rahul-mla-disqualification

ബലാത്സംഗ കേസിൽ  രാഹുല്‍ മാങ്കൂട്ടത്തിലിന്  ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവതിയെ ബലാൽസംഗം ചെയ്യുകയും നിർബന്ധിച്ചു ഗർഭഛിദ്രം നടത്തിക്കുകയും ചെയ്തെന്ന ഒന്നാമത്തെ കേസിലാണ് കർശന ഉപാധികളോടെ മുൻകൂർ ജാമ്യം. ഈ മാസം 16 മുതൽ 3 ദിവസം ചോദ്യം ചെയ്യലിനായി ഹാജരാകണമെന്നും, മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു

 

ഈ മാസം 16, 17, 18 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി രാഹുലിനോട് നിർദേശിച്ചത്. ചോദ്യം ചെയ്യുന്ന സമയത്ത് കസ്റ്റഡിയിലുള്ളതായി കണക്കാക്കി ലൈംഗികശേഷി പരിശോധന ഉൾപ്പെടെയുള്ളവ നടത്താം. രാഹുലിനെ അറസ്റ്റ് ചെയ്യുന്ന പക്ഷം 1 ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10നും 11നുമിടയിൽ രാഹുൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണം. അതിജീവിതയേയോ സാക്ഷികളെയോ ബന്ധപ്പെടാൻ ശ്രമിക്കരുത്. കേരളം വിട്ടു പോകരുത്. പാസ്പോർട്ട് സമർപ്പിക്കണം. കേസിലെ നിർണായ തെളിവായ മൊബൈൽ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്നും ഉത്തരവിൽ പറയുന്നു. 

 

പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു താനും അതിജീവിതയുമായി ഉണ്ടായിരുന്നതെന്നായിരുന്നു രാഹുലിന്റെ വാദം. ബന്ധത്തിൽ വിള്ളലുണ്ടായപ്പോൾ പരാതി നൽകിയതാണെന്നും, രാഷ്ട്രീയ പ്രേരിതമാണ് കേസെന്നും രാഹുൽ വാദിച്ചു. രാഹുൽ ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നും, മുൻകൂർ ജാമ്യം ലഭിച്ചാൽ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുമെന്നുമായിരുന്നു അതിജീവിതയുടെയും പൊലീസിന്റെയും വാദം.

 

ബലാത്സംഗം ചെയ്യുകയും പിന്നീട് ഗര്‍ഭഛിദ്രത്തിന് നിർബന്ധിച്ചെന്നുമുള്ള പരാതിയിൽ കേസെടുത്തതോടെ രാഹുൽ ഒളിവിൽ പോവുകയായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. നേരത്തെ രണ്ടാം ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യവും, മൂന്നാം ബലാത്സംഗ കേസിൽ ജാമ്യവും രാഹുലിന് ലഭിച്ചിരുന്നു. ഇതോടെ മൂന്നു പീഡനക്കേസിലും രാഹുലിന് ജാമ്യമായി.

ENGLISH SUMMARY:

The High Court has granted anticipatory bail to Rahul Mankootathil in the first rape case. This brings relief in the initial case, and with this, Rahul now has bail in all the cases filed against him. The court directed him to appear before the investigation team on the 16th of this month. The court also allowed investigators to question him for three days and instructed him to produce his mobile phone.