വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള സഖ്യമെന്നായിരുന്നു എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തെ സ്വാഗതം ചെയ്യുന്ന സിപിഎമ്മിന്‍റെ മുന്‍കാല നിലപാട്. 2012 ലെ എന്‍എസ്എസ്- എസ്എന്‍ഡിപി ഐക്യത്തെ വര്‍ഗീയ അജന്‍ഡ നടപ്പാക്കാനുള്ള ശ്രമമെന്ന് വിമര്‍ശിച്ചത് ഇന്നത്തെ മുഖ്യമന്ത്രിയായ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയനായിരുന്നു.
ഇരുസംഘടനകളുടെയും ഇപ്പോഴത്തെ യോജിപ്പില്‍ രാഷ്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിനെ അന്നത്തെ നിലപാടുകള്‍ പ്രതിസന്ധിയിലാക്കും .ഭൂരിപക്ഷ ഐക്യത്തിന്‍റെ തുടക്കമെന്ന പ്രഖ്യാപിച്ച 2012 ലെ എന്‍എസ്എസ്- എസ്എന്‍ഡിപി സഖ്യത്തിന്‍റെ ദൃശ്യങ്ങള്‍ ഏറ്റവും അസ്വസ്തപ്പെടുത്തിയത് സിപിഎമ്മിനെയായിരുന്നു.
ഇന്നത്തെ ഐക്യം സമൂഹനന്മക്കെന്ന പ്രതീതി നല്‍കുന്ന സിപിഎമ്മിന് അന്ന് ഇരു സംഘടനകളും മുഖ്യശത്രുവായിരുന്നു. എസ്‌എൻഡിപിയുടെയും എൻഎസ്‌എസിന്റെയും നേതൃത്വത്തിൽ മോഹവും അതിമോഹവും പിടിപെട്ട ചിലരാണ് ഹൈന്ദവ ഏകീകരണം എന്ന പേരിൽ ഒരുമിക്കുന്നതെന്നാണ് സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയൻ അന്ന് പറഞ്ഞത്.
പിണറായിയുടെ പരാമർശം അദ്ദേഹത്തിനു സംഭവിക്കുന്ന പിഴവുമൂലമെന്ന് അന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായർ മറുപടിയും നല്‍കിയിരുന്നു. ഇതേ സമുദായനേതാക്കള്‍ ഇന്ന് വിഡി സതീശനെതിരെ തിരിയുമ്പോള്‍ അതില്‍ നിന്നും പരമാവധി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സിപിഎം ലക്ഷ്യമിടുന്നത്.