sanju-vizhinjam-auto

കുട്ടിക്കാലത്ത് തനിക്ക് നാട്ടില്‍ നിന്നും കിട്ടിയ പിന്തുണയും സ്നേഹവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തായെന്ന് സഞ്ജു സാംസണ്‍. ബാറ്റിങ് കിറ്റുമായി നടന്ന് പോകുമ്പോള്‍ 'നിന്നെക്കൊണ്ട് പറ്റുമെന്നും, ഒരു ദിവസം ഇന്ത്യയ്ക്കായി കളിക്കുമെന്നും' ആദ്യം പറഞ്ഞത് നാട്ടുകാരാണെന്നും താരം പറയുന്നു. ഭാരമേറിയ വലിയ ബാഗുമായി ബസ് സ്റ്റാന്‍ഡിലേക്ക് പോകുമ്പോള്‍, കയറിക്കോടാ, ബസ് കിട്ടുന്നിടത്ത് ആക്കിത്തരാമെന്ന് പറഞ്ഞ ഓട്ടോക്കാരുണ്ടെന്നും നാട് നല്‍കിയ സ്നേഹത്തിന് എക്കാലവും നന്ദിയുള്ളവനായിരിക്കുമെന്നും സഞ്ജു. വിഴിഞ്ഞത്ത് നടന്ന പരിപാടിയിലാണ് താരം നാട്ടുകാരുടെ പിന്തുണ ഓര്‍ത്തെടുത്തത്.

അച്ഛന്‍റെയും അമ്മയുടെയും സ്വന്തം നാടാണ് വിഴിഞ്ഞമെന്നും അതുകൊണ്ട് തന്നെ പരിപാടിക്ക് നിര്‍ബന്ധമായി വരണമെന്നും ഒരു ദിവസം വിഴിഞ്ഞത്തെ ആള്‍ക്കാര്‍ക്ക് കൊടുക്കണമെന്നും അച്ഛന്‍ പറഞ്ഞുവെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. മനസില്‍ ഒരു സ്വപ്നമുണ്ടെങ്കില്‍ അത് നേടിയെടുക്കാമെന്നുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഒപ്പം കഠിനാധ്വാനവും അച്ചടക്കവും ചേര്‍ന്നാല്‍ സ്വപ്നം യാഥാര്‍ഥ്യമാകുമെന്നതിന്‍റെ ഉദാഹരണമാണ് താനെന്നും താരം പറഞ്ഞു. 

സഞ്ജുവിന്‍റെ വാക്കുകള്‍ ഇങ്ങനെ: 'കുറേ സ്റ്റേജില്‍ കയറിയിട്ടുണ്ട്. പക്ഷേ സ്വന്തം നാട്ടുകാര്‍ക്ക് മുന്നില്‍ സ്റ്റേജില്‍ നിന്ന് സംസാരിക്കാന്‍ അത്ര എളുപ്പമല്ല. ഒരു ടെന്‍ഷനൊക്കെ മനസിലുണ്ട്. പണ്ട് ഇവിടെ കടപ്പുറമായിരുന്നു. ഇപ്പോഴാണ് ഗ്രൗണ്ടൊക്കെ വന്നത്. ചെറുതായിരുന്നപ്പോള്‍ എന്നെ എന്‍റെ അമ്മയും അച്ഛനും അപ്പൂപ്പന്‍മാരും കളിപ്പിക്കാന്‍ കൊണ്ടുവന്നിരുന്ന സ്ഥലമാണിത്. ആ ഒരോര്‍മ നന്നായിട്ടുണ്ട്. വിഴിഞ്ഞം മുതല്‍ മെഡിക്കല്‍ കോളജ് ഗ്രൗണ്ട് വരെ അച്ഛനും അമ്മയും കൊണ്ടുപോകും. ചില ദിവസങ്ങളില്‍ വീട്ടില്‍ നിന്ന് ബാറ്റിങ് കിറ്റുമായി ഞാനും ചേട്ടനും ബസ് സ്റ്റാന്‍ഡ് വരെ നടന്ന് പോകും. അപ്പോ വഴിയില്‍ ഉണ്ടായിരുന്ന കുറേ ചേട്ടന്‍മാരുടെ മുഖം എനിക്കിവിടെ കാണാം. അന്ന്, നിന്നെക്കൊണ്ട് പറ്റുമെടാ, ഒരു ദിവസം നീ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുമെന്ന് പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്നു. പ്രത്യേകിച്ചും ഓട്ടോച്ചേട്ടന്‍മാരോട്. വലിയ ബാഗും തൂക്കി നടന്ന് പോയിട്ടുള്ളപ്പോ,നീ കയറിക്കോടാ ബസ് സ്റ്റാന്‍ഡിലാക്കിത്തരാമെന്ന് പറഞ്ഞവരുണ്ട്. 

