എംടിയുടെ ആദ്യ ഭാര്യ പ്രമീള നായരെക്കുറിച്ചുള്ള പുസ്തക വിവാദത്തില്‍ രചയിതാക്കളെ പിന്തുണച്ച് എഴുത്തുകാരി ഇന്ദുമേനോന്‍. എംടിയെ നാണം കെടുത്തുന്ന ഒന്നും പുസ്തകത്തില്‍ ഇല്ലെന്ന് ഇന്ദുമേനോന്‍ പ്രതികരിച്ചു. അതേസമയം നിയമനടപടികളിലേയ്ക്ക് കടക്കുകയാണ് എംടിയുടെ കുടുംബം.
പ്രമീളാനായരുടെ മകള്‍ സിത്താര തന്നെ പുസ്തകത്തിനെതിരെ രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ദീദി ദാമോദരനും എച്ച്മുക്കുട്ടിയും ചേർന്നെഴുതിയ 'എംറ്റി ബാഷ്പീകൃതയുടെ ആറാം വിരല്‍' ഇന്ദുമേനോന്‍ വായിക്കാന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ എങ്ങനെ പുരുഷന്‍റെ പുറകില്‍ മറഞ്ഞും മങ്ങിയും തേഞ്ഞും തുലഞ്ഞും പോകുന്നു എന്ന് മാത്രമാണ് പുസ്തകത്തില്‍ വരച്ചുകാട്ടിയതെന്ന് ഇന്ദുമേനോന്‍. എംടിയെ കുറിച്ചുള്ള ഗോസിപ്പല്ല മറിച്ച് എംറ്റിയായി പോയ ഒരു സ്ത്രീയെക്കുറിച്ചുള്ള കാര്യങ്ങള്‍ അറിയാന്‍ വേണ്ടി മാത്രം പുസ്തകം വായിച്ചാല്‍ മതി. എംടിയെ നാണം കെടുത്തുന്ന ഒന്നുമില്ലെന്നും ഇന്ദുമേനോന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
അതേസമയം പുസ്തകം വിപണയില്‍ നിന്ന് പിന്‍വലിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് മക്കളായ സിത്താരയും അശ്വതിയും. നിയമവിദഗ്ധരുമായുള്ള കൂടിയാലോചനയില്‍ ധൃതിപിടിച്ചൊരു നീക്കം വേണ്ടെന്നാണ് മക്കള്‍ക്ക് ലഭിച്ച നിയമോപദേശം. അതിനാലാണ് പുസ്തകം പിന്‍വലിക്കാന്‍ രചയിതാക്കള്‍ക്ക് എംടിയുടെ കുടുംബം കൂടുതല്‍ സമയം അനുവദിച്ചത്.