മകന്‍റെ വിയോഗത്തിൽ വേദന പങ്കുവച്ച് ഹൃദയം നുറുങ്ങും കുറിപ്പുമായി സീരിയൽ താരം ലക്ഷ്മി ദേവൻ. കഴിഞ്ഞ ദിവസമാണ് ലക്ഷ്മിയുടെ മകൻ അനശ്വർ അന്തരിച്ചത്. വാഹനാപകടത്തിലാണ് മരണം സംഭവിച്ചതെന്നാണ് വിവരം. ‘എന്‍റെ മോൻ…എന്‍റെ ജീവൻ, എന്‍റെ ശ്വാസം, എന്‍റെ രക്തം… ഇനി എനിക്ക് ഒന്നും വരാനില്ല. എന്‍റെ കുഞ്ഞ് ഒന്നും പറയാതെ പോയി’ എന്നാണ് ലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചത്.
എഞ്ചിനീയറിങ് വിദ്യാർത്ഥിയായിരുന്ന അനശ്വറിന് ഇലക്ട്രോണിക്സിൽ ഗവേഷണം നടത്താനും പഠനശേഷം ജപ്പാനിൽ പോകാനും വലിയ ആഗ്രഹമുണ്ടായിരുന്നുവെന്നു ലക്ഷ്മി ഓർക്കുന്നു. മകൻ ഫോട്ടോകൾ എടുക്കാൻ ഇഷ്ടപ്പെടാത്ത പ്രകൃതക്കാരനായിരുന്നെന്നും എന്നാൽ നിധി പോലെ കിട്ടിയ ചില ചിത്രങ്ങൾ പങ്കുവയ്ക്കുകയാണെന്നും ലക്ഷ്മി കുറിച്ചു. മകന്‍റെ പഴയ ചില ഫോട്ടോകളും വിഡിയോയും ലക്ഷ്മി പങ്കുവച്ചു.
ഭ്രമണം, കാര്യം നിസ്സാരം തുടങ്ങിയ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയാണ് ലക്ഷ്മി ദേവൻ. തിരക്കഥാ രചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഹാപ്പി കപ്പിൾസ് എന്ന സീരിയലിലാണ് ലക്ഷ്മി ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.