ഇരുമ്പിനെ തല്ലി മെരുക്കുന്ന കൊല്ലപ്പണിക്കിടെ ചിത്രങ്ങൾ വരച്ചാൽ എങ്ങനെയിരിക്കും. അതും കന്മഷിയും കരിക്കട്ടയും ഉപയോഗിച്ച്. കണ്ണൂർ ചപ്പാരപ്പടവിലെ രവിയുടെ ആലയിലെത്തിയാൽ ചുമരിൽ നിറയെ ചിത്രങ്ങളാണ്. കൊല്ലപ്പണിക്കിടെയിലെ ചിത്രരചനയാണ് രവിയുടെ പ്രധാന വിനോദം.
ഇരുമ്പിനെ ചുട്ട് പഴുപ്പിച്ച്, അടിച്ച് പരത്തി ആയുധങ്ങൾ ആക്കാൻ മാത്രമല്ല ചപ്പാരപ്പടവ് സ്വദേശി രവിക്ക് അറിയാവുന്നത്. നല്ല ഒന്നാന്തരം ചിത്രരചനയും രവിക്ക് വഴങ്ങും. ചിത്രങ്ങൾ വിരിയുന്ന ക്യാൻവാസ് ആകട്ടെ ആലയുടെ ചുമരും. കൊല്ലപ്പണിക്കിടയിലെ ചിത്രരചന മാത്രമല്ല, അതിനുപയോഗിക്കുന്ന ചായവും കൗതുകമാണ്. ആലയ്ക്ക് അന്യമല്ലാത്ത കരിക്കട്ടയും, കരി ഓയിലും, കണ്മഷിയും. കാലങ്ങളായി ആലയുടെ ചുമരിൽ സുന്ദര ചിത്രങ്ങളായാണ് ഇവയ്ക്ക് സ്ഥാനം. ആലക്കുള്ളിലെ കലാകാരന്റെ പക്കൽ ചിത്രരചന മാത്രമല്ല പാട്ടുമുണ്ട്. ചുട്ടുപൊള്ളുന്ന കനലിൽ ആയുധങ്ങൾ കടഞ്ഞെടുക്കാനെത്തുന്നവർക്ക് രവിയും , രവിയുടെ ചിത്രങ്ങളും കൗതുകമാണ്.