saji-malappuram

സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വിമര്‍ശനം ശക്തം. വര്‍ഗീയ ധ്രുവീകരണമുണ്ടോയെന്നറിയാന്‍ കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരുടെ പേരു നോക്കാനിറങ്ങിയ സജി ചെറിയാന്‍ സി.പി.എമ്മിന്റെ സ്ഥാനാര്‍ഥിപട്ടിക കൂടി നോക്കണമെന്ന് വിമര്‍ശകര്‍. മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് സി.പി.എം നിര്‍ത്തിയ സ്ഥാനാര്‍ഥികളിലും ഭൂരിപക്ഷം മുസ്‍ലിം വിഭാഗത്തില്‍ നിന്നുള്ളവരാണ്.

മലപ്പുറം ജില്ലാപഞ്ചായത്തിലേക്ക് ജയിച്ചവരുടെ പേര് നോക്കി വര്‍ഗീയധ്രുവീകരണത്തിന് തെളിവു തേടാനിറങ്ങിയ സജി ചെറിയാന്‍ സ്വന്തം മുന്നണിയുടെ സ്ഥാനാര്‍ഥി പട്ടിക നോക്കിയാല്‍ സ്വന്തം സിദ്ധാന്തമനുസരിച്ച് പരുങ്ങേണ്ടി വരുമെന്നും വിമര്‍ശനം. മലപ്പുറം പഞ്ചായത്തില്‍ ആകെ 33 ഡിവിഷന്‍. മുപ്പത്തിമൂന്നിലും യു.ഡി.എഫാണ് ജയിച്ചത്.

പട്ടികയില്‍ 27 പേര്‍ മുസ്‍ലിം വിഭാഗക്കാര്‍, ആറു പേര്‍ മറ്റു മതവിഭാഗങ്ങളില്‍ നിന്നുള്ളവര്‍. ഇത് ധ്രുവീകരണത്തിന് തെളിവാണെന്നാണ് സജി ചെറിയാന്‍ ആരോപിക്കുന്നതെങ്കില്‍ ‌ ഇടതുമുന്നണി പട്ടികയില്‍ 33 സീറ്റിലെ 22 സ്ഥാനാര്‍ഥികളും മുസ്‍ലിം വിഭാഗക്കാരാണ്. ആരും ജയിക്കാത്തതുകൊണ്ടു മാത്രം സജി ചെറിയാന് ധ്രുവീകരണം ആരോപിക്കാനാകില്ലെന്നു മാത്രം.

യു.ഡി.എഫിന്റെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി.സ്മിജി, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന എ.പി.ഉണ്ണികൃഷ്ണന്‍റെ മകള്ളാണ്. ജനറല്‍ വിഭാഗത്തില്‍ നിന്നുളള മുതിര്‍ന്ന ലീഗ് നേതാക്കളെ മാറ്റി നിര്‍ത്തിയാണ് സ്മിജിക്ക് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റെ പദവി നല്‍കിയത്.

സ്ഥാനാര്‍ഥികളെ തീരുമാനിക്കുമ്പോള്‍ പ്രാദേശികമായി മുന്‍തൂക്കമുള്ള വിഭാഗങ്ങളില്‍ നിന്നുള്ളവരെ പരിഗണിക്കുന്ന ശൈലി എല്ലാ മുന്നണികളും പിന്തുടരുമ്പോള്‍ മലപ്പുറത്തെയും മുസ്‍ലിംലീഗിനെ മാത്രം വര്‍ഗീയധ്രുവീകരണമെന്ന് ഉന്നമിടുന്നത് പച്ചയായ വര്‍ഗീയതയാണെന്ന് മലപ്പുറത്തെ ജനപ്രതിനിധികള്‍ പറയുന്നു. മന്ത്രി സജി ചെറിയാന്‍ ഉയര്‍ത്തിയ വിവാദങ്ങള്‍ ജില്ലയിലെ സിപിഎം നേതൃത്വത്തേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ENGLISH SUMMARY:

Saji Cheriyan controversy has sparked debate regarding communal polarization. Critics argue that focusing solely on Muslim representation in Malappuram ignores the broader context of candidate selection across political parties in Kerala.