Image Credit : https://www.instagram.com/dr.roy.cj/
മാരുതിക്കും മുന്‍പേ വന്ന ഡോള്‍ഫിന്‍ എന്ന കാറിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ആ കാര്‍ കൗതുകത്തോടെ നോക്കിനിന്നൊരു 13വയസുകാരന്‍ പിന്നീട് ലോകത്തിലെ തന്നെ മികച്ച കാറുകള്‍ സ്വന്തമാക്കിയ കഥ നിങ്ങള്‍ക്കറിയാമോ? പിന്നീട് ഇതേ കൊച്ചുമിടുക്കന്‍ തന്‍റെ 36ാം വയസില്‍ ഒരു വിമാനം തന്നെ സ്വന്തമാക്കി. അതും ഒരു രൂപ പോലും കടംവാങ്ങാതെ. പറഞ്ഞുവരുന്നത് മലയാളികള്‍ക്ക് എന്നും പ്രചോദനവും അഭിമാനവുമായിരുന്ന കോണ്‍ഫിഡന്‍റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ റോയിയെക്കുറിച്ചാണ്. സമ്പന്നതയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും തീര്‍ത്തും സാധാരണക്കാരനെപ്പോലെ പെരുമാറുന്ന, പാവങ്ങളെ അറിഞ്ഞുസഹായിക്കുന്ന അതേ റോയിയുടെ അകാലവിയോഗത്തിന്‍റെ ഞെട്ടലിലാണിപ്പോള്‍ മലയാളികള്‍.
ആദായനികുതി റെയ്ഡിനിടെ തോക്കുപയോഗിച്ച് സ്വയം വെടിവെച്ച് റോയ് ജീവനൊടുക്കിയവാര്‍ത്ത കേരളക്കരയെ ഒന്നാകെ സ്തബ്ദരാക്കിയിരിക്കുകയാണ്. എപ്പോഴും ചിരിച്ചുമാത്രം കണ്ടിട്ടുളള തികഞ്ഞ ആത്മവിശ്വാസത്തോടെ അഭിമുഖങ്ങളിലും പൊതുപരിപാടികളിലും പ്രത്യക്ഷപ്പെടാറുളള റോയ് ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് പറയുന്നു സോഷ്യല്‍ ലോകവും. 12ാം വയസില്‍ അമ്മയുടെ കൊച്ചുഅക്കൗണ്ടന്‍റായി ബിസിനസിന്‍റെ ബാലപാഠങ്ങള്‍ പഠിച്ച് തുടക്കം. പിന്നീട് അമ്മയെപ്പോലെ ബിസിനസ് ആണ് തന്‍റെ വഴിയെന്ന് തിരിച്ചറിഞ്ഞ് അതിനായുളള പരിശ്രമങ്ങള്‍. മെക്കാനിക്കല്‍ എഞ്ചിനീയറായി ജോലിചെയ്യുമ്പോഴും റോയിയുടെ മനസിലുണ്ടായിരുന്നത് സ്വന്തമായൊരു ബിസിനസ് എന്ന ചിന്തയായിരുന്നു. ആദ്യം പാര്‍ട്ട് ടൈം ആയി ബിസിനസ്, പിന്നീട് ജോലി രാജിവെച്ച് ഫുള്‍ ടൈം റിയല്‍ എസ്റ്റേറ്റ് ബിസിനസിലേക്ക്. റോയിയില്‍ നിന്ന് ഇന്ന് ലോകം കാണുന്ന അതിസമ്പന്നനായ വ്യവസായി ഡോ.സി.ജെ റോയിയിലേക്കുളള യാത്ര അത് അദ്ദേഹത്തിന്‍റെ കഴിവും ആത്മവിശ്വാസത്തിന്‍റെയും മാത്രം ഫലമാണെന്ന് പറയാം.
അഭിമുഖങ്ങളില്‍ എപ്പോഴും അദ്ദേഹം പറയുന്നൊരു കഥയുണ്ട്. കാറുകളെ ഏറെ പ്രണയിച്ചിരുന്ന ഒരു 13കാരന്‍റെ കഥ. അതിങ്ങനെയാണ്. പണ്ടത്തെ സിപ്പാനി മോട്ടോര്‍ഴ്സിന്‍റെ ഡോള്‍ഫിന്‍ എന്ന കാര്‍ നോക്കിനിന്നപ്പോള്‍ 13 വയസുളള റോയിയോട് അവിടുത്ത െസയില്‍സ്മാന്‍ പറഞ്ഞു. നീയെവിടെ കാര്‍ വാങ്ങാന്‍ പോകുന്നെടാ...ഇറങ്ങിപ്പോ എന്ന്...അന്ന് അവന്‍ തീരുമാനിച്ചു പണം ഉണ്ടാക്കി മികച്ച കാറുകള്‍ സ്വന്തമാക്കുമെന്ന്. ആ സ്വപ്നം നേടിയെടുക്കാന്‍ അന്നത്തെ പതിമൂന്നുകാരന് അധികസമയം വേണ്ടിവന്നില്ല. ലോകത്തിലെ മുന്‍നിര കാറുകള്‍ തന്നെ അവന്‍റെ ഗാരേജില്‍ അണിനിരന്നു. 36ാം വയസില്‍ ആദ്യത്തെ വിമാനം റോയ് സ്വന്തമാക്കി. അതും ഒരു രൂപ പോലും കടം വാങ്ങാതെ. ബിസിനസ് ഒരിക്കലും പാര്‍ട്ട് ടൈം അല്ല. നിങ്ങള്‍ പൂര്‍ണമായും അതിലേക്ക് ഇറങ്ങണമെന്നും റോയി പറയുമായിരുന്നു. അങ്ങനെ പൂര്‍ണമായും ബിസിനസിലേക്ക് ഇറങ്ങി, ബിസിനസ് ജീവിതമാക്കിയ മനുഷ്യന്‍. ഒപ്പം ഒട്ടേറെ നിര്‍ധനര്‍ക്ക് കൈനിറയെ സഹായങ്ങളും. അങ്ങനെ മലയാളികളുടെ ഹൃദയം കീഴടക്കിയ ഡോ.സി.ജെ റോയ് ഇന്ന് ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. എന്തിന് റോയ് ഇതുചെയ്തു? ആദായവകുപ്പ് നികുതി റെയ്ഡിനിടെ അവിടെ സംഭവിച്ചതെന്ത് തുടങ്ങിയ കാര്യങ്ങളാണ് ഇനി അറിയേണ്ടത്.