പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റിനു പിന്നാലെ ചര്‍ച്ചയായ ഒരു ഭാഷാപ്രയോഗമാണ് ‘ഐ ലവ് യു ടു ദ് മൂണ്‍ ആന്റ് ബാക്ക്’. തന്‍റേയും തന്നേപ്പോലെ ക്രൂരമായി അവഗണിക്കപ്പെട്ട മറ്റ് യുവതികളുടേയും വേദന ദൈവം അറിഞ്ഞെന്ന ഫെയ്സ്ബുക്ക് പോസ്റ്റ് അതിജീവിത പങ്കുവച്ചതോടെയാണ് ഈ ഭാഷാ പ്രയോഗം ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച കുറിപ്പിലെ അവസാന വാക്യമായിരുന്നു ഇത്. നഷ്ടപ്പെട്ടുപോയ മാലാഖക്കുഞ്ഞുങ്ങളോട് അതിജീവിതകള്‍ തങ്ങളുടെ സ്നേഹത്തിന്‍റെ ആഴം വ്യക്തമാക്കുന്ന വാക്കുകള്‍.
ഇതിനു പിന്നാലെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ലവ് യൂ ടു മൂൺ ആൻഡ് ബാക്ക്’ എന്നെഴുതിയ കപ്പുമായി കേന്ദ്രസർക്കാറിനെതിരായ എൽ.ഡി.എഫ് സത്യഗ്രഹ വേദിയിലെത്തിയത്. അതിജീവിതയ്ക്കുള്ള ഐക്യദാര്‍ഢ്യമായിരുന്നു അത്. മുഖ്യമന്ത്രിയും ഈ വാക്കുകള്‍ ഉയര്‍ത്തികാട്ടിയതിലൂടെ സോഷ്യല്‍മീഡിയയിലും ചര്‍ച്ചകളുയര്‍ന്നു. എന്താണ് ഈ പ്രയോഗത്തിന്‍റെ അര്‍ത്ഥം?
‘ഞാൻ നിന്നെ ചന്ദ്രനോളവും അവിടെനിന്നും തിരിച്ചുള്ള ദൂരത്തോളവും സ്നേഹിക്കുന്നു’ എന്നാണ് പദാനുപദ വിവര്‍ത്തനം. അതായത്, ഒരാളോടുള്ള അതിരുകളില്ലാത്തതും അളക്കാനാവാത്തതുമായ സ്നേഹത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന മനോഹരമായ ഒരു ശൈലിയാണിത്. എന്നാല്‍ ഇത് വെറുമൊരു ഭാഷാശൈലി മാത്രമല്ല. ഈ വാക്കുകള്‍ക്കൊരു ചരിത്രമുണ്ട്.
ഈ പ്രയോഗം ലോകപ്രശസ്തമായത് 1994-ൽ പുറത്തിറങ്ങിയ ‘Guess How Much I Love You’ എന്ന കുട്ടികളുടെ പുസ്തകത്തിലൂടെയാണ്. സാം മക്ബ്രാറ്റ്‌നി എഴുതിയ ഈ പുസ്തകത്തിൽ രണ്ട് മുയലുകൾ തമ്മിലുള്ള സംഭാഷണമാണുള്ളത്. ഈ സംഭാഷണത്തിന്‍റെ അവസാനം കുട്ടി മുയല്‍ പറയുന്ന വാക്കുകളാണ് ‘ഞാന്‍ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു’ എന്നത്. അതിനുള്ള മറുപടിയായി വലിയ മുയല്‍ പറയും– ‘അത് വളരെ ദൂരമാണ്. ഞാൻ നിന്നെ ചന്ദ്രനോളം സ്നേഹിക്കുന്നു—അവിടെനിന്ന് തിരിച്ചും (and back)’.
എന്നാല്‍ ഈ പുസ്തകം മാത്രമല്ല ചന്ദ്രനെ സ്നേഹത്തിന്‍റെ അളവുകോലാക്കിയതെന്നുവേണം മനസിലാക്കാന്‍. മറ്റുചില ചരിത്രപരമായ പശ്ചാത്തലങ്ങളും ഈ പ്രയോഗത്തിനുണ്ട്. 1960-കളിൽ മനുഷ്യൻ ചന്ദ്രനിലേക്ക് നടത്തിയ യാത്രകൾ (Apollo missions) ചന്ദ്രനെ സ്നേഹത്തിന്‍റെ അളവുകോലായി കാണാൻ ആളുകളെ പ്രേരിപ്പിച്ചു. 1725-ൽ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ‘ചന്ദ്രനിലേക്കൊരു യാത്ര’എന്നത് വലിയൊരു കാര്യത്തെ സൂചിപ്പിക്കാനായി ഉപയോഗിച്ചിരുന്നു.
ഇതൊന്നും കൂടാതെ രസകരമായ മറ്റൊരു വസ്തുത കൂടി ഈ പ്രയോഗത്തിലുണ്ട്. നമ്മുടെ ഹൃദയം ഒരു ജീവിതകാലം മുഴുവൻ ഉൽപാദിപ്പിക്കുന്ന ഊർജം ഉപയോഗിച്ചാൽ ഒരു ട്രക്ക് ചന്ദ്രനിലേക്ക് ഓടിച്ചു കൊണ്ടുപോകാനും തിരിച്ചു വരാനും (Moon and back) സാധിക്കുമെന്ന് ചില കണക്കുകൾ പറയുന്നു. അതിനാൽ, ഈ പ്രയോഗം ഒരാൾക്ക് തന്‍റെ ജീവിതകാലം മുഴുവൻ നൽകാൻ കഴിയുന്ന സ്നേഹത്തെയും സൂചിപ്പിക്കുന്നു.