത്. 

ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകാനാണ് എത്തിയത് എന്നാണ് മാനേജിംഗ് ഡയറക്ടർ ടിഎ ജോസഫ് പറയുന്നത്. അതിനിടയിൽ അമ്മയോട്ട് സംസാരിക്കണം എന്ന് പറഞ്ഞുകൊണ്ട് റോയ് തൻ്റെ ചേംബറിലേക്ക് പോയി. പത്ത് മിനിറ്റ് കഴിഞ്ഞ് മാനേജിംഗ് ഡയറക്ടർ ടിഎ ജോസഫ് കാബിന് മുന്നിലെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ കയറ്റി വിട്ടില്ല. ആരേയും കയറ്റിവിടരുത് എന്ന ആജ്ഞ നൽകിയാണ് റോയ് അകത്ത് കയറിയത് എന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ജോസഫിനോട് പറഞ്ഞതായി ജോസഫ് പോലീസിന് മൊഴി നല്കിയിട്ടുണ്ട്.

കഴിഞ്ഞ കുറെക്കാലമായി കോൺഫിഡൻ്റ്  ഗ്രൂപ്പിൻ്റ ആദായമാർഗങ്ങളെ കുറിച്ച് ആദായ നികുതി വകുപ്പ് അന്വേഷിക്കുകയായിരുന്നു. അതൊരു പുതുമയുള്ള കാര്യവുമല്ല. വരുമാന വർദ്ധനവുള്ള വ്യക്തികളും സ്ഥാപനങ്ങളും ആദായനികുതി വകുപ്പിൻ്റെ അന്വേഷണത്തിൽ വരുന്നത് സ്വാഭാവികമായ കാര്യമാണ്. സിനിമാതാരങൾ, ക്രിക്കറ്റ് കളിക്കാർ, അഭിഭാഷകർ, ഡോക്ടർമാർ, വ്യാപാര വാണിജ്യ പ്രമുഖർ എന്ന് തുടങ്ങി ആകർഷകമായ വരുമാനം ഉണ്ടാക്കുന്ന ആരും ആദായനികുതി വകുപ്പിൻ്റെ അന്വേഷണ പരിധിയിൽ വരും. ആദായനികുതി വകുപ്പിന് നൽകിയ കണക്കും യഥാർത്ഥ കണക്കും തമ്മിൽ പെരുത്തക്കേടുണ്ടെങ്കിൽ അവർ പിഴ ചുമത്തും. അത് കോടതയിൽ ചോദ്യം ചെയ്യപ്പെടും. കോടതി വിധി പ്രകാരമുള്ള തുക അടയ്ക്കുകയും ചെയ്യും. ഇതെല്ലാം സ്വാഭാവികമായ കാര്യങ്ങളാണ്. ഇക്കാര്യങ്ങൾ നോക്കി നടത്താൻ അഭിഭാഷകരും ചാർട്ടേഡ് അക്കൗണ്ടൻ്റുമാരും അടങ്ങുന്ന സംഘവും ഈ കൂട്ടർക്ക് ഉണ്ടാകും. ആദായ നികുതി വകുപ്പ് നികുതി വെട്ടിപ്പ് അന്വേഷിക്കുന്നു എന്നതിൻ്റെ പേരിൽ ഒരാളും ആത്മഹത്യ ചെയ്തതായി കേട്ടിട്ടില്ല. ആദായനികുതി വകുപ്പിൻ്റെ ഏത് അന്വേഷണവും പിഴയടച്ച് അവസാനിപ്പിക്കാവുന്ന കാര്യം മാത്രമാണ്.

ആദായനികുതി വകുപ്പിൻ്റെ അന്വേഷണം നടന്നാൽ തകർന്നു പോകുന്നതാണ് തൻ്റെ അഭിമാനമെന്ന് കരുതുന്ന ഒരു ലോല മനസ്കനാണ് സിജെ റോയ് എന്ന് അദ്ദേഹത്തെ പരിചയമുള്ള ആരും പറയില്ല. ഒരു കൃഷ്ണൻ നമ്പൂതിരി നടത്തിയിരുന്ന ക്രിസ്റ്റൽ ഗ്രൂപ്പ് എന്ന നിർമ്മാണ കമ്പനിയുടെ കീഴിൽ പി ആർ പണി ചെയ്തിരുന്ന വ്യക്തിയാണ് റോയ്. അവിടെ നിന്നാണ് റോയി തൻ്റെ സാമ്രാജ്യത്തിന് തുടക്കമിട്ടത്. അദ്ധ്വാനവും ഭാഗ്യവും റോയിക്ക് ഒപ്പമുണ്ടായിരുന്നു. റോയിയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. മാധ്യമങ്ങൾക്ക് എപ്പോഴും ആശ്രയിക്കാവുന്ന പരസ്യദാതാവായി റോയി അറിയപ്പെട്ടു. പലപ്പോഴും നഷ്ടത്തിലോടുന്ന ചാനലുകളെ പിടിച്ച് നിർത്തിയതും റോയി തന്നെ ആയിരുന്നു. 

ഉണ്ട ചോറിന് മാധ്യമങ്ങൾ നന്ദി കാണിച്ചു. റോയിയുടെ മരണത്തിന് അവർ ഉടൻ ഉത്തരവാദിയെ കണ്ടെത്തി. വില്ലൻ ആദായനികുതി വകുപ്പ് ജീവനക്കാരാണ്. അവരുടെ അന്വേഷണമാണ് റോയിയുടെ ജീവൻ എടുത്തത് എന്നും അവർ വിധിയെഴുതി. കർണ്ണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങുന്നതിനും മുൻപേ തന്നെ മുഖ്യധാരാ മാധ്യമ ചാനലുകൾ കുറ്റവാളിയെ കണ്ടെത്തി. അവർ തിന്ന ചോറിന് നന്ദി അറിയിച്ചു.

