ചിത്രത്തിന് കടപ്പാട്: facebook.com/sreeramanvk
‘ആകയാലും പ്രിയരേ, സുപ്രഭാതം...’ എല്ലാ ദിവസവും നടന്‍ വി.കെ.ശ്രീരാമന്‍റെ ഫെയ്സ്ബുക്ക് ഫോളോവേഴ്സും ആരാധകരും എന്നും രാവിലെ കാത്തിരിക്കുന്ന വാചകമാണ്. അതിനൊപ്പമുള്ള ചെറുകുറിപ്പിലാണ് എല്ലാവരുടെയും കണ്ണ്. അടിമുടി നര്‍മം ചാര്‍ത്തിയ സാമൂഹികവിമര്‍ശനമാകും പലതും. പൊള്ളത്തരങ്ങളും പൊങ്ങച്ചങ്ങളും പുല്ലുപോലെ പൊളിച്ചെഴുതുന്ന വല്ലൊത്തൊരു മനുഷ്യന്‍. അദ്ദേഹത്തിന്‍റെ ഇന്നത്തെ ഗുഡ്മോണിങ് പോസ്റ്റും അതിനൊപ്പമുള്ള ചിത്രവും ഒരുപാട് പേര്‍ നെഞ്ചോടുചേര്‍ത്തു.
ചെറുപ്പക്കാരനായ ഒരു ക്രിസ്ത്യന്‍ പാതിരിയെ പിതാവിനെപ്പോലെ ചേര്‍ത്തണച്ച് നില്‍ക്കുന്ന ചിത്രമാണ് ശ്രീരാമന്‍ പങ്കിട്ടത്. വാല്‍സല്യവും സ്നേഹവും കരുതലും എല്ലാം തിളങ്ങിനില്‍ക്കുന്ന മുഖം ‘വസിഷ്ഠനെപ്പോലുണ്ട്’ എന്ന നന്ദിനി മേനോന്‍റെ പാതി സറ്റയര്‍ കമന്‍റ് അച്ചട്ടാണ്. ആ വാല്‍സല്യം നുകരുന്ന മകന്‍റെ ഭാവമാണ് യാക്കോബ് അച്ചന്‍റെ മുഖത്ത്. ഇരുവരും തമ്മില്‍ നടത്തിയ സംഭാഷണത്തിന്‍റേതെന്ന് കരുതാവുന്ന വാചകങ്ങള്‍ കൂടി ചേരുമ്പോഴാണ് ശ്രീരാമന്‍റെ പോസ്റ്റ് പൂര്‍ണമാകുന്നത്.
‘തെറ്റു ചെയ്യുന്നവരോട് പൊറുക്കുന്നതിനു പകരം അവരുടെ നേരെ കൊലവിളിച്ചെത്തുന്നതുകൊണ്ടെന്തു കാര്യം? ലോകത്തെവിടെയും പാപം നിറയുന്നു സീരാമേട്ടാ, പാപം നിറയുന്നു..’ – ശ്രീരാമനെ കണ്ട യാക്കോബ് അച്ചന്‍ അദ്ദേഹത്തോട് പറഞ്ഞ വാക്കുകളാണിതെന്നാണ് പോസ്റ്റിലെ ഫീല്‍. അതിന് ശ്രീരാമന്‍ നല്‍കിയ മറുപടിയാണ് തുടര്‍ഭാഗം. ‘ദുർബ്ബലനാവരുത്. ശരിയെന്നും തെറ്റെന്നും ഇല്ല. കിഴക്കെന്നും പടിഞ്ഞാറെന്നുമില്ല. മേലെയെന്നും താഴെയെന്നുമില്ല. പാപമെന്നും പുണ്യമെന്നുമില്ല. നമ്മുടെ നിലപാടാണ് കർമ്മത്തേയും ദിക്കിനെയുമെല്ലാം രണ്ടായി കാണുന്നത്. ആകയാൽ അദ്വൈതത്തിലേക്കു വരിക. അഹം ബ്രഹ്മാസ്മി, തത്വമസി മുതലയായ സൂത്രവാക്യങ്ങൾ ഉരുവിടുക.’ ‘അതുകേട്ട് പാതിരിക്ക് ചിരിവന്നു’ എന്നാണ് അവസാന വാചകം. ‘ആകയാലും പ്രിയരേ, സുപ്രഭാതം.’
