കോഴിക്കോട് ദീപക്കിന്റെ ആത്മഹത്യയിൽ അറസ്റ്റിലായ ഷിംജിത 22 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങി. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്നാണ് അവര്‍ മറുപടി നല്‍കിയത്. ഷിംജിതക്ക് കർശന ജാമ്യ വ്യവസ്ഥകളോടെയാണ്  പ്രിൻസിപ്പൽ സെഷൻസ്‌ കോടതി ജാമ്യം അനുവദിച്ചത്.  കോഴിക്കോട് വനിതാ ജയിലിൽ കഴിയുകയായിരുന്നു ഷിംജിത. ബസിനുള്ളിൽ ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ചു സമൂഹ മാധ്യമത്തിൽ അവര്‍ വീഡിയോ പങ്കു വച്ചതിന് പിന്നാലെയാണ് ഗോവിന്ദാപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്തത്. 

ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ചാണ് വടകര കൈനാട്ടി മുട്ടുങ്ങൽ വെസ്റ്റിൽ വളച്ചുകെട്ടിയിൽ വീട്ടിൽ വി.കെ. ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരുന്നു. ദീപക്കിനെതിരെയുള്ള ലൈംഗികാരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഷിംജിത കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

മണൽത്താഴം ഉള്ളാട്ടുതൊടിയിൽ യു. ദീപക്കിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ മരിച്ചതു വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ദീപക്കിന്റെ അമ്മ കെ.കന്യക സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഷിംജിതയുടെ മൊബൈൽ ഫോൺ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. വിഡിയോ ചിത്രീകരിച്ചത് ഈ ഫോണിൽ നിന്നാണെന്നു സൈബർ പൊലീസ് സ്ഥിരീകരിച്ചു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

വിഡിയോയിൽ എഡിറ്റിങ് നടന്നതായി സ്ഥിരീകരിച്ചതോടെയാണ് ഷിംജിതയുടെ അറസ്റ്റ്. യുവതിയിൽ നിന്നു തുടക്കത്തിൽ തന്നെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അറസ്റ്റുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു പൊലീസിന്റെ നാടകീയ നീക്കം.വിഡിയോ എഡിറ്റ് ചെയ്തതിനും സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനും സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. 

ENGLISH SUMMARY:

Kozhikode suicide case: Shimjitha, arrested in connection with Deepak's suicide, has been granted bail after 22 days. She stated that she has nothing to say when asked by journalists if she stands by her allegations.