ബസിനുള്ളില്‍ ലൈംഗികാതിക്രമം കാട്ടിയെന്ന് ആരോപിച്ച് സമൂഹമാധ്യമത്തില്‍ വീഡിയോ പങ്കുവച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസില്‍ അറസ്റ്റിലായ ഷിംജിതയ്ക്ക് ജാമ്യം. കോഴിക്കോട് സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത് . ആത്മഹത്യ ചെയ്ത ദീപക്കിന്‍റെ മൊബൈല്‍ ഫോണിന്‍റെയും ലാപ്ടോപ്പിന്‍റെയും ശാസ്ത്രീയ പരിശോധന ഫലം വരുന്നത് വരെ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ഷിംജിത 21 ദിവസമായി ജയിലില്‍ കഴിയുകയാണെന്നും ശാസ്ത്രീയ പരിശോധന ഫലം വരുന്നത് വരെ ജാമ്യം നല്‍കാതെ ഇരിക്കേണ്ട സാഹചര്യം ഇല്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ നിലപാട്.

Also Read: കറുത്ത മാസ്ക്, ചിരിയോടെ ക്യാമറയില്‍ കൂസലില്ലാതെ നോട്ടം ; പരാതിയില്‍ ഉറച്ച് ഷിംജിത


ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ചു സമൂഹ മാധ്യമത്തിൽ വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നു ഗോവിന്ദപുരം സ്വദേശി യു.ദീപക് ജീവനൊടുക്കിയ കേസിലാണ് ഷിംജിത മുസ്തഫ (35) അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ആരോപിച്ചാണ് വടകര കൈനാട്ടി മുട്ടുങ്ങൽ വെസ്റ്റിൽ വളച്ചുകെട്ടിയിൽ വീട്ടിൽ വി.കെ.ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന്  മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തിരുന്നു. ദീപക്കിനെതിരെയുള്ള ലൈംഗികാരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഷിംജിത കസ്റ്റഡിയിലിരിക്കെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു

മണൽത്താഴം ഉള്ളാട്ടുതൊടിയിൽ യു.ദീപക്കിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മകൻ മരിച്ചതു വിഡിയോ പ്രചരിപ്പിച്ചതിനെ തുടർന്നാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടു ദീപക്കിന്റെ അമ്മ കെ.കന്യക സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയിരുന്നു. ഷിംജിതയുടെ മൊബൈൽ ഫോൺ പൊലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. വിഡിയോ ചിത്രീകരിച്ചത് ഈ ഫോണിൽ നിന്നാണെന്നു സൈബർ പൊലീസ് സ്ഥിരീകരിച്ചു.  ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. 

വിഡിയോയിൽ എഡിറ്റിങ് നടന്നതായി സ്ഥിരീകരിച്ചതോടെയാണ് ഷിംജിതയുടെ അറസ്റ്റ്.  യുവതിയിൽ നിന്നു തുടക്കത്തിൽ തന്നെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും അറസ്റ്റുണ്ടാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു  പൊലീസിന്റെ നാടകീയ നീക്കം.വിഡിയോ എഡിറ്റ് ചെയ്തതിനും സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചതിനും സഹായം ലഭിച്ചതായി പൊലീസ് സംശയിക്കുന്നുണ്ട്. 

ENGLISH SUMMARY:

Shimjitha Mustafa has been granted bail in the case where Deepak died by suicide after a video alleging sexual assault was shared on social media. The Kozhikode Sessions Court granted bail, stating no necessity to deny it until scientific analysis of Deepak's phone and laptop is complete.