കാന്‍സര്‍ അവസാനവാക്കല്ലെന്നും കരുതലിന്‍റെയും പ്രതിരോധത്തിന്‍റെയും അതിജീവനത്തിന്‍റെയും പുതിയ വഴികള്‍ മുന്നിലുണ്ടെന്നും മലയാളികളെ അറിയിച്ച കേരള കാന്‍ ദൗത്യത്തിന്റെ പത്താം പതിപ്പിന് തുടക്കം. പ്രതീക്ഷ പത്തരമാറ്റ്, എന്നതാണ് പത്താംദൗത്യത്തിന്റെ സന്ദേശം. നടന്‍ രമേഷ് പിഷാരടി മുഖമായി തുടരും. ‘അമ്മ’ പ്രസിഡന്റ് കൂടിയായ നടി ശ്വേത മേനോനും ഇത്തവണ ദൗത്യത്തിന്റെ മുഖമായുണ്ടാവും. തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ 50 ലക്ഷം രൂപയുടെ ചികില്‍സാസഹായം നല്‍കും.
കാന്‍സര്‍ എന്നറിഞ്ഞാല്‍ ചികില്‍സയ്ക്കുപോലും പോകാതെ, സമൂഹത്തിന്റെ ഒറ്റപ്പെടലില്‍ നീറി നിന്ന ഒരു കാലം. രോഗത്തോടുള്ള പേടി മാറ്റിയും നേരത്തെ അറിഞ്ഞാല്‍ ചികില്‍സിച്ചു ഭേദമാക്കാമെന്ന തിരിച്ചറിവു നല്‍കിയും അതിജീവനത്തിന്റെ കരുത്തിലൂടെ നടന്നവരെ ചേര്‍ത്തുനിര്‍ത്തി മറ്റുള്ളവര്‍ക്ക് മാതൃകയാക്കിയുമാണ് കഴിഞ്ഞ ഒന്‍പതുവര്‍ഷം കേരള കാന്‍ നാടിന്റെ മനോഭാവം തന്നെ മാറ്റിയത്. പൊതുസമൂഹം മാത്രമല്ല, സര്‍ക്കാരുകള്‍ പോലും ഈ മാറ്റത്തോട് പങ്കുചേര്‍ന്നു. സമാനദൗത്യങ്ങള്‍ക്ക് തുടക്കമിട്ടു.
ഒന്‍പതാം ദൗത്യത്തില്‍ കാന്‍സര്‍ പോരാളികളെ ചിരിയില്‍ ചേര്‍ത്തു പിടിച്ച രമേഷ് പിഷാരടി പ്രതീക്ഷയുടെ പത്താംദൗത്യത്തിലും ഒപ്പമുണ്ട്. കരുതലിന്റെയും അതിജീവനത്തിന്റെയും കഥകള്‍ സ്വന്തം കുടുംബത്തില്‍ തന്നെ കണ്ട ശ്വേത മേനോനും. ലോക ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സാമൂഹിക ദൗത്യം മുടക്കമില്ലാതെ പത്തുവര്‍ഷം പിന്നിടുന്നത്. തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ പിന്തുണയുമായി ഇത്തവണയും ചേരും. രോഗനിര്‍ണയ ക്യാംപുകളും കൂട്ടായ്മകളും പത്താംദൗത്യത്തിന്റെ ഭാഗമായുണ്ടാവും.