അച്ഛന്‍റെയും അമ്മയുടെയും സ്വന്തം നാടാണ്. അച്ഛന്‍ വിളിച്ച് പറഞ്ഞു, എടാ ഒരു പരിപാടിയുണ്ട്. നീ എത്തിയിരിക്കണം. ഇന്ത്യന്‍ ക്യാംപാണെങ്കിലും എന്താണെങ്കിലും ഒരു ദിവസം വിഴിഞ്ഞത്തെ ആള്‍ക്കാര്‍ക്ക് കൊടുക്കണം. ഇത്രയും വലിയ സ്നേഹത്തിനും സപ്പോര്‍ട്ടിനും നാടിനോട് നന്ദിയുണ്ട്. നമ്മുടെ മനസില്‍ നമുക്കൊരു സ്വപ്നമുണ്ട്, ആഗ്രഹമുണ്ട്, അത് നേടിയെടുക്കാമെന്നൊരു ആത്മവിശ്വാസമുണ്ടെങ്കില്‍ അതിനായി കഠിനാധ്വാനം ചെയ്യാമെങ്കില്‍, അച്ചടക്കം ജീവിതത്തില്‍ കൊണ്ടുവരാമെങ്കില്‍ ജീവിതത്തില്‍ എന്തും നേടാന്‍ പറ്റുമെന്നാണ് എനിക്ക് പറയാനുള്ളത്'. 

ന്യൂസീലന്‍ഡിനെതിരായ ട്വന്‍റി20യ്ക്കുള്ള ഇന്ത്യന്‍ ടീമിലും ട്വന്‍റി20 ലോകകപ്പ് ടീമിലും സഞ്ജു ഇടംപിടിച്ചിട്ടുണ്ട്. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനായാകും ഇക്കുറി സഞ്ജു കളിക്കാനിറങ്ങുക. രാജസ്ഥാനും സിഎസ്കെയും തമ്മില്‍ നടന്ന 18 കോടിയുടെ സ്വാപ് ഡീലിലാണ് സഞ്ജു ധോണിയുടെ സ്വന്തം ടീമിലെത്തിയത്. സഞ്ജു ചെന്നൈയില്‍ എത്തിയതോടെ രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലുമെത്തി. 

ENGLISH SUMMARY:

Indian cricketer Sanju Samson expressed his heartfelt gratitude to the people of Vizhinjam for supporting him during his early cricketing days. Speaking at an event, Sanju recalled how local auto-drivers used to give him free rides to the bus stand when he struggled with heavy batting kits. He emphasized that the encouragement from his neighbors, who believed he would play for India one day, acted as a great motivator. His father had specifically requested him to spend a day with the people of Vizhinjam, his ancestral home. Sanju also shared a message for the youth, stating that hard work and discipline are the keys to achieving one's dreams. Currently, Sanju is preparing for the T20 World Cup and his much-awaited debut season with Chennai Super Kings in IPL 2026. This emotional homecoming highlights the strong bond the star cricketer maintains with his roots in Kerala.