വിവിധ ആവശ്യങ്ങളുന്നയിച്ച് സിനിമാമേഖല നാളെ ഷൂട്ടിങും തിയറ്ററുകളും സ്തംഭിപ്പിച്ച് സൂചനാ പണിമുടക്ക് നടത്താനൊരുങ്ങവെ സംഘടനകളുമായി സംസ്ഥാന സർക്കാർ ഇന്ന് ചർച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരത്ത് മന്ത്രി സജി ചെറിയാന്റെ ചേംബറിലാണ് ചർച്ച.
ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് സിനിമ സംഘടനകളുടെ തീരുമാനം. ജി.എസ്.ടിക്ക് പുറമേയുള്ള വിനോദ നികുതി എടുത്ത് കളയണമെന്ന സിനിമ മേഖലയുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
നികുതി മാത്രമല്ല. ദിവസവും വൈകിട്ട് 6 മുതൽ തിയറ്ററുകൾക്ക് പ്രത്യേക വൈദ്യുതി താരിഫ് അനുവദിക്കുക, കെ.എസ്.എഫ്.ഡി.സിക്കും ചലച്ചിത്ര അക്കാദമിക്കും പ്രതിവർഷം തിയറ്ററുകളിൽ നിന്ന് സ്വരൂപിച്ച് നൽകുന്ന 1.5കോടി രൂപയുടെ സംഭാവന നിർത്തുക, സർക്കാർ ലൊക്കേഷനുകളിലെ ഷൂട്ടിങ് അനുമതിക്കും ഫീസ് അടയ്ക്കുന്നതിനും ഏകജാലക സംവിധാനം ഒരുക്കുക, ചിത്രാഞ്ജലിയിൽ നിർമിക്കുന്ന സിനിമകൾക്കുള്ള സർക്കാർ സബ്സിഡി 5ലക്ഷത്തിൽനിന്ന് 25ലക്ഷമാക്കി ഉയർത്തുക, തിയറ്ററുകളുടെ പ്രവർത്തന ലൈസൻസ് പുതുക്കുന്നതിന്റെ കാലാവധി 5വർഷമാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.
സാംസ്കാരിക ക്ഷേമനിധിയിലേക്ക് ഓരോ സിനിമ ടിക്കറ്റിൽനിന്നും മൂന്ന് രൂപ ഈടാക്കി കോടികൾ സർക്കാരിലേക്ക് ചെല്ലുന്നുണ്ടെങ്കിലും അർഹരായവർക്കൊന്നും പെൻഷൻ ലഭിക്കാത്ത സാഹചര്യവും മാറണമെന്ന് സിനിമ സംഘടനകൾ ആവശ്യപ്പെടുന്നു. സിനിമാ റിവ്യൂ ബോംബിങിനെതിരെ നിയമ നിർമാണം വേണമെന്നതും സംഘടനകൾ ആവശ്യപ്പെടും.