ബസിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി ലോറി ഉടമ മനാഫ്. ദീപക്കിന്‍റെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടതിന് ശേഷമായിരുന്നു മനാഫ് തന്റെ പ്രതികരണം അറിയിച്ചത്.
‘നാം പ്രാകൃത മനുഷ്യ യുഗത്തിലേക്ക് തിരികെ നടക്കുകയാണ്, ആ ടച്ച് നോര്‍മലാണ്, റീച്ചായിരുന്നു യുവതിയുടെ ലക്ഷ്യമെന്നും ബസില്‍ ആരും ഈ വിവരം അറിഞ്ഞില്ല, അവര്‍ സ്പര്‍ശനം ഉണ്ടാവുന്നതിന് മുന്‍പ് തന്നെ വിഡിയോ ഓണാക്കി, വര്‍ഗീയ വിഷയമാക്കി ഇതിനെ മാറ്റരുത്’ മനാഫ് പറയുന്നു.
കോഴിക്കോട് ഗോവിന്ദപുരം മണൽത്താഴം ടി.പി.ഗോപാലൻ റോഡിലെ ഉള്ളാട്ട്തൊടി ‘ദീപക്കി’ൽ യു.ദീപക് (42) ആണു മരിച്ചത്. കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉള്ളാട്ടുതൊടി ചോയിയുടെയും കന്യകയുടെയും ഏകമകനാണ്. സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവായ ദീപക് ജോലി ആവശ്യത്തിനു കണ്ണൂർ പയ്യന്നൂരിലെത്തിയപ്പോഴാണു വിഡിയോയ്ക്ക് ആധാരമായ സംഭവം.
ട്രെയിനിറങ്ങി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രയിൽ ബസിൽ വച്ച് ദീപക് തന്റെ ശരീരത്തിൽ ദുരുദ്ദേശ്യത്തോടെ തൊട്ടതായി ആരോപിച്ച് യുവതി വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. ആരോപണം ഉയർന്നതോടെ ആദ്യ റീൽ പിൻവലിച്ച യുവതി വിഡിയോയ്ക്കൊപ്പം വിശദീകരണവും ചേർത്ത് മറ്റൊരു റീൽ പോസ്റ്റ് ചെയ്യുകയായിരുന്നു. വസ്തുതാവിരുദ്ധമായ ആരോപണമാണു നടത്തിയതെന്നും വിഡിയോ പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു