ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതികരിച്ച് നടി സീമ ജി. നായർ. സ്ത്രീകൾക്ക് അനുകൂലമായി നിയമങ്ങൾ വന്നതു മുതൽ അത് ദുരപയോഗം ചെയ്യുന്ന രീതിയിൽ പലരും മാറുന്നുവെന്നും അതിനു വേണ്ടി എത്ര കള്ളകഥകൾ മെനയാനും മടിയില്ലെന്ന് ഫെയ്സ്ബുക്കില്‍  പങ്കുവച്ച കുറിപ്പിൽ സീമ പറഞ്ഞു.

‘ഒരു സായാഹ്ന പോസ്റ്റ് ഇടാമെന്നു കരുതിയാണ് ഇരുന്നത്, അതിനുള്ള മനസ്സായിരുന്നില്ല. മനസ്സാക്ഷി ഉള്ളവർക്കാർക്കും ഈ പെറ്റമ്മയുടെ കരച്ചിൽ കണ്ടുനിൽക്കാനാവില്ല, പ്രായമായ അച്ഛന്റെയും, അമ്മയുടെയും ഏക അത്താണിയായിരുന്നവൻ. മുത്തേ നീ ഇല്ലാതെ അമ്മയ്ക്ക് എങ്ങനെ ജീവിക്കാൻ പറ്റുമെന്ന ആ അമ്മയുടെ വാക്കുകൾ.ദൈവമേ ആർക്കും ഇങ്ങനെ ഗതി വരുത്തല്ലേ.ഒരിക്കലും കാണാത്ത, കേൾക്കാത്ത, അറിയാത്ത ആളായിട്ടു പോലും ദീപക് ഈ മരണം വല്ലാതെ ഉലയ്ക്കുന്നു.

സ്ത്രീകൾക്ക് അനുകൂലമായി ചില നിയമങ്ങൾ വന്നതു മുതൽ അതിനെ ഏതു രീതിയിലും, മിസ് യൂസ് ചെയ്യാവുന്ന രീതിയിൽ ഇവിടെ പലരും മാറുന്നു.അതിനു വേണ്ടി എത്ര കള്ളകഥകൾ മെനയാനും മടിയില്ല.എല്ലാവർക്കും റീച്ച് കൂട്ടുക, സമൂഹ മാധ്യമങ്ങളിൽ നിറയുക, റേറ്റിങ് കൂട്ടുക ഇത് മാത്രമേ ഉള്ളു, പെണ്ണൊരുമ്പെട്ടാൽ എന്ന് പഴമക്കാർ പറഞ്ഞപ്പോൾ, നാടിനു തന്നെ ആപത്താകുന്ന രീതിയിൽ ഇത് മാറുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല.

പലരും പറയുന്നത് കേട്ടു, ദീപക് പിടിച്ചു നിൽക്കണമായിരുന്നുവെന്ന്, എങ്ങനെ പിടിച്ചു നിൽക്കും, എങ്ങനെ നേരിടും, വർഷങ്ങൾ കേസിന്റെ പുറകെ പോയി. നാട്ടിലും, വീട്ടിലും നാണം കെട്ടവനായി എങ്ങനെ ജീവിക്കും, എല്ലാം കലങ്ങി തെളിയുമ്പോൾ, അവനും കുടുംബവും അനുഭവിക്കാവുന്നതിന്റെ അപ്പുറം അനുഭവിച്ചിട്ടുണ്ടാകും, റീച്ച് കിട്ടാൻ വേണ്ടി പെണ്ണെന്നു പറയുന്ന നീ കാണിച്ചു കൂട്ടിയ തെമ്മാടിത്തരത്തിനു നീ അനുഭവിക്കും. ആ അമ്മയുടെ നെഞ്ച് പിളരുന്ന വാക്കുകൾ മനുഷ്യനായി ജനിച്ച ആർക്കും സഹിക്കാൻ കഴിയില്ല .നാളെ നമ്മുടെ കുടുംബത്തിലും ഇങ്ങനെ സംഭവിക്കാം. അങ്ങനെ ഒരു ആപത്തു വളർന്നു വരുവാൻ അനുവദിക്കരുത്. ദീപക് താങ്കൾ പെട്ടെന്ന് എല്ലാം ഉപേക്ഷിച്ചു പോകുമ്പോൾ ഒരു നിമിഷം നൊന്തു പെറ്റ അമ്മയെയും ആ പാവം അച്ഛനെയും ഒന്ന് ഓർത്തു കൂടായിരുന്നോ?’–സീമ ജി.നായരുടെ വാക്കുകൾ.

ENGLISH SUMMARY:

Deepak suicide case has triggered reactions, including actress Seema G Nair. Seema G Nair expressed her views on the misuse of laws and the impact of false accusations on individuals and families.