കാസർകോട് മുൻസിപ്പാലിറ്റിയിലെ ജനപ്രതിനിധികളുടെ പേര് നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം മനസ്സിലാക്കാമെന്ന മന്ത്രി സജി ചെറിയാൻ്റ പ്രസ്താവന ഇരട്ടത്താപ്പെന്ന് ആരോപണം. സിപിഎം നേരിട്ട് മല്‍സരിക്കാന്‍ മടിച്ച ലീഗ് ജയിച്ച 22 ല്‍ 15 ഇടത്തും, ബിജെപി ജയിച്ച 12 ൽ പത്തിടത്തും സമുദായം നോക്കിയാണ് സ്വാതന്ത്രർക്ക് പിന്തുണ നൽകിയത്.
മന്ത്രി സജി ചെറിയാൻ വർഗീയ ധ്രുവീകരണം മനസ്സിലാക്കാൻ, പരിശോധിക്കാൻ ആവശ്യപ്പെട്ട മുൻസിപ്പാലിറ്റിയാണ് കാസർകോട്. കാസർകോട് മുൻസിപ്പാലിറ്റിയിൽ 39 വാർഡുകളാണുള്ളത്. ഇതില്‍ 24 ഇടത്ത് യുഡിഎഫും 12 ഇടത്ത് എൻഡിഎയും രണ്ടിടത്ത് സ്വതന്ത്രരും ഒരിടത്ത് സിപിഎമ്മും ജയിച്ചു.
യു.ഡി.എഫിന്റ 24 സീറ്റില്‍ 22 ഉം മുസ്ലീം ലീഗിന്റേതാണ്.ഇതില്‍ ഒരാളൊഴിച്ച് മറ്റെല്ലാവരും മുസ്ലീം സമുദായത്തില്‍പെട്ടവർ. പല വാർഡുകളിലും എസ്ഡിപിഐയും, പിഡിപിയും സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും ഒരിടത്തും ജയിക്കാനായില്ല. അതായത് വർഗീയ ധ്രുവീകരണത്തിന് അപ്പുറം മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപാർട്ടിയുടെ ആഴത്തിലുള്ള വേരോട്ടമാണ് കാസർകോട് വോട്ടായി മാറിയതെന്നാണ് ലീഗ് വാദം.
ഒരിടത്ത് മാത്രമാണ് സിപിഎം നേരിട്ട് മല്‍സരിച്ചത്. ലീഗ് ജയിച്ച 22 വാർഡുകളിൽ 15 ഇടത്തും മുസ്ലിം നാമധാരികൾക്കാണ് എൽഡിഎഫിന്റ പിന്തുണ. ബിജെപി വിജയിച്ച 12 ഇടങ്ങളിൽ പത്തിടത്തും മുസ്ലിം ഇതര നാമധാരികളൾക്കും. അതായത് സമുദായ ബലം നോക്കിയാണ് എല്‍ ഡി എഫും സ്ഥാനാര്‍ഥികളെ നിര്‍ത്തിയതെന്ന് ചുരുക്കം.