ഹൈദരാബാദിലെ ഒരു സ്കൂളിൽ 'കലിമ' ഹോംവർക്ക് നൽകിയെന്ന ആരോപണത്തെത്തുടർന്നുണ്ടായ വിവാദത്തില്‍ അധ്യാപികയ്ക്ക് സസ്പെന്‍ഷന്‍.  സ്കൂളിലെ രണ്ടാം ക്ലാസിൽ ആകെ 25 വിദ്യാർത്ഥികളാണുള്ളതെന്നും അതിൽ ഒരാൾ മാത്രമാണ് ഹിന്ദു വിദ്യാർത്ഥിയെന്നും ബാക്കി 24 പേരും മുസ്ലീങ്ങളാണെന്നും പൊലീസ്. ഒരു ഹിന്ദു വിദ്യാർത്ഥി ഉൾപ്പെടെ 25 വിദ്യാർത്ഥികളാണ് ഈ ക്ലാസിലുണ്ടായിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളില്‍ മുപ്പതിലധികം പേരെ കരുതല്‍ തടങ്കലില്‍ എടുത്തു. നിലവിൽ സാഹചര്യം സമാധാനപരമാണെന്നും മാനേജ്‌മെന്റിനെതിരെ പരാതിയില്ലെന്നും രക്ഷിതാക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അതിനാൽ ഈ വിഷയത്തിൽ പൊലീസ് ഇതുവരെ പരാതിയൊന്നും റജിസ്റ്റർ ചെയ്തിട്ടില്ല.  എന്തെങ്കിലും പരാതി ലഭിക്കുകയാണെങ്കിൽ, അതിൻമേൽ നിയമോപദേശം തേടി തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

ജൂലൈ 11-ലെ സ്കൂള്‍ ഡയറി പേജുകളിൽ ‘ദീനിയാത്ത്’ എന്ന വിഷയത്തിന് കീഴിൽ 1, 2 കലിമ വായിക്കുക, സൂറത്ത് ഫാത്തിഹ വായിക്കുക എന്നീ ഹോംവർക്കുകളാണ് സ്കൂളില്‍ നിന്ന് കുട്ടികള്‍ക്ക് നൽകിയിരുന്നത്. അതേസമയം ഇതേ പേജുകളിലെ മറ്റ് ഹോംവർക്കുകൾ കണക്ക്, കംപ്യൂട്ടർ തുടങ്ങിയ വിഷയങ്ങളുടേതാണ്. രണ്ട് പേജുകളിലെയും ഹോംവർക്ക് എൻട്രികളിൽ അധ്യാപിക ഒപ്പുവെച്ചിട്ടുണ്ടെന്നും പറയപ്പെടുന്നു. വിദ്യാർത്ഥിയുടെ ഹോംവർക്ക് ഡയറിയുടെ ചിത്രങ്ങൾ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഹൈദരാബാദിലെ സഈദാബാദിലുള്ള 'സക്സസ് ദ സ്കൂൾ' ലെ അധ്യാപികയായ ഷെയ്ഖ് ആയിഷ പർവീണാണ് കുട്ടികള്‍ക്ക് കലിമ ഹോംവര്‍ക്ക് നല്‍കിയത്. മുസ്ലിം വിദ്യാർത്ഥികൾക്ക് മാത്രമായി നൽകിയ ഗൃഹപാഠം അബദ്ധത്തിൽ ഹിന്ദു വിദ്യാർത്ഥിയുടെ ഡയറിയിലും എഴുതിപ്പോയതാണെന്നായിരുന്നു അധ്യാപിക നൽകിയ വിശദീകരണം.  വിവാദങ്ങളെത്തുടര്‍ന്ന് ഈ അധ്യാപികയെ സ്കൂളില്‍ നിന്ന് പിരിച്ചുവിട്ടു. സക്സസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻസിന് കീഴിലുള്ള ഒരു സ്ഥാപനത്തിലും ജോലി ചെയ്യുന്നതിൽ നിന്നും പർവീണിനെ ശാശ്വതമായി വിലക്കിയതായി സ്കൂൾ പിരിച്ചുവിടൽ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ സ്കൂളിന് പുറത്ത് പ്രതിഷേധിച്ചു. പ്രതിഷേധത്തിനിടെ ബിജെപി നേതാവ് അന്ദേല ശ്രീരാമുലു യാദവ്, അഭിഭാഷകനും ബിജെപി നേതാവുമായ കരുണാ സാഗർ എന്നിവരെയും മറ്റ് നിരവധി പാർട്ടി പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കുന്നതിന് മുൻപ് മാധ്യമപ്രവർത്തകരോട് സംസാരിച്ച കരുണാ സാഗർ, എന്തുകൊണ്ടാണ് ഇതുവരെ എഫ്‌ഐആർ റജിസ്റ്റർ ചെയ്യാത്തതെന്ന് ചോദ്യം ചെയ്യുകയും സ്കൂൾ പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.  ഒരാൾക്കും ഒരു മതവും നിർബന്ധപൂർവ്വം അടിച്ചേൽപ്പിക്കാൻ കഴിയില്ലെന്നും ഹിന്ദു വിദ്യാർത്ഥികൾ എപ്പോഴും ഭയത്തോടെയാണോ പഠിക്കേണ്ടത് എന്നും ബി.ജെ.പി നേതാവ് മാധവി ലത ചോദിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭരണഘടന പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും ഇതുപോലെ ഭഗവദ്ഗീത വായിക്കാന്‍ തുടങ്ങിയാല്‍ അവര്‍ മിണ്ടാതിരിക്കുമോയെന്നും മാധവി ലത ചോദിച്ചു.  കേന്ദ്ര ആഭ്യന്തര സഹമന്ത്രി ബണ്ടി സഞ്ജയ് കുമാറും വിശ്വഹിന്ദു പരിഷത്തും സ്കൂൾ അധ്യാപികയുടെ  നടപടിയെ ശക്തമായി അപലപിക്കുകയും സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

Hyderabad School Suspends Teacher Over 'Kalima' Homework Controversy:

Hyderabad school controversy involves a teacher's suspension for assigning 'Kalima' homework to a class with one Hindu student. The incident has sparked protests and discussions about religious inclusivity in educational institutions