റോയിക്ക് ഉള്ളതായി പറയപ്പെടുന്ന ആസ്തിയുടെ ഒരു ചെറിയ വിഹിതം അടച്ചാൽ തീരാവുന്നതാകും ഇക്കാര്യത്തിൽ ആദായനികുതി വകുപ്പ് ചുമത്താവുന്ന ഏത് പിഴയും. അക്കാര്യം അറിയാത്ത ആളല്ല റോയി. ഇക്കാര്യത്തിൽ ആളും അർത്ഥവും നൽകി സഹായിക്കാൻ റോയിക്ക് സഹായികളും ഉണ്ട്. ആദായനികുതി വകുപ്പിൻ്റെ അന്വേഷണം ഉണ്ടാക്കാവുന്ന മാനഹാനിയും എത്രയാണെന്ന് നിശ്ചയുള്ള വ്യക്തിയാണ് റോയി. സ്വാഭാവികമായും ആദായ നികുതി വകുപ്പിൻ്റെ അന്വേഷണത്തിൽ നിന്നും രക്ഷനേടാനായി ജീവിതം അവസാനിപ്പിക്കാം എന്നു കരുതുന്ന ദുർബ്ബലനാണ് റോയി എന്ന് കരുതുന്നത് റോയിയെ അപമാനിക്കുന്നതിന് തുല്യമാണ്. അതുകൊണ്ട് റോയി എന്തിന് വേണ്ടി ആത്മഹത്യ ചെയ്തു എന്ന് കണ്ടെത്തുക തന്നെ വേണം. അതിൻ്റെ ഉത്തരവാദിത്വം ആദായനികുതി വകുപ്പിൻ്റെ തലയിൽ കെട്ടിവെയ്ക്കുന്നത് യഥാർത്ഥ കാരണം കണ്ടെത്താതിരിക്കുന്നതിന് വേണ്ടിയാണെന്ന് ന്യായമായും കരുതാവുന്നതാണ്.

തൻ്റെ ബിസിനസ്സ് സാമ്രാജ്യത്തിൻ്റെ തലസ്ഥാനത്ത്, തൻ്റെ സിംഹാസനത്തിൽ ഇരുന്ന് തന്നെ മരിക്കാൻ റോയി എന്തു കൊണ്ട് തീരുമാനിച്ചു? വെടിവെച്ചു മരക്കാനായി തോക്കും കരുതിയാണോ റോയ് അവിടെ എത്തിയത് എന്ന ചോദ്യം അവശേഷിക്കുന്നു. തോക്കുമായിട്ടല്ല റോയി വന്നത് എന്നു സങ്കല്പിച്ചാൽ തോക്ക് അദ്ദേഹത്തിൻ്റെ ചേംബറിൽ ഉണ്ടായിരുന്നു എന്നു സമ്മതിക്കേണ്ടി വരും. അപ്പോൾ ഉയരുന്ന ചോദ്യം തൻ്റെ ചേംബറിൽ സ്ഥിരമായി റോയി തോക്ക് സൂക്ഷിക്കാറുണ്ടോ എന്നതാണ്. ഇനി, തോക്കും കൊണ്ടാണ് റോയ് വന്നതെങ്കിൽ, സഞ്ചാര വേളകളിൽ എല്ലാം റോയി തോക്ക് സൂക്ഷിക്കുമായിരിന്നോ എന്ന ചോദ്യം പ്രസക്തം. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് മൊഴി നൽകാൻ ചെല്ലുമ്പോൾ മാരകായുധങ്ങൾ കയ്യിൽ സൂക്ഷിക്കുന്നതും നിയമവിരുദ്ധമായ കാര്യമാണ്. ആദായ നികുതി വകുപ്പിനോടൊപ്പം ഉള്ള സുരക്ഷാ ഉദ്യോഗസ്ഥർ  റോയിയെ പരിശോധിക്കാതെയാണോ ഉള്ളിലേക്ക് കടത്തിവിട്ടത്? അങ്ങനെയെങ്കിൽ അത് ഗുരുതരമായ സുരക്ഷാവീഴ്ചയെയാണ് സാധൂകരിക്കുന്നത്. റോയിയുടെ കയ്യിൽ തോക്ക് എങ്ങനെയാണ് എത്തിയത് എന്നതും അന്വേഷണം അർഹിക്കുന്നു.

റോയിയെ സംബന്ധിച്ചിടത്തോളം ജീവൻ ബലിനൽകി സംരക്ഷിക്കേണ്ട എന്തു കാര്യമാണ് ഉണ്ടായിരുന്നത് എന്ന ചോദ്യം ചോദിക്കാതിരിക്കാനാകില്ല. അതിന് മറുപടി കിട്ടുക തന്നെ വേണമെന്നും ഡോ. കെ. എസ്. രാധാകൃഷ്ണൻ വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

CJ Roy suicide has raised many questions regarding the Income Tax Department investigation. BJP state vice-president Dr. K.S. Radhakrishnan stated that no one has committed suicide due to an Income Tax Department tax evasion inquiry, and the circumstances surrounding CJ Roy's death need to be thoroughly investigated.