ഐസിയുവിന്‍റെ സീരിയസ് ഇമേജ്  ഒറ്റരാത്രികൊണ്ടാണ് പൊളിഞ്ഞുപോയത്. ആരോഗ്യമന്ത്രിയുടെ ഐസിയു വാസം വേറെ ലെവലായിരുന്നു . കഴുത്തുളുക്കിന്  ഐസിയുവില്‍ അഡ്മിറ്റായ ആരോഗ്യമന്ത്രി കടുത്ത വേദനയ്ക്കിടെയിലും നഴ്സുമാര്‍ക്കൊപ്പം സെല്‍ഫിയെടുത്തു. ശസ്ത്രക്രിയ ഉപകരണങ്ങളൊക്കെ ഒരമ്പത് വര്‍ഷമൊക്കെ കുഴപ്പമില്ലാതെ രോഗികളുടെ വയറ്റില്‍ വയ്ക്കാനുള്ള സമ്മര്‍ദ്ധമുള്ള ജോലി ചെയ്യുന്ന അവര്‍ക്കും വേണ്ടേ ഒരാശ്വാസം. സെല്‍ഫി പുറത്തുവന്നപ്പോ പക്ഷേ, കഥ മാറി. ആരോഗ്യമന്ത്രിയുടെ ഓഫിസ് നഴ്സുമാരോട് റിപ്പോര്‍ട്ട് തേടി. റിപ്പോര്‍ട്ട് എന്ന് പറയുന്നത് പണ്ടേ അവരുടെ ഒരു വീക്ക്നെസ്സാണ്. റിപ്പോര്‍ട്ട് ചോദിക്കുമെന്നേയുള്ളൂ,തുറന്നു നോക്കുന്ന ശീലമില്ലാത്തതുകൊണ്ട് പേടിക്കാനില്ല. അതൊക്കെ പോട്ടെ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളുടെ ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ഒരു ചരിത്രനേട്ടമാണ് പരിയാരം മെഡിക്കല്‍ കോളജ് ഇന്ന്  സ്വന്തമാക്കിയത്. ഐസിയുവില്‍ കിടന്ന രോഗിയെ, ഒബ്സര്‍വേഷന്‍ റൂമിലേക്കോ, വാര്‍‍ഡിലേക്കോ മാറ്റുന്നതിന് പകരം. നേരിട്ട് ഡിസ്ചാര്‍ജ് ചെയ്യുക. അതും പുലര്‍ച്ചെ നാലുമണിക്ക്. ഡിസ്ചാര്‍ജിന് വേണ്ടി വൈകിട്ട് നാലുവരെ കാത്തിരിക്കേണ്ട പാവപ്പെട്ട രോഗികളൊന്നും പക്ഷേ ഇത് കണ്ട് ആശിക്കരുത്. അത് വേ, ഇത് റേ. ആരോഗ്യമന്ത്രിക്കെന്ത് പ്രോട്ടോക്കോള്‍ .ഐസിയുവില്‍ നിന്ന് കാറില്‍ കയറി ഇരുന്ന മന്ത്രി, നീണ്ട 11 മണിക്കൂര്‍ കാറില്‍ യാത്ര ചെയ്ത് തിരുവനന്തപുരത്തെത്തി. നല്ല ആരോഗ്യം മാത്രമല്ല, വില്‍പവറും ഉള്ള ആളാണ് നമ്മുടെ ആരോഗ്യമന്ത്രിയെന്നതില്‍ നമുക്കഭിമാനിക്കാം. കഴുത്തിലെ  ഉളുക്ക് മാറി മന്ത്രി വേഗം സുഖപ്പെടട്ടേയെന്ന്  നമ്പര്‍ വണ്‍ ആരോഗ്യകേരളം ഒരുമിച്ച് ആശിക്കുകയാണ്. കാര്യങ്ങളൊക്കെ ഏറെക്കുറെ വ്യക്തമായ സ്ഥിതിക്ക് മന്ത്രിയെ ആക്രമിച്ച കേസ് തെളിഞ്ഞോ? 

ENGLISH SUMMARY:

Health Minister's ICU stay was unprecedented, with a selfie taken amidst severe pain. This incident has sparked debate and requests for reports, highlighting a different side to the usual hospital protocols