കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ, പ്രതി ഷിംജിത മുസ്തഫ പൊലീസ് കസ്റ്റഡിയിൽ. വൈകിട്ട് 5 മണി വരെയാണ് പൊലീസ് കസ്റ്റഡിയിൽ തുടരുക. ഷിംജിതയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്. രണ്ടുദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പൊലീസ് സമർപ്പിച്ചത്. അതേസമയം, കേസ് അനിയന്ത്രിതമായി നീട്ടിക്കൊണ്ടുള്ള ശ്രമം അനുവദിക്കരുതെന്നും, കേസിന്‍റെ എല്ലാ ഘട്ടങ്ങളിലും ഷിംജിത സഹകരിച്ചിട്ടുണ്ടെന്ന് പ്രതിഭാഗം വാദിച്ചു.
മൊബൈൽ ഫോൺ ഹാജരാക്കിയത് ആണെന്നും ചോദ്യം ചെയ്യൽ പൂർത്തിയായത് ആണെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. തുടർന്നാണ് വൈകീട്ടുവരെ കസ്‌റ്റഡിയിൽ വിട്ടത്. എന്നാൽ ദീപക്കിനെതിരെയുള്ള ലൈംഗികാരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് ഷിംജിത മാധ്യമങ്ങളോട് പറഞ്ഞു. നേരത്തേ ഷിംജിതയുടെ ജാമ്യാപേക്ഷ കുന്ദമംഗലം ഫസ്റ്റ് ക്ലാസ് മജിസ്‍ട്രേറ്റ് കോടതി തള്ളിയിരുന്നു.
ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയതിന് പിന്നാലെ അറസ്റ്റിലായ ഷിംജിത നിലവില്‍ മഞ്ചേരി ജയിലിലാണ്. ലൈംഗികാതിക്രമം ആരോപിച്ച് ഷിംജിത ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ജീവനൊടുക്കിയത്.