പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിൽസാപ്പിഴവിനെ തുടർന്ന് കൈമുറിച്ച് മാറ്റേണ്ടി വന്ന ഒൻപതുകാരി വിനോദിനിയുടെ കുടുംബം മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകി. കുട്ടിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. കടുത്ത പ്രതിസന്ധിയിലാണെന്നും ചികിൽസയുടെ ഭാഗമായി വൻ സാമ്പത്തിക ബാധ്യതയുണ്ടെന്നും കുടുംബം.
കുരുന്നിൻ്റെ മുഖത്ത് പുഞ്ചിരി പൂർണമായും തെളിഞ്ഞിട്ടില്ല. സങ്കടവും നിരാശയുമെല്ലാം കുഞ്ഞിനൊപ്പം ബന്ധുക്കൾക്കുമുണ്ട്. നഷ്‌ടപ്പെട്ടത് തിരികെ കിട്ടില്ലെന്ന് ഇവർക്കറിയാം. എങ്കിലും മുന്നോട്ട് നീങ്ങാൻ വഴി തെളിഞ്ഞേ പറ്റൂ. ഇതിനുള്ള സഹായം തേടിയാണ് കുടുംബം തലസ്ഥാനത്തെത്തി പരാതി നൽകിയത്. കുഞ്ഞിൻ്റെ സംരക്ഷണം ഏറ്റെടുക്കണം. കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യതയും പരിഹരിക്കണം. ഗുരുതര വീഴ്ച വരുത്തിയവർക്കെതിരെ നടപടിയും വേണം.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നും പാലക്കാട്ടെ വാടക വീട്ടിൽ തിരിച്ചെത്തിയെങ്കിലും കുട്ടി സ്കൂളിൽ പോയി തുടങ്ങിയിട്ടില്ല. പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്ത ക്രിത്രിമ കൈ ഘടിപ്പിക്കാൻ കുറച്ച് ദിവസം കൂടി വേണ്ടി വരും. ഈ മട്ടിൽ കരകയറാൻ ശ്രമിക്കുന്ന കുടുംബത്തിന് സർക്കാർ പിന്തുണ അനിവാര്യമെന്ന് ജനപ്രതിനിധികളും.