മഴവില്‍ നിറത്തിലുള്ള ചോളം നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ വയനാട്ടില്‍ നിന്നുള്ള ഈ കാഴ്ച ഒന്ന് കാണണം. കാര്‍ഷിക രംഗത്ത് നിരവധി തവണ ദേശീയ പുരസ്കാരം നേടിയ മാനന്തവാടി സ്വദേശി കേദാരം ഷാജിയാണ് വിവിധ വര്‍ണങ്ങളിലുള്ള മുപ്പതോളം ചോളം വെറൈറ്റികള്‍ വിജയകരമായി പരീക്ഷിക്കുന്നത്.
ശരിക്കും മഴവില്ലിന്‍റെ അഴക് തന്നെയാണ് ഈ ചോളങ്ങളില്‍ കാണുന്നത്. ഇതെന്താ ചോളത്തില്‍ കളര്‍ പെയിന്‍റ് അടിച്ചോ എന്ന് കേദാരം ഷാജിയോട് ചോദിച്ചവരുണ്ട്. പക്ഷേ ഇത് ഒറിജിനല്‍ കളറാണ്. ഒന്നും രണ്ടുമല്ല മുപ്പതോളം വ്യത്യസ്തമായ കളര്‍ ചോളങ്ങളുടെ കോമ്പിനേഷനുകളാണ് ഷാജി രണ്ടുവര്‍ഷത്തിനിടെ വികസിപ്പിച്ചെടുത്തത്. വിവിധ ഇനങ്ങളെ കൃത്രിമമായി പരാഗണം നടത്തി ആയിരുന്നു പരീക്ഷണം.
വാഴയ്ക്കും കപ്പയ്ക്കും ഇടവിളയായിട്ടാണ് ചോളത്തിന്‍റെ കൃഷി. 90 ദിവസം കൊണ്ട് വിളവെടുക്കാം. പുല്ലുവര്‍ഗത്തിലുള്ള ചോളം നാരുകളും ആന്‍റി ഓക്സിഡന്‍റുകളും കൊണ്ട് സമ്പന്നമാണ്. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായാണ് ഷാജി ചോളവിത്തുകള്‍ നല്‍കുന്നത്. ഇതിലൂടെ വര്‍ണ ചോളം കൂടുതല്‍ ജനകീയമാക്കാമെന്നാണ് പ്രതീക്ഷ. മികച്ച കര്‍ഷകനുള്ള ദേശീയ പുരസ്കാരം മൂന്ന് തവണ നേടിയ ഷാജി കിഴങ്ങ് കൃഷിയിലെ വെറൈറ്റി കൊണ്ട് ഏറെ ശ്രദ്ധ നേടിയിരുന്നു. കുടുംബവും ഷാജിക്കൊപ്പം കൃഷിയില്‍ സജീവമാണ്.