ചിത്രത്തിന് കടപ്പാട്: facebook.com/sreeramanvk
പോസ്റ്റ് കണ്ട യാക്കോബ് അച്ചന്‍ ഞെട്ടിയെന്നുതന്നെ പറയാം. ‘ഈ സ്നേഹാലിംഗനത്തിന് പിന്നിൽ ഇത്രയും അർത്ഥതലങ്ങൾ ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നന്ദിയുണ്ട് ശ്രീരാമേട്ടാ...’ ഇതായിരുന്നു അച്ചന്‍റെ കമന്‍റ്. ‘സ്നേഹത്തിന് പല അർത്ഥതലങ്ങളുമുണ്ട്’ എന്ന് എഴുത്തുകാരന്‍ മറുപടിയും നല്‍കി. അച്ചനോട് അസൂയ പൂണ്ട് ഇതുപോലൊരു ആലിംഗനം ആവശ്യപ്പെട്ട് ഉമേഷ് മേനോനെപ്പോലെ ചിലരും രംഗത്തുവന്നിട്ടുണ്ട്. ശ്രീരാമന്‍റെ പോസ്റ്റ് കണ്ട് എഴുത്തുകാരി ശാരദക്കുട്ടിയുടെ ട്രോള്‍ ഇങ്ങനെ – ‘മലയപർവ്വതത്തിൽ ചന്ദനവള്ളിയെന്ന പോലെ കണ്വന്‍റെ മാറിൽ ശകുന്തള എന്നോ മറ്റോ കാളിദാസ് ജയറാമാണോ എഴുതിയത്?’ ‘പോലേ’ കൊയ്‌ല യാണത് എഴുതിയത് എന്നായിരുന്നു അതിന് എഴുത്തുകാരന്‍റെ മറുട്രോള്‍.
ശ്രീരാമന്‍റെ ഹ്യൂമര്‍ സെന്‍സ് ഒരു പോസിറ്റിവ് പകര്‍ച്ചവ്യാധി പോലെയാണെന്ന് ആ കമന്‍റ് ബോക്സ് തെളിയിക്കും. സ്ഥിരം മറുപടികള്‍ക്കപ്പുറം നല്ല പൊളിറ്റിക്കല്‍ സറ്റയറും സാമൂഹിക വിമര്‍ശനവുമെല്ലാം ചുരുക്കം വാക്കുകളില്‍ വിതറിപ്പോകുന്ന ഒരുപാട് ഫോളോവേഴ്സിനെ അവിടെ കാണാം. ശ്രീരാമന്‍ റോസ്റ്റിങ് പോലും അവിടെ നടത്തുന്നവരുണ്ട്. പക്ഷേ ഫെയ്‍സ്ബുക്കിനെ കുപ്രസിദ്ധമാക്കിയ അതിരുവിട്ട തെറിവിളികളില്ല, അനാവശ്യപരാമര്‍ശങ്ങളില്ല, ആക്ഷേപങ്ങളും അധികമില്ല. മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും... എന്ന പഴഞ്ചൊല്ലുപോലെയാണ് അവിടം. അത് കുളമാക്കാന്‍ ചിലരൊക്കെ ശ്രമിക്കാറുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. അതങ്ങനെ കിടക്കട്ടെ. മാള്‍ട്ടിയും താരമ്മയും കൂട്ടുകാരുമെല്ലാം അവിടം സ്വര്‍ഗമാക്കി തുടരട്ടെ.