‘ദി കേരള സ്റ്റോറി 2’കാണാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരുന്നവര്‍ക്ക് പണം റീഫണ്ട് ചെയ്ത് സിനിമാനിര്‍മാതാക്കള്‍. കോടതിയലക്ഷ്യം ഭയന്നാണ് തിടുക്കത്തിലുള്ള നീക്കമെന്നാണ് സൂചന. ബുക്ക് മൈഷോയില്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് പണം തിരികെ നല്‍കിയത്. സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കെ ടിക്കറ്റ് വില്‍പന കോടതിയലക്ഷ്യമാകുമെന്ന സാഹചര്യത്തിലാണ് നീക്കം.
സ്റ്റേ നിലനിൽക്കെ അണിയറ പ്രവർത്തകർ ആരംഭിച്ച ബുക്കിങ്ങിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് ഹർജിക്കാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നല്‍കിയത്. സിനിമ മതസൗഹാര്‍ദത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് തടഞ്ഞത്. സെന്‍സര്‍ ബോര്‍ഡിനെതിരേയും കോടതി ഈ അവസരത്തില്‍ പരാമര്‍ശം നടത്തിയിരുന്നു.
അതേസമയം കേരളത്തിന്റെ മതസൗഹാർദ്ദവും സാമൂഹിക കെട്ടുറപ്പും തകർക്കാൻ ലക്ഷ്യമിട്ട് നിർമ്മിച്ച 'ദ കേരള സ്റ്റോറി 2' എന്ന സിനിമയുടെ റിലീസ് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്വാഗതാർഹമാണെന്ന് മുഖ്യമന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നമ്മുടെ നാടിനെ അപകീർത്തിപ്പെടുത്തുന്ന ഇത്തരം വ്യാജപ്രചരണങ്ങൾക്കെതിരെ നിയമപോരാട്ടം നടത്തിയ ഹർജിക്കാരെ അവരുടെ സമയോചിതമായ ഇടപെടലിന് പ്രത്യേകം അഭിനന്ദിക്കുന്നതായും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു സംസ്ഥാനത്തെയാകെ അവഹേളിക്കാനും ധ്രുവീകരണം സൃഷ്ടിക്കാനുള്ള നീക്കങ്ങൾ ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.
കേരളം തീവ്രവാദികളുടെ നാടാണെന്ന് വരുത്തിത്തീർക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്ന ഈ കാലത്ത്, വിവേകബുദ്ധിയോടെ സത്യം ഉയർത്തിപ്പിടിക്കാൻ ഓരോ വ്യക്തിയും ബാധ്യസ്ഥനാണ്. വിദ്വേഷം പടർത്തുന്ന ഇത്തരം വ്യാജ നിർമ്മിതികളെ പ്രതിരോധിക്കാൻ നിയമവഴികൾ തേടിയത് മാതൃകാപരമായ പ്രവർത്തനമാണെന്നും മതേതരത്വത്തിന്റെയും സാഹോദര്യത്തിന്റെയും കേരള മാതൃകയെ തകർക്കാൻ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ ഒറ്റക്കെട്ടായി ചെറുക്കാമെന്നും മുഖ്യമന്ത്രി കുറിപ്പില്‍ പറയുന്